സോള്‍: ഒരു ചെറിയ ഇടവേളയ്ക്കുശേഷം കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് അയവുവരുത്തി ഉത്തര- ദക്ഷിണ കൊറിയകള്‍ സമാധാനത്തിന്റെ പാതയില്‍ തിരിച്ചെത്തുന്നു.
രണ്ടു വര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അരങ്ങൊരുങ്ങി. അടുത്തയാഴ്ച്ചത്തെ ക്യാബിനറ്റ് മന്ത്രിതല ചര്‍ച്ചകള്‍ക്കു മുന്നോടിയായി രണ്ടു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ അതിര്‍ത്തിയിലെ പാന്‍മുന്‍ജോന്‍ ഗ്രാമത്തില്‍ ഇന്ന് പ്രാഥമിക യോഗം ചേരും. ക്യാബിനറ്റ് മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയ്ക്ക് പശ്ചാത്തലമൊരുക്കുകയാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യം.
ഫെബ്രുവരിയില്‍ ഉത്തരകൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയതോടെയായിരുന്നു മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായത്. ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധങ്ങള്‍ അമേരിക്ക കടുപ്പിച്ചു. ദക്ഷിണ കൊറിയ- യുഎസ് സംയുക്ത സൈനികാഭ്യാസവും ഉത്തര കൊറിയയെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയ ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്ലൈന്‍ ബന്ധം വിച്ഛേദിച്ചു. കീസോങ്ങിലെ സംയുക്ത വ്യാവസായിക മേഖല അടച്ചുപൂട്ടിയ ഉത്തര കൊറിയന്‍ നടപടിയും പ്രശ്നം വഷളാക്കിയിരുന്നു. എന്നാല്‍ ഹോട്ട് ലൈന്‍ ബന്ധം പുനസ്ഥാപിച്ച ഉത്തര കൊറിയ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് വ്യക്തമാക്കിയതോടെ മഞ്ഞുരുകലിന് സാധ്യത തെളിഞ്ഞു. ഉത്തര കൊറിയയുടെ നിര്‍ദേശത്തോട് ദക്ഷിണ കൊറിയയുടെ സൗഹാര്‍ദപരമായ പ്രതികരണവും ചര്‍ച്ചയ്ക്ക് വഴിതെളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: