സാധാരണയായി പട്ടാള ക്യാമ്പുകള്‍ക്ക് ചില സ്ഥിരം മുഖങ്ങളുണ്ട്. സായുധരായ സുരക്ഷാ ഭടന്മാര്, കുമ്മായംകൊണ്ട് ട്രാക്ക് വരച്ച മുറ്റവും മൈതാനവും, ആള്‍പ്പൊക്കത്തില്‍ കുമ്മായം തേച്ച വൃക്ഷങ്ങള്‍ എന്നിങ്ങനെ…! എന്നാല്‍ ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു പട്ടാള ക്യാമ്പുണ്ട്. ഇവിടെ നാം കാണുന്നത് നട്ടുനനച്ച് വളര്‍ത്തിയെടുത്ത ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍. ഒരു സീനിയര്‍ സൈനിക ഓഫീസറുടെ സ്വപ്നപദ്ധതി! തിരുവനന്തപുരത്ത് പാങ്ങോട് സൈനിക ക്യാമ്പാണ് പ്രദേശം.
ലഫ്.കേണല്‍ ജോണ്‍ ജേക്കബ് 1967 ലാണ് കരസൈന്യത്തില്‍ ചേര്‍ന്നത്. അദ്ദേഹം 1971 ലെ ബംഗ്ലാദേശ് വിമോചന പോരാട്ടക്കാലത്ത് പശ്ചിമ മേഖലയില്‍ യുദ്ധം ചെയ്തു. ആ യുദ്ധത്തില്‍ അദ്ദേഹം വിജയം കണ്ട സൈനികനായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തില്‍ അദ്ദേഹത്തെ തേടി നിരവധി ബഹുമതികളാണ് തിരുവനന്തപുരത്തെത്തിച്ചേര്ന്നത്. കാര്‍ഗില്‍ നിന്ന് പദാം വരെ ഒരു ബദല്‍ സഞ്ചാരമാര്‍ഗം കണ്ടെത്താനുള്ള പ്രയത്നം അതിലൊരു കാരണമായിരുന്നു. അത് 120 കിലോമീറ്റര്‍ നീണ്ട ഒരു റൂട്ടായിരുന്നു. 12,000 മുതല്‍ 16,000 അടി വരെയായിരുന്നു സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം.
മുപ്പത്തിയഞ്ചു ദിവസങ്ങള്‍ നീണ്ട ദൗത്യം. ജോണും സംഘവും ദിവസങ്ങളോളം അരയ്ക്കൊപ്പം മഞ്ഞില്‍ പുതഞ്ഞു നടന്നു. ഊഷ്മാവാകട്ടെ പലപ്പോഴും മൈനസ് നാലിനും മൈനസ് അഞ്ചിനും ഇടയ്ക്ക് ഒളിച്ചു കളിച്ചു. തികച്ചും പ്രതികൂലമായ സാഹചര്യമായിട്ടും ജോണ്‍ ജേക്കബും സംഘവും തങ്ങളുടെ ദൗത്യം വിജയത്തിലെത്തിച്ചു.
ലഫ്.കേണല്‍ ജോണ്‍ ജേക്കബ് തിരുവനന്തപുരത്തെ പാങ്ങോട് ആര്‍മി സ്റ്റേഷനില്‍ സ്റ്റേഷന് സ്റ്റാഫ് ഓഫീസര്‍ പദവിയില്‍ 1986 ലാണ് ചുമതലയേറ്റത്. സിവിലിയന്‍ അധികൃതരുമായി ഔദ്യോഗിക സമ്പര്‍ക്കം പുലര്‍ത്തേണ്ട ചുമതല ജോണ്‍ ജേക്കബിനായിരുന്നു. ശ്രീലങ്കയിലേക്ക് ഭാരതത്തിന്റെ സമാധാന പരിപാലന സൈന്യം (ഐപികെഎഫ്) പോകുന്ന കാലമായിരുന്നു അത്. ഐപികെഎഫിന്റെ സൈനിക നീക്കങ്ങളുടെ ചുമതല (ലോജിസ്റ്റിക്സ്) ജേക്കബിനായിരുന്നു.
ആ കാലത്ത് സൈന്യത്തിന്റേതായി പാങ്ങോടുണ്ടായിരുന്ന 360 ഏക്കര്‍ ഭൂമി തികച്ചും തരിശായിരുന്നു. കൂടാതെ അവിടെനിന്നും പത്തൊന്‍പത് കിലോമീറ്റര്‍ അകലെ മുക്കൂന്നി മലയില്‍ 37 ഏക്കര്‍ വേറെ. മുക്കൂന്നി മല ഒരു കാലത്ത് റിസര്‍വ് വനമായിരുന്നു. തീര്‍ത്തും നിബിഡമായ വനം. എന്നാല്‍ സൈന്യത്തിന് കൈമാറുന്നതിന് മുന്‍പ് സംസ്ഥാന അധികൃതര്‍ അവിടെയുള്ള മരങ്ങള്‍ മുറിച്ച് തരിശാക്കിക്കഴിഞ്ഞിരുന്നു. ആ സ്ഥലം എന്നന്നേയ്ക്കുമായി തരിശായി കിടക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് ജോണ്‍ ജേക്കബിന് തോന്നി. അദ്ദേഹം അവിടെ സ്വപ്നം കണ്ടത് വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു കാനനമായിരുന്നു.
ഇന്നവിടെ കാണുന്ന വൃക്ഷ സമ്പത്ത് ആ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. ആയാസമേറിയ ആ ദൗത്യത്തിന് അദ്ദേഹം കൈത്താങ്ങായത് സോഷ്യല്‍ ഫോറസ്റ്ററി വകുപ്പ്, തദ്ദേശ സ്വയംഭരണധികാരികള്, ജവഹര്‍ റോസ്ഗാര്‍ യോജന എന്നീ സ്ഥാപനങ്ങളായിരുന്നു. ആ പദ്ധതിയ്ക്കായി പ്രവര്‍ത്തിച്ച 300 ഓളം പേര്‍ക്ക് അദ്ദേഹം ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തി. അവര്‍ക്ക് വേതനം നല്‍കിയത് ജവഹര്‍ റോസ്ഗാര്‍ യോജനയും വനം വകുപ്പും.
ഐപികെഎഫിന് വേണ്ടി ഓടാന്‍ തുടങ്ങുന്നതിന് മുന്‍പ് ആരംഭ മെയിലേജ് ഉപയോഗത്തിന് (ഇനീഷ്യല്‍ മെയിലേജ് യൂട്ടിലൈസേഷന്‍) വേണ്ടി കാത്തുനിന്നിരുന്ന 60 മിലിട്ടറി വാഹനങ്ങള്‍ ജോണ്‍ ജേക്കബ് തന്റെ ഹരിത ദൗത്യത്തിനായി ഉപയോഗിച്ചു. ഫലമോ? നാലുമാസത്തിനുള്ളില്‍ ആറ് ലക്ഷം വൃക്ഷത്തൈകള്‍ നടാനായി. ഒരുകാലത്ത് തരിശായി കിടന്നിരുന്ന ആ പ്രദേശം ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നത് അവിസ്മരണീയമായ പ്രകൃതി സൗന്ദര്യമാണ്. പരിസരത്തുള്ള കിണറുകള്‍ ജലസമൃദ്ധമായി. അന്തരീക്ഷ ഊഷ്മാവ് താഴ്ന്നു. മഴ കൂടി. കന്നുകാലികള്‍ക്ക് കൂടുതല്‍ തീറ്റി കിട്ടിത്തുടങ്ങി. സമീപ പ്രദേശത്തെ ദരിദ്രര്‍ക്ക് പാകം ചെയ്യാനുള്ള വിറക് കിട്ടാന്‍ തുടങ്ങി. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് മനോഹരമായ വന പ്രദേശം! പാങ്ങോട് സൈനിക ക്യാമ്പ് തിരുവനന്തപുരം നഗരത്തില്‍നിന്ന് ഏഴോ എട്ടോ കിലോമീറ്റര്‍ ദൂരെയാണ്. വൃക്ഷത്തൈകള്‍ നടുന്നതില്‍ ജേക്കബ് ശാസ്ത്രീയമായ ഒരു അനുപാതം നിലനിര്‍ത്തി. അതായത് “ഒരു തടി വൃക്ഷത്തിന് 25 അന്യവൃക്ഷങ്ങള്‍”.
തന്റെ ജന്മദേശമായ മൂന്നാര്‍ എന്ന സ്വര്‍ഗീയ ഭൂമിയിലെ വൃക്ഷലതാദികളും ജീവജാലങ്ങളും ജേക്കബിനെ കാര്യമായി സ്വാധീനിച്ചിരുന്നു. ലക്കും ലഗാനുമില്ലാത്ത വനനശീകരണം നടന്നിട്ടും മൂന്നാര്‍ ഇന്നും വൃക്ഷ സമ്പത്താല്‍ മൂടപ്പെട്ടതാണ്. സ്വാഭാവികമായും വനം വൃക്ഷങ്ങള്‍, വൃക്ഷത്തൈകള്‍, വൃക്ഷത്തൈകള്‍ നടുന്നതിലെ കല എന്നിവയില്‍ അദ്ദേഹത്തിന് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. അതില്‍ പുതിയ വനസൃഷ്ടിക്ക് വേണ്ടി അദ്ദേഹം തന്റെ സ്വന്തം ബുദ്ധിയും അറിവും ഉപയോഗിച്ചു. അതുകൊണ്ടുതന്നെ അവിടെ എല്ലാ ഇനത്തിലും പെട്ട വൃക്ഷങ്ങള്‍ നട്ടിരിക്കുന്നു. പൂക്കുന്ന വൃക്ഷങ്ങള്‍, മുള, അക്കേഷ്യ, തേക്ക്, മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങള്‍..! നെല്‍ വയലും അവിടെ സാന്നിദ്ധ്യമറിയിക്കുന്നു. കൂടാതെ പാങ്ങോടില്‍ ജേക്കബ് എട്ട് ഏക്കറോളം വരുന്ന ഒരു കുളവും സൃഷ്ടിച്ചു. അവിടെ സദാ സമൃദ്ധമായ ജലം സമീപത്തുള്ള കിണറുകളെ ജല സമൃദ്ധമാക്കുന്നു.
ഇതില്‍ നിന്നെല്ലാം ഒന്ന് വ്യക്തം. സൈനികര്‍ യോദ്ധാക്കള്‍ മാത്രമല്ല, വേണ്ടിവന്നാല്‍ ഹരിത ഭൂമി സൃഷ്ടാക്കളാകാനും അവര്‍ക്ക് സാധിയ്ക്കും.
ടി.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: