ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികരെ പ്രസരണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പ്ലാസ്റ്റിക് അടക്കമുള്ള ഭാരംകുറഞ്ഞ വസ്തുക്കള്‍ ഫലപ്രദമാണെന്ന് നാസാ. നാസയിലെ ശാസ്ത്രജ്ഞന്മാരാണ് ചാന്ദ്ര പര്യവേഷണത്തിന് ഉപയോഗിക്കുന്ന ലൂണാര്‍ റെക്കനയ്സെന്സ് ഓര്‍ബിറ്റര്‍ ശേഖരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ശാസ്ത്രലോകത്തെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ കണ്ടെത്തലെങ്ങവേഷകലോകം വിലയിരുത്തുന്നു.
ഏതൊരു മനുഷ്യന്റെയും ബഹിരാകാശയാത്രാ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന കണ്ടെത്തലാണ് ന്യൂഹാമ്പ്ഷയര്‍ സര്‍വ്വകലാശാലയിലെയും സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെയും ശാസ്ത്രജ്ഞര്‍ നടത്തിയത്.
നിലവില്‍ ബഹിരാകാശ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് അലുമിനിയം കൊണ്ടാണ്. പ്രസരണം തടയുന്നതിന് അലുമിനിയം ഒരു പരിധിവരെ ഫലപ്രദമാണെങ്കിലും ഇതില്‍ ഒരുപാട് അപാകതകള്‍ ഉണ്ട്. അലുമിനിയത്തിന്റെ ഭാരക്കൂടുതല്‍ പേടകങ്ങള്‍ വിക്ഷേപിക്കുന്ന പ്രക്രിയക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നാസ അലുമിനിയംകൊണ്ട് നിര്‍മ്മിച്ച ചൊവ്വാ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി പ്രസരണത്തിന്റെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. കോസ്മിക്ക് റേ ഉള്‍പ്പെടെയുള്ള വികിരണങ്ങള്‍ ബഹിരാകാശ പഠനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് ശാസ്ത്രലോകത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഇതുപോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം. ലൂണാര്‍ റെക്കനയ്സെന്സ് ഓര്‍ബിറ്ററില്‍ ടിഷ്യു ഇക്വലന്റ് പ്ലാസ്റ്റിക് എന്ന പദാര്‍ഥം ഉപയോഗിച്ച് നടത്തിയ പരീക്ഷണമാണ് പ്ലാസ്റ്റിക് പോലുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ അലുമിനിയത്തേക്കാള്‍ ഫലപ്രദമായി പ്രസരണത്തെ തടയുമെന്ന് കണ്ടെത്തിയത്. വളരെ ഉയര്‍ന്ന തോതില്‍ ഹൈഡ്രജന്‍ അടങ്ങിയ വസ്തുക്കളും പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാമെന്നും പഠനത്തെ അധീകരിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നു. ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ യാത്ര ഇതോടെ കൂടുതല്‍ സുരക്ഷിതമാകും. പ്ലാസ്റ്റിക്ക് ഉപയോഗം സാധ്യമാകുന്നതോടെ ബഹിരാകാശത്തേക്ക് ചെലവുകുറഞ്ഞ വിനോദയാത്രയ്ക്ക് പോകാമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: