കല്‍പ്പറ്റ: ട്രൈബല്‍ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം. മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കെതിരെ സമരപ്രഖ്യാപനവുമായിട്ടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസ്സുമായി ബന്ധപ്പെട്ടവരുമായി മന്ത്രിക്ക് ഇടപാട് ഉണ്ടെന്നുള്ള പ്രചരണം കൊഴുക്കുകയാണ്. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബത്തേരി ട്രൈബല്‍ ഓഫീസിനു മുന്നിലും തുടര്‍ന്ന് മാനന്തവാടി ട്രൈബല്‍ ഓഫീസിനു മുന്നിലും സമരം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത് മന്ത്രിക്കെതിരെ പ്രതികരിക്കുക എന്ന ലക്ഷ്യം വച്ചാണ്.
എസ്ടി പ്രമോട്ടര്‍മാരുടെ ലിസ്റ്റിലെ അപാകത പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് ഉപരോധിച്ചത്. മേയ് 31ന് കാലാവധി പൂര്‍ത്തിയാക്കിയ പ്രമോട്ടര്‍മാരുടെ ലിസ്റ്റിലേക്ക് ജൂണ്‍ ആറു മുതല്‍ പുതിയ ആളുകളെ നിയമിച്ചതില്‍ അനര്‍ഹരുണ്ടെന്നാണ് ആരോപണം.
മാനന്തവാടി എസ്.ഐ പി.എസ്. ശ്രീജേഷ് ടിഡിഒയുമായി നടത്തിയ ചര്‍ച്ചയില്‍ നിയമന ലിസ്റ്റ് ലഭ്യമാക്കുമെന്നും മാനദണ്ഡങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നുമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. നേരത്തെ മന്ത്രിയുടെ ഓഫീസില്‍ നിന്ന് മാറ്റിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയന്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരെ മന്ത്രിക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയാണെന്നാണ് മന്ത്രിയുമായി സഹകരിക്കുന്നവരുടെ പക്ഷം. കഴിഞ്ഞദിവസം അഡ്വ. ശ്രീകാന്ത് പട്ടയന്‍ ഭാര്യ ഡോ. ഷീജ എന്നിവര്‍ക്കെതിരെ ഡിഎംഒ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണെന്ന് കോണ്ഗ്രസ്സുകാര് വാദിക്കുന്നു. കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചു എന്നാണ് പരാതി. ഇതിനെതിരെ യൂത്ത് കോണ്ഗ്രസ്സുകാര് ഡിഎംഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഭരിക്കുന്ന കക്ഷിതന്നെ ഭരണത്തിനെതിരെ സ്ഥിരമായി രംഗത്തുവരുന്നത് മന്ത്രിയോടുള്ള അനിഷ്ടംമൂലമാണെന്ന് അഭിപ്രായമുയരുന്നു.
പിജി കോഴ്സിന് ചേരാന്‍ ഡിഎംഒയുടെ അനുമതി പത്രം വാങ്ങാന്‍ ഡോ. ഷീജ വെള്ളിയാഴ്ച ഓഫീസില്‍ എത്തിയപ്പോള്‍ അനുമതി പത്രം നല്‍കിയിരുന്നില്ല. 2012 നവംബറില്‍ അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന് കാണിച്ച് നല്കിയ നോട്ടീസിന് മറുപടി നല്‍കിയില്ലെന്ന് ആരോപിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡോ. ഷീജ ആരോപിച്ചു. ഇതോടെ ഷീജ ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഓഫീസില്‍ എത്തിയ ശ്രീകാന്ത് പട്ടയന്‍ ഡിഎംഒയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അനുമതി പത്രം നല്‍കിയത്. പിന്നീട് ഡിഎംഒ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനൗദ്യോഗിക വിവരമനുസരിച്ച്, പിജി കോഴ്സിന് ചേരാന്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ലെന്നും പനി, മഴക്കാല രോഗങ്ങള്‍ മൂലം തിരക്കിലായതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് അപേക്ഷ പരിഗണിക്കാമെന്നുമാണ് ഡിഎംഒ അറിയിച്ചത്. എന്നാല്‍ പട്ടയന്‍ എത്തി ഡിഎംഒയെ ഭീഷണിപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ഭാര്യ ഡോ. ഷീജയുടെ മാത്രം അനുമതി പത്രം വാങ്ങി പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇതിനെതിരെയാണ് ഡിഎംഒ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ഔദ്യോഗികപക്ഷം. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തു. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് മന്ത്രിയുടെ നിലനില്‍പ്പിന് ഭീഷണിയാവുകയാണ്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: