മഴക്കൂട്…. അങ്ങനെയൊന്ന് മുമ്പു കേട്ടിട്ടില്ല. പിന്നെ എന്തുകൊണ്ട് അങ്ങനെ വിളിക്കാന്‍ തോന്നി അതിനെ?
ഒരു കൂരിയാറ്റക്കൂടുപോലെ തോന്നിച്ചു അത്. മേഘത്തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു കൂട്. അതിന്റെ തൂങ്ങിയ വാലില്നിന്നിറ്റു വീഴുന്ന നീര്‍ത്തുള്ളികള്‍…
കാറ്റിന്റെ ഗതിക്കൊപ്പിച്ച് ആടുന്ന വൃക്ഷത്തലപ്പുകളില്‍ ആ കൂട് ഊയലാടി.
കണ്ണുചുഴറ്റി ചുറ്റും നോക്കുമ്പോള്‍ കണ്ടൂ, ഒട്ടേറെ മഴക്കൂടുകള്‍. മഴ പെയ്യുന്നു, മരങ്ങള്‍ പെയ്യുന്നു, മഴക്കൂടുകള്‍ പെയ്യുന്നു. അപൂര്‍വ സുന്ദരമായ്രുന്നൂ
ആ കാഴ്ച…..
മഴനനയാതിരിക്കാന്‍ മേഘങ്ങള്‍ ഓടിപ്പോകുന്നതു കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും, ഒരു മരത്തണല്‍ തേടി?
കൗതുകകരമാണത്. ആകാശത്ത് മഴപെരുത്തപ്പോള്
ഭൂമിയിലെങ്ങാനൊരു താവളം കിട്ടുമോ എന്നറിയാന്‍ ഉഴറിയോടും പോലെ അവ മലയിറങ്ങിവന്നു.
മരക്കൂട്ടങ്ങള്‍ക്കു മേലേക്കൂടി ഇത്തിരി ഇടവെട്ടത്തിലേക്ക് മേഘത്തുണ്ടുകള്‍ ഇറങ്ങി ഊറുന്നതു കണ്ടപ്പോള്‍ ഊറിച്ചിരിച്ചുപോയി.
ഇവിടെ ഇങ്ങനെയാണെങ്കില്‍ കൊടും കാട്ടിലെ കളികള്‍ എന്തൊക്കെയായിരിക്കും….. വിസ്മയിച്ചു പോയി.
ആകാശത്ത് ആനക്കൂട്ടങ്ങള്‍ മദമിളകിയോടും പോലെ… വടക്കാഞ്ചേരിയില്‍നിന്ന് വണ്ടി തിരിച്ച് ഓട്ടുപാറ പിന്നിട്ട് അകമലക്കടുത്തെത്തുമ്പോള് മഴക്കൂടുകളും ആകാശ ത്തെ കോട്ടകളും മറ്റും മറ്റും കണ്ട് റോഡുവക്കത്ത് ഇത്തിരി നേരം നില്ക്കാന് തോന്നി. ആനമേഘങ്ങളുടെ തള്ളിക്കയറ്റം നോക്കി നില്‍ക്കെ വളവു തിരിഞ്ഞു വരുന്ന നീണ്ട ഹോണ്‍ ശബ്ദം ശ്രദ്ധ വിളിച്ചു.
കൂറ്റന്‍ ലോറിയില്‍ കൂച്ചുവിലങ്ങണിഞ്ഞു നില്ക്കുന്ന കൊമ്പന് ചെവിയാട്ടിച്ചിരിക്കുന്നു; ഒരു കൊടും കുറ്റവാളിയെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്ന പ്രതീതി.
ചന്നംപിന്നം പെയ്യുന്ന മഴയിലും അവനു കൂസലൊന്നുമില്ല. വൈലോപ്പിള്ളിയേയും ‘സഹ്യന്റെ മകനേ’യും ഓര്‍ത്തുപോയി….
അവന്റെ കണ്ണുകള്‍ ഇടത്തോ വലത്തോ തിരിയരുതേ എന്നു പ്രാര്‍ത്ഥിച്ചു.
മഴച്ചാറ്റലും വനഭംഗിയും കൂടിയാകുമ്പോള്‍ അവന് താന്‍ വനാന്തര്ഭാഗത്തെവിടെയോ ആണെന്നെങ്ങാനും തോന്നിപ്പോയാലോ…
നറും തണുപ്പില്‍ തന്റെ കൂട്ടുകാരിയുമൊത്ത് ഉല്ലസിക്കുന്നതോ ഉല്ലസിച്ചിരുന്നതോ മനസില്‍ മുളച്ചാല്‍…..
ആനയെ കയറ്റി ആക്രോശിക്കുന്ന യന്ത്രക്കൂറ്റന്റെ ഗതിയെന്താകും….
ആനക്കരുത്തിനേയും വളയത്തിലൊതുക്കുന്ന മനുഷ്യശേഷിയുടെ കഥയെന്താകും……
ആകാശത്ത് കാളിദാസമേഘങ്ങള് ‘സാനുവില്‍ തിണ്ടുകുത്തിക്കളിക്കുക’യാണിപ്പോള്‍…. കൗതുകം കൂറിപ്പോയി.
മഴകനത്തു….
പെട്ടെന്നാണ് സുന്ദരി പിണങ്ങിക്കലമ്പുന്നത്.
അടക്കം പറഞ്ഞ് കാതും മനസും കുളിര്പ്പിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് പ്രേയസി കലഹപ്പെടുംപോലെ…..
വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു….
ഇടത്തേക്കു പാളിനോക്കുമ്പോള്‍ കേരള കലാമണ്ഡലത്തിലേക്ക് ദൂരം ആറു കിലോ മീറ്റര്‍ എന്ന് അടയാളം.
കഥകളിയും വള്ളത്തോളും മറ്റും ആകാശത്തു നിരന്നു. ഇടശ്ശേരിയുടെ ‘കറുത്ത ചെട്ടിച്ചികള്’ മഴ വില്ക്കാന് വന്നുകൊണ്ടിരിക്കുന്നു-അറിയാതെ മൂളിപ്പോയി…
“എത്തീ കിഴക്കന്‍ മലകടന്നിന്നലെ
ഇത്തീര ഭൂവില്‍ കറുത്ത ചെട്ടിച്ചികള്….”
തലേന്നാടിയ വേഷം മുഴുവന്‍ അഴിക്കും മുമ്പേ ഉറങ്ങിപ്പോയ കളിക്കാരന് ഉറക്കച്ചടവോടെ ഉണര്‍ന്നതുപോലെ
ആകാശവും മഴക്കൂടും കാടും…..
വീണ്ടും കളിയുണ്ടെന്നോര്മിപ്പിക്കുന്ന കേളികൊട്ടായി അകലെനിന്ന് ഇടിമുഴക്കം…. കളിവിളക്കുകൊളുത്തുംമട്ടില് കൂട്ടിനു മിന്നല്‍ പിണരും.
കഥ നളചരിതം മൂന്നാം ദിവസം …. ‘
‘അമുത്രമത്ര കാന്താരം,
അനര്‍ത്ഥ ഗര്ത്തേ വീണാളേ….
അപത്രപിച്ചിടേണ്ടാ ഞാനോ
വനത്തില്‍ മേവുന്നാണാളേ…”
ഉണ്ണായിയുടെ ഭാഷയഴിക്കാന് ഇ.ആറിന്റെ ‘കാന്താര താരകം’ കൂട്ടായി വരുന്നു….
നളനു രൂപം മാറാനുള്ള ഉത്തരീയം നെയ്യുകയാണോ എന്നു തോന്നിപ്പോയീ- മഴനൂലുകള്‍ ഊടും പാവുമായി ആകാശ ത്തുനിന്നു വീണുകൊണ്ടിരിക്കുകയാണ്.
ശ്ലോകത്തില്‍ കഴിക്കാന്‍ വാര്യരും ഹൈദരാലിയും കഥാന്ത്യത്തില്‍ ഒരുമിക്കുന്നതുപോലെ ആ ‘അശരീരി’ കേട്ടുവോ??? “ആത്താനന്ദാതിരേകം
പ്രിയതമരുചിരാകാംക്ഷിതാലോകലാഭാല്
കാല്ത്താര് കുമ്പിട്ടീവണ്ണം
കളമൊഴി പറയും വാക്കു കേട്ടോരു നേരം,
ആസ്ഥായാം സ്വൈരിണീ സംഗമ
കലുഷ ലവാപാ ചികീര്ഷുസഎതദാനീം
ആസ്ഥാം കൈവിട്ടു നില്ക്കും
നളനൊരു മൊഴി കേള്ക്കായിതാകാശ മദ്ധ്യേ”…..
ഒരു പെരമഴക്കരച്ചിലായിരുന്നു മനസ്സില്‍ ഹൈദരാലിയുടെ വിയോഗ വാര്‍ത്ത ഉണ്ടാക്കിയത്.
ബലിക്കാക്കകളുടെ കരച്ചില് പോലെയായിരുന്നു അന്ന് ടെലിവിഷന്‍ വാര്‍ത്തകളില്‍ ഹൈദരാലിയുടെ മരണ വാര്‍ത്ത തോന്നിച്ചത്……
അജിത ഹരേ കൃഷ്ണാ….. മുഴങ്ങുന്നതുപോലെ….
മഴ മറച്ചുകൊണ്ടുവന്ന കെട്ടിടത്തിന്റെ ബോര്‍ഡു വായിച്ച് ഉള്ളില്‍ ചിരിപൊന്തി- ‘മസില് ടെക്’….
കലാമണ്ഡലത്തിനു സമീപത്ത് കായികാഭ്യാസത്തിനും ഒരു കൂത്തുപുര!!
മഴയത്ത് സ്കൂളിലേക്കും മദ്രസയിലേക്കും കുടചൂടിപ്പോകുന്ന കുട്ടികള്‍…. തലയിലെ തട്ടം ചിലര്‍ക്കു തുണയാകുന്നു….
‘കാല്‍പിടിച്ചവനെ രക്ഷിക്കാനപര്യാപ്തമായവനെ’ക്കുറിച്ചെഴുതിയ വള്ളത്തോളിന്റെ ‘മഴയത്തൊരു നടത്തം’ ഓര്‍മ്മയില്‍ തള്ളിവന്നു.
മഴമേഘം മുകളില്‍ കണ്ടാല്‍ മഴവില്‍ഭംഗി നിരത്തിലാണിന്ന്- കുടകളുടെ വര്‍ണോത്സവം…..
ശീലക്കുട കാണാനില്ലെന്ന പരാതികള്‍ അകമ്പടിയും….
അത്രയകലത്തല്ലാതെ ‘നാണ്വാരു’ടെ ചിരികേള്ക്കുന്നതുപാലെ…. പയ്യന്റെ പഴയ ഡല്‍ഹി ദര്‍ബാറുകളും…. നമ്പ്യാരുടെ മിഴാവൊലിയും തുള്ളല്‍ താളവും
വികെഎന്നിന്റെ അസുരവാണിയും തിരുവില്വാമലമുകളില്നിന്നുള്ള പ്രക്ഷേപണം കൊണ്ടാവാം കാറ്റിനൊപ്പം ഒഴുകിവരുന്നതുപോലെ….
ഐവര്‍മഠത്തിലെ അദ്ധ്യാത്മവിദ്യാലയക്കോണിലിരുന്ന് സാഹിത്യ നായകന്മാരും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും കൂടിയാലോചിക്കുകയാവണം…. മഴയത്തെ വെടിവട്ടം….
കാലംചെന്ന ബന്ധുക്കള്‍ക്ക് തിലോദകമര്പ്പിക്കാന് വന്നവര്‍ക്ക് നല്കാന് ഇറ്റു വെള്ളമില്ലാതിരുന്ന ആ ദിവസങ്ങളില്‍ പൊട്ടിക്കരഞ്ഞുപോയ നിളയെക്കുറിച്ച്, നാടിന്റെ നാഡിയായിരുന്ന പുഴയെക്കുറിച്ച്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്, മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച്, ആഗോള താപനത്തെക്കുറിച്ച്…….
മണല്‍ലോറികള്‍ക്ക് വിലക്കു വന്നതോടെ മണലൂറ്റുകാര്‍ തലച്ചുമടായി കള്ളമണല്‍ കടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ആത്മാക്കള്‍ രണ്ടുതട്ടിലായിട്ടുണ്ടാവും-തൊഴിലാളികള്‍ക്കും ജീവിക്കേണ്ടേ? നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടെ? അങ്ങനെയങ്ങനെ….
ഇപ്പോള്‍ നിളയിലൂടെ കുത്തിയൊലിച്ചു പോകുന്ന മഴവെള്ളം കടലില്‍ വീണ് ഉപ്പുവെള്ളമായി പാഴായി പോകുന്നതിനെക്കുറിച്ച്, മഴക്കുഴികളുടെ പ്രചാരണവും മഴ സംഭരണികള്‍ നിര്‍മ്മിക്കണമെന്നു ജനങ്ങളെ നിര്‍ബന്ധിച്ച് പിന്നെ മറ്റൊരു ഉത്തരവിലൂടെ അതു വേണ്ടെന്നു പറയുന്ന ഭരണക്കാരുടെ തുഗ്ലക് പരിഷ്കാരങ്ങളെക്കുറിച്ച്…..
അക്കൂട്ടത്തിലിരിക്കെ വൈലോപ്പിള്ളിക്ക് തന്റെ പഴയ ജലസേചനമെന്ന കവിതയിലെ വരികള്‍ ‘ബുദ്ബുദം’ പോലെ പൊങ്ങിവന്നു കാണും.
“നീറിടും ഉര്വിതന് ജീവനം കൊണ്ടുപോയ്
നീ വെറും ഉപ്പില്‍ കലക്കുമെന്നോ…..” എന്നു ക്ഷുഭിതനായി കാളിന്ദിയോടു കയര്‍ക്കുന്ന ആദ്യ കര്‍ഷകനായ ബലരാമനെക്കൊണ്ടു പണ്ടു പാടിച്ച ആ വരികള്‍ മൂളിപ്പോയിക്കാണണം വൈലോപ്പിള്ളി….
ഒരു കടലിരമ്പം കേള്‍ക്കുന്നതു പോലെ…. അല്ല, ഭാരതപ്പുഴയുടെ പൊട്ടിച്ചിരിയാണ്. ചെറുതുരുത്തിക്കും ഷൊര്‍ണൂരിനും ഇടയിലൂടെ പൊട്ടിച്ചിരിച്ചു പാഞ്ഞൊഴുകുകയാണ് നിള. യൗവനത്തുടിപ്പിന്റെ ചുവപ്പോ ദാര്‍ശനിക പ്രഭയുറ്റ കാവിയോ-എന്താണവളുടെ ഉടുപ്പിന്റെ നിറമെന്ന് ഒന്നു ശങ്കിച്ചുപോയി. ഇരുകരയും തൊട്ടൊഴുകുകയാണ് നിള.
മാസങ്ങള്‍ക്കു മുമ്പ് പുതിയ കൊച്ചിപ്പാലത്തിനു മേലേ നിന്നു നോക്കുമ്പോള്‍ കണ്ണീരുറവപോലും വറ്റിക്കിടന്നിരുന്നു; മരുപ്പറമ്പുപോലെ…
പൊന്നാനിക്കാരന് കവിയുടെ ‘കുറ്റിപ്പുറം പാല’ത്തിലെത്തിപ്പോയി മനസ്…. ‘
‘ഇനിയും നിളേ നീ നുരച്ചു പൊന്തും
ഇനിയും തടം തല്ലിപ്പാഞ്ഞണയും.
ചിരിവരുന്നുണ്ടതു ചിന്തിക്കുമ്പോള്‍,
ഇനി നീയിപ്പാലത്തില് നാട്ട നൂഴും…” (കുറ്റിപ്പുറം പാലം, ഇടശ്ശേരി).
കവിയുടെ ദീര്‍ഘ ദര്‍ശനം, അതിനും മേലേ പ്രകൃതിയുടെ വികൃതി….
മഴ-പുഴ-മലയാളി….
ഒരു പൂമരക്കൊമ്പ് പുഴയിലൂടെ ഒഴുകിപ്പോകുന്നു; നിറയെ പൂക്കളുമായി….
ചമ്രവട്ടത്ത് ശാസ്താവിന് സ്വയം അര്ച്ചനാപുഷ്പമാകാനുള്ള അവസരമായതറിഞ്ഞിട്ടാവാം…
മഴത്തുള്ളികളോരോന്നും ഉതിര്‍ക്കുന്നത്
ഓരോരോ മനത്തോന്നലുകളാണല്ലോ…..
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: