ബര്‍മിംഘാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ പാക്കിസ്ഥാന് 235 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. 97 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളോടെ 81 റണ്‍സെടുത്ത ഹാഷിം ആംലയാണ് ടോപ്സ്കോറര്‍. ആംലക്ക് പുറമെ ഡിവില്ലിയേഴ്സ് 31 റണ്‍സും ഡുമ്നി 24 റണ്‍സും ഇന്‍ഗ്രാം 20 റണ്‍സുമെടുത്തു. നാല് താരങ്ങള്‍ റണ്ണൗട്ടായതാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് വിഭിന്നമായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഇന്‍ഗ്രാമും ആംലയും ചേര്‍ന്ന് ടീമിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 റണ്‍സെടുത്ത ഇന്‍ഗ്രാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ഹഫീസാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് ആംലയും ഡുപ്ലെസിസും ചേര്‍ന്ന് സ്കോര്‍ 122-ല്‍ എത്തിച്ചു. എന്നാല്‍ 40 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഡുപ്ലെസിസിനെ മുഹമ്മദ് ഇന്‍ഫാന്‍ ഷൊഐബ് മാലിക്കിന്റെ കൈകളിലെത്തിച്ചതോടെ രണ്ടാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. പിന്നീട് അധികം വൈകാതെ ആംലയും മടങ്ങി. 81 റണ്‍സെടുത്ത ആംലയെ സയീദ് അജ്മല്‍ മുഹമ്മദ് ഹഫീസിന്റെ കൈകളിലെത്തിച്ചു. സ്കോര്‍: 3ന് 145. തുടര്‍ന്ന് ഡിവില്ലിയേഴ്സും ഡുമ്നിയും ചേര്‍ന്ന് സ്കോര്‍ 40.5 ഓവറില്‍ 186-ല്‍ എത്തിച്ചു. എന്നാല്‍ 31 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. സ്കോര്‍ 195-ല്‍ എത്തിയപ്പോള്‍ ഡുമ്നിയും 203-ല്‍ എത്തിയപ്പോള്‍ 4 റണ്‍സെടുത്ത മക്ലാരനും മടങ്ങി. പിന്നീട് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കഴിയാതിരുന്നതോടെ സ്കോര്‍ 234 റണ്‍സിലൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: