കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തിന് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അനുവദിച്ച തസ്തികകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വി.ഡി.സതീശന് എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ പകര്‍ച്ച പനി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൃക്കാക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികില്‍സ വിഭാഗം സുസജ്ജമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനവും ബോധവല്‍ക്കരണവും ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. കുന്നത്തുനാട് മണ്ഡലത്തിലെ അവലോകനയോഗം വി.പി.സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പറവൂരില്‍ കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പനി വരാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി ഏതു സമയത്തും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതിന് നടപടി എടുത്തിട്ടുണ്ടെന്നും സതീശന് പറഞ്ഞു. ഈ സമയത്ത് അവധി എടുക്കുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം ആരോഗ്യ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും പകര്‍ച്ചപ്പനിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട്. ഉറവിട മാലിന്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കൊതുക് നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഫോഗിങ്ങ് ഉള്‍പ്പടെയുള്ള അടിയന്തിര നടപടികള്‍ ശക്തമായി തുടരാനും യോഗം തീരുമാനിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശുചിത്വഫണ്ട് വിനിയോഗത്തില്‍ വീഴ്ച വരുത്തിയതിനാല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കും.
പറവൂര്‍ താലൂക്ക് ആശുപത്രിയിലെ താല്കാലിക കാന്റീന് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കാന്റീന് നടത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ രോഗികള്‍ക്ക് ചുക്ക് കാപ്പിയും, സ്നാക്സും വിതരണം ചെയ്യും. സ്ഥിരം കാന്റീന് പണിയുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: