മട്ടാഞ്ചേരി: ദക്ഷിണ നാവികസേനാ കേന്ദ്രങ്ങളില്‍ വെടിയേറ്റ് മരണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മുന്ന് വര്‍ഷത്തിനകം മൂന്ന് പേരാണ് വെടിയേറ്റ് മരണപ്പെട്ടത്. ഉന്നത പരിശീലന ഉദ്യോഗസ്ഥര്‍ മുതല്‍ ശിപായിവരെ വെടിയേറ്റ് മരണപ്പെടുമ്പോള്‍ സ്വയം വെടിയേറ്റ് മരണം എന്നാണ് നാവികസേനാകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. പ്രാദേശിക പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പലപ്പോഴും അന്വേഷണറിപ്പോര്ട്ടുകള് വെളിച്ചത്ത് വരാത്തത് നാവികസേനാ ജീവനക്കാര്‍ക്കൊപ്പം ജനങ്ങളിലും ആശങ്കയുണര്‍ത്തുന്നുണ്ട്. 2010, 2012 വര്‍ഷങ്ങളില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് വെടിയേറ്റ് മരണം നടന്നതെങ്കില്‍ 2013ലിത് ദക്ഷിണനാവികസേനാ ആസ്ഥാനത്താണ് സംഭവിച്ചിരിക്കുന്നത്.
ദക്ഷിണനാവികസേനാ കേന്ദ്രത്തിലെ റിയര്‍ അഡ്മിറല്‍ 51 വയസ്സുള്ള സുത്യേന്ദ്രസിംഗ് ജാംബവാലാണ് 2010 ജൂലായ് 7ന് വെടിവെച്ച് ആത്മഹത്യ ചെയ്തത്. രാവിലെ 10ന് നാവിക സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് ജാംബവാള്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതെന്നായിരുന്നു വിശദീകരണം. ജമ്മുകാശ്മീര്‍ സ്വദേശിയായ ജാംബവാള്‍ കുടുംബസമേതം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. പ്രമോഷന് ലഭ്യതയ്ക്ക് ഒരു മാസം മുമ്പാണ് ജാംബവാള്‍ മരണപ്പെട്ടത്. കൊച്ചിയില്‍ തന്നെ ശവസംസ്ക്കാരം നടന്ന ജാംബവാളിന്റെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പോലീസും, നാവികസേനാപോലീസും അന്വേഷണ ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തു.
2012 ഒക്ടോബര്‍ 21നാണ് ഐഎന്‍എസ് ദ്രോണാചാര്യയില്‍ വെച്ച് ക്യൂക്ക് റെസ്ക്യൂ സംഘം സബ്ലഫ്റ്റനന്റ് അരുണ്‍കുമാര്‍ 27 വയസ്സ് വെടിയേറ്റ് മരണപ്പെട്ടത്. സേനാംഗങ്ങള്‍ മുറിയിലുള്ളപ്പോള്‍ രാവിലെ 10 നാണ് അരുണ്‍കുമാര്‍ വെടിവെച്ച് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഈ സംഭവത്തിന്റെ അന്വേഷണവും എങ്ങുമെത്താതെ മറയുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് സ്ഥാനക്കയറ്റം നേടിയ അരുണ്‍കുമാറില്‍നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചതായി വാര്‍ത്തയുണ്ടായെങ്കിലും പിന്നീട് ഇതിനെക്കുറിച്ചും വിശദീകരണമുണ്ടായില്ല.
ഐഎന്‍എസ് ദ്രോണാചര്യയില്‍ നടന്ന രണ്ടു വെടിയേറ്റ് ആത്മഹത്യ മരണങ്ങളും പകല്വെളിച്ചത്തായിരുന്നുവെങ്കില് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് സ്റ്റോര്ഡിപ്പോയില് ഡ്യൂട്ടിയിലുള്ള ശിപായി രാധ (48)യുടെ മരണം രാത്രിയിലായിരുന്നു. വെടിയേറ്റ് മരണങ്ങള് ആത്മഹത്യയാക്കികൊണ്ട് നാവികസേന വിശദീകരണകുറിപ്പും ഇറക്കിയിട്ടുണ്ട്. രാധയുടെ മരണത്തെക്കുറിച്ച് നാവികസേനാ-സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ റിപ്പോര്‍ട്ടും സമാനഗതിയിലായിരിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. രാജ്യസുരക്ഷാ സേനാകേന്ദ്രങ്ങളില്‍ വെടിയേറ്റ് ആത്മഹത്യകള്‍ തുടക്കഥകളാകുമ്പോള് ജനങ്ങള്‍ക്കിത് ചര്‍ച്ചാവിഷയവും, വിശ്വാസ്യതയുടെയും സംഭവങ്ങളായാണ് മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: