ഇപ്പോള്‍ എല്ലാം ശ്രേഷ്ഠതയുടെ കാലമാണല്ലോ. ഭാഷയ്ക്കും ആ പദവി കൈവന്നിരിക്കുന്നു. എന്താണ് ശ്രേഷ്ഠതയുടെ മാനദണ്ഡം? കുറെ ഐഎഎസ്- ചരിത്ര-ഗവേഷണ പടുക്കള്‍ അവരുടെ ഇച്ഛക്കൊത്ത് ഉണ്ടാക്കി വെച്ചിരിക്കുന്ന മൂശയിലേക്ക് ഭാഷയെ ഉരുക്കിയൊഴിച്ച ശേഷമുള്ള അവസ്ഥയോ? അതല്ല ആ പേരില്‍ കോടികള്‍ തരപ്പെടുത്താനുള്ള വഴികള്‍ സുഗമമായി കണ്ടുപിടിക്കലോ? ഏതായാലും ഒരു കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ചിലര്‍ ആക്ഷേപിക്കും പോലെ ഏതെങ്കിലും ചാത്തന്റെയും പോത്തന്റെയും ഭാഷയല്ല നമ്മുടെ മലയാണ്മ. അതിന് ശ്രേഷ്ഠത മുന്നേയുണ്ട്. ആയത് മനസ്സിലാക്കാനും അതനുസരിച്ച് ജീവിത രീതികളും പെരുമാറ്റവും പരുവപ്പെടുത്തിയെടുക്കാനും നമുക്ക് സാധിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ആരൊക്കെയോ എന്തിന്റെയൊക്കെയോ വെളിച്ചത്തില്‍ ശ്രേഷ്ഠത്വം നല്ല ഉഷാറ് കൂട്ടാന്‍ കൂട്ടി വെട്ടിവിഴുങ്ങാന്‍ തയാറെടുക്കുന്നു.
നല്ല മലയാളത്തില്‍, ക്ഷമിക്കണം ശ്രേഷ്ഠമലയാളത്തില്‍ അമ്മ എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്ന അമ്മയ്ക്കും അച്ഛനും കോപംവരും. എന്താകാരണം? തള്ള എന്നും തന്ത എന്നും ഉശിരുള്ള നല്ല മലയാളം സംസാരിച്ചാല്‍ അത് പുലഭ്യമാണെന്ന കാഴ്ചപ്പാടാണ് സമൂഹത്തില്‍ ഉള്ളത്. അപ്പോ, ശ്രേഷ്ഠമലയാളത്തിന്റെ പേരില്‍ തേരാപാരാ നടക്കുന്ന സകലയാളുകള്‍ക്കും പത്തു ചക്രം ചുമ്മാ കിടയ്ക്കുമെങ്കില്‍ അത് നല്ലതല്ലേ എന്നാണ് ചോദ്യം. അതിനുത്തരം പറയും മുമ്പ് നമ്മുടെ ബാലചന്ദ്രന് ചിലതു പറഞ്ഞിട്ടുണ്ട്. അതേന്ന്, നമ്മുടെ ബാലന്. പോക്കുവെയിലിലെ നായകന്, കവി. കാരുണ്യത്തിന്റെ മഹാമൗനം വാക്കിലും നോക്കിലും ഒളിപ്പിച്ചുവെച്ച പ്രിയപ്പെട്ട മലയാളി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്ന വരിഷ്ഠകവി രചിച്ച കൃഷ്ണപക്ഷം എന്ന കവിതാസമാഹാരം പുറത്തിറക്കവെ ആയിരുന്നു ബാലന്റെ ചാട്ടുളി പ്രയോഗം കൂര്ത്തുവന്നത്. കോഴിക്കോട്ടായിരുന്നു ചടങ്ങ്. അതിങ്ങനെ: മലയാളം ഉള്‍പ്പെടെ ശ്രേഷ്ഠപദവിയുള്ള പല ഭാഷകള്‍ക്കും ശ്രേഷ്ഠത്വം ഉള്ളതായി വിശ്വസിക്കുന്നില്ല. ഒരു ഭാഷ ശ്രേഷ്ഠമാകുന്നത് പഴക്കം കൊണ്ടു മാത്രമല്ല. ശ്രേഷ്ഠങ്ങളായ വികാരങ്ങളും വിചാരങ്ങളും ആവിഷ്കരിക്കാന്‍ ഭാഷയ്ക്കു കഴിയണം. മലയാള ഭാഷയ്ക്കു നിരവധി പരിമിതികളുണ്ട്. അക്കാര്യത്തില്‍ നാം ലജ്ജിക്കേണ്ട കാര്യമില്ല. എസ്കിമോകള്‍ക്ക് ഐസിനെക്കുറിച്ചു പറയാന്‍ 32 വാക്കുകളുണ്ട്. അത് അവരുടെ വ്യത്യസ്തമായ അനുഭവമാണ്. അത്തരം അനുഭവങ്ങള്‍ ഉറകൂടിയുണ്ടാവുന്നതാണ് ഭാഷ. നല്ല ഉടുപ്പും സൗന്ദര്യവും ഉണ്ടെന്നു കരുതി നല്ല ഭാഷ സംസാരിച്ചുകൊള്ളണമെന്നില്ല. പാടത്ത് ചേറിലും ചെളിയിലും പണിയെടുക്കുന്നു എന്നു വെച്ച് അവന്റെ ഭാഷ മോശമാവണമെന്നുമില്ല. ഇവിടെ വായനക്കാര്‍ക്ക് അതിലെ വൈരുദ്ധ്യവും വൈചിത്ര്യവും നന്നായി മനസ്സിലാക്കാന്‍ കഴിയും.
ഇനി, ശ്രേഷ്ഠഭാഷയിലേക്ക് അധികൃത ധാര്‍ഷ്ട്യത്തെ മയപ്പെടുത്തിക്കൊണ്ടുപോയി കാര്യം നേടിയ ചരിത്രകാരന് എംജിഎസ് നാരായണന് പറയുന്നതും കൂടി കേള്‍ക്കുക: ദുരുപദിഷ്ടമായ ഒരു നീക്കമാണ് ശ്രേഷ്ഠഭാഷാപദവിയുടെ കാര്യത്തിലുമുണ്ടായത്. ഭാരതം പോലെ ഒരു വിശാല രാജ്യത്തിലെ ചില ഭാഷകളെ ശ്രേഷ്ഠഭാഷകളെന്നും മറ്റുള്ളവയെ നികൃഷ്ഠഭാഷകളെന്നും തരംതിരിച്ചു കാണുന്ന സമ്പ്രദായം അനാരോഗ്യകരമാണ്. എന്നു മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. എന്നിട്ടും ഈ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നത്. സംസ്കൃതത്തോടൊപ്പം തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ക്കും പിന്നീട് ബഹളമുണ്ടായപ്പോള്‍ തമിഴിനും ശ്രേഷ്ഠഭാഷാപദവി നല്കി. അതിന്റെ കൂടെ സമ്മാനമായി നൂറുകോടി രൂപ നല്‍കുമെന്ന വാഗ്ദാനവുമുണ്ടായി.
വളര്‍ച്ചനേടി ശ്രേഷ്ഠഭാഷാ പദവിയിലെത്തിയ ഭാഷയ്ക്ക് വീണ്ടും കോടികള്‍ നല്കുന്നതിനെക്കാള് ആവശ്യമായത് വളര്‍ച്ചയെത്താത്ത ഭാഷകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും. എന്നാല്‍ നമ്മള് അങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കില്ലെന്ന് വ്യക്തം. മലയാളം ശ്രേഷ്ഠഭാഷയാണെന്ന് ആദ്യം അനുഭവിച്ചറിയേണ്ടത് മലയാളികളാണ്. ഇന്നും വിദ്യാഭ്യാസരംഗത്ത് രണ്ടാനമ്മയുടെ മക്കളുടെ ഗതിയാണ് മലയാളത്തിന്. ഒരുത്തരവിലെ പത്തിരുപത് അക്ഷരങ്ങളിലൂടെ ആ വികലത്വം നീക്കം ചെയ്യാന്‍ പോലും കഴിയാത്തവര്‍ക്ക് ശ്രേഷ്ഠഭാഷയുടെ പേരില്‍ അഹങ്കരിക്കാന്‍ അവകാശമുണ്ടോ? മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ (ജൂണ്‍ 9-15) ഏഴു പേജില്‍ എം.ജി.എസിന്റെ ചുക്കുകഷായം ചൂടായിത്തന്നെ കിടക്കുന്നു. ശ്രേഷ്ഠഭാഷയെന്ന് കേട്ട് പനി പിടിച്ചവര്‍ക്കും അങ്ങനെ പനി വരാതെകിടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പഥ്യത്തോടെ കുടിക്കാം.
ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തില്‍ എത്ര വെട്ടുകള്‍ ഉണ്ടായിരുന്നു, എങ്ങനെയാണ് വെട്ടിയത്, വെട്ടിയ ഉടനെ എന്തു സംഭവിച്ചു എന്നു തുടങ്ങി ലേഖനങ്ങളും കവിതകളും നാടകങ്ങളും എന്നുവേണ്ട സകല കോലാഹലങ്ങളും ഇപ്പോഴും അരങ്ങ് തകര്‍ക്കുന്നു. നേരത്തെ ജയകൃഷ്ണന് എന്ന അധ്യാപകനെ ക്ലാസ് മുറിയില്‍ പട്ടാപ്പകല്‍ കൊത്തിനുറുക്കിയപ്പോള്‍ രണ്ടു ദിവസത്തില്‍ അപ്പുറത്തേക്ക് പോയില്ല വ്യാഖ്യാന ഭേദങ്ങള്‍. ഇപ്പോള്‍ അതേ സ്കൂളില്‍, ജയകൃഷ്ണനെ വെട്ടിയരിഞ്ഞ അച്ചാരുപറമ്പത്ത് പ്രദീപന് പിടിഎ അധ്യക്ഷനാണ്. അവിടത്തെ അധ്യാപകരുടെ നിര്‍ബന്ധമാണത്രേ പ്രദീപനെ പിടിഎ പ്രസിഡന്റ് പദത്തിലെത്തിച്ചത്. അതെന്തോ ആകട്ടെ. സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ മാധ്യമ സിന്റിക്കേറ്റ് (ചന്ദ്രികയുടെ പുതുപ്രയോഗം മാധ്യമമാഫിയ എന്നാണ്) ഭംഗിയായി ടി.പി. വധം കൈകാര്യം ചെയ്യുന്നു. എന്നാല്‍ ഗ്രൂപ്പ് പോരിന്റെ പാരമ്യത്തില്‍ തൃശൂരില്‍ 40 കാരനായ മധു ഈച്ചരത്ത് വെട്ടേറ്റ് മരിച്ച വാര്‍ത്ത എല്ലാവരും മറന്നു. കവിതയില്ല, കഥയില്ല, മുഖപ്രസംഗമില്ല. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠത്വം കൈവന്നതുകൊണ്ട് അമ്മാതിരി മ്ലേച്ഛത്തം വേണ്ടെന്നു കരുതിയതാവാം; നല്ലത്. എന്നാലും മാധ്യമ സിന്റിക്കേറ്റേ ഇങ്ങനെയൊന്നും ആവരുത്. വെട്ടിന്റെ രാഷ്ട്രീയത്തില്‍ കയറിപ്പിടിക്കരുത്, ജീവന്റെ തുടിപ്പ് വേണം നിലനിര്‍ത്താന്‍.
സര്‍വശിക്ഷാ അഭിയാന്, കോഴിക്കോട് മനോഹരമായ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. പേര് സഹജം. പരമ്പരാഗതമായി കിട്ടിയത് എന്ന് പറയാം. കോഴിക്കോട് ജില്ലയിലെ ജൈവവൈവിധ്യമാണ് പ്രതിപാദന വിഷയം. ജില്ലാ ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥതയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക്. ചില പച്ചക്കറികളുടെ സ്വത്വം അറിഞ്ഞാല്‍ അത് മനുഷ്യത്വത്തേക്കാള്‍ മികച്ചതെന്ന് നമുക്ക് മനസ്സിലാവും. ഇതിലെ മറ്റൊരു പ്രധാന വശം ജില്ലയിലെ കുട്ടികള്‍ തന്നെയാണ് ചെടിവര്‍ഗങ്ങളും മറ്റും കണ്ടെത്തിയത് എന്നതാണ്. അവര്‍ക്ക് നിര്‍ദ്ദേശവും ഉപദേശവുമായി മുതിര്‍ന്നവരുമുണ്ടായി എന്നു മാത്രം. ബി.ആര്.സി തല ശില്‍പ്പശാലകള്‍ അതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു.
തൊട്ടുകൂട്ടാന്‍
ഒറ്റുകാരന്റെ
മുഖമില്ലാത്ത മന്ദസ്മിതവുമായ്
ദൂരെയൊരാള്‍ മാറിയിരിക്കുന്നു;
അകത്താണോ പുറത്താണോ?
പണ്ടൊരിക്കല്‍ കള്ളനും
പിന്നീട് കവിയുമായവനാകണം!
ഒ.പി. സുരേഷ്
കവിത: മാനിഷാദ
മാധ്യമം ആഴ്ചപ്പതിപ്പ് (ജൂണ്‍ 10)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: