പെരുമ്പാവൂര്‍: അഗ്നിബാധകള്‍ തുടര്‍ക്കഥയായ പെരുമ്പാവൂരില്‍ ഫയര്‍ഫോഴ്സിന് പുതിയ വാഹനം ലഭിച്ചു. ഇപ്പോള്‍ ഇവിടെ രണ്ട് യൂണിറ്റുകളായി. ചൊവ്വാഴ്ച പെരുമ്പാവൂരില്‍ 4 സ്ഥാപനങ്ങള്‍ തീപിടുത്തത്തില്‍ കത്തിനശിച്ച് മണിക്കുറുകള്‍ കഴിഞ്ഞപ്പോഴേക്കും പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സിന് വാഹനം സ്വന്തമായി ലഭിച്ചു എന്നതാണ് ആശ്ചര്യമെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ നാളുകളായി പ്രദേശവാസികളും വ്യാപാരി വ്യവസായികളും ഉന്നയിക്കുന്ന ആവശ്യമാണ് കുറച്ചെങ്കിലും യാഥാര്‍ത്ഥ്യമായത്.
മൂന്ന് യൂണിറ്റുകള്‍ ഉണ്ടായിരുന്ന പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ ഒരു യൂണിറ്റ് മാത്രമാണ് ഇപ്പോള്‍ ഉള്ളത്. നിലവിലുണ്ടായിരുന്ന യൂണിറ്റിന് 4500 ലിറ്റര്‍ വെള്ളം സംഭരണത്തിനുള്ള ശേഷിയാണുള്ളത്. പുതിയ വാഹനത്തില്‍ 7000 ലിറ്ററിന്റെ സംഭരണ ശേഷിയാണുള്ളത്. അഗ്നിബാധ പ്രദേശങ്ങളില്‍ ഒരേസമയം തീയണക്കുന്നതിനും വെള്ളം ശേഖരിക്കുന്നതിനുമുള്ള സംവിധാനം പുതിയ വാഹനത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ് ഇപ്പോഴും പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സില്‍ തുടരുകയാണ്. 24 ഫയര്മാന്മാരുടെ സേവനം ആവശ്യമുള്ള ഇവിടെ നിലവില്‍ 12 പേരാണുള്ളത്. 7 ഫയര്‍ ഡ്രൈവര്‍മാരുടെ തസ്തികയില്‍ ഒരൊഴിവ് നികത്തുവാനുണ്ട്. ഒയു യുഡി ക്ലാര്‍ക്ക് ഇവിടെയുണ്ടെങ്കിലും ഇദ്ദേഹം എറണാകുളം സെക്ഷന്‍ ഓഫീസിലാണ് ജോലി നോക്കി വരുന്നത്. നിലവില്‍ ജോലിയിലുള്ള പലരും സ്ഥിരം ലീവാണെന്നും പറയുന്നു.
കഴിഞ്ഞ ദിവസം തീപിടുത്തത്തിനിടയില്‍ വെള്ളം തീര്‍ന്നുപോയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പോഞ്ഞാശ്ശേരിയിലും കാഞ്ഞിരക്കാടും ഒരേ സമയം കാറ്റില്‍ മരം വീണപ്പോള്‍ പോഞ്ഞാശ്ശേരിയില്‍ മാത്രം എത്തുന്നതിനാണ് ഫയര്‍ഫോഴ്സിന് സാധിച്ചത്. പെരുമ്പാവൂരിലെ രാഷ്ട്രീയ ചരടുവലിയാണ് ഇത്തരം ദുരവസ്ഥക്ക് കാരണമെന്നും പുതിയ വാഹനം വന്നതോടെ അവകാശവാദവുമായി പല നേതാക്കളും രംഗത്ത് വരുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: