തൃപ്പൂണിത്തുറ: ചോറ്റാനിക്കര ടൗണില്‍ പൊതു കാനകള്‍ മണ്ണിട്ട് മൂടിയ നടപടി പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം ആയിരുന്നില്ലെന്നത് വ്യാഴാഴ്ച ചേര്‍ന്ന കമ്മറ്റി യോഗത്തില്‍ വിവാദമായി. കാന മണ്ണിട്ട് മൂടിയ സംഭവം പഞ്ചായത്ത് ഭരണസമിതിയിലും ഭിന്നിപ്പിന് കാരണമായിട്ടുണ്ട്.
പിഡബ്ല്യുഡി പൊതുകാന മൂടിയ മണ്ണ് നീക്കം ചെയ്യാന്‍ തൊഴിലാളികളെ വേണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഉച്ചക്ക് വൈസ് പ്രസിഡന്റ് രമണി ജനകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ കാനമൂടിയ നടപടി ചോദ്യം ചെയ്ത് രംഗത്തുവന്നത്.
പഞ്ചായത്ത് കമ്മറ്റിയോഗം കാന മൂടുന്ന കാര്യം ചര്‍ച്ച നടത്തുകയോ തീരുമാനിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഇരുപക്ഷത്തേയും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് സെക്രട്ടറി എടുത്ത നടപടിയുടെ ഉത്തരവാദിത്വം പഞ്ചായത്ത് കമ്മറ്റിക്കില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
ഇതോടെ ആര്‍ഡിഒയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ കൂടിയ പഞ്ചായത്ത് കമ്മറ്റിയംഗം അസാധുവാക്കി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് രമണി ജനകന് യോഗം അവസാനിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലത ഭാസി, ഏലിയാസ് ജോണ്‍, വത്സമ്മ മാത്യു, ജോണ്സണ് തോമസ്, വിശ്വനാഥന് മനോഹരന് എന്നിവരും സംസാരിച്ചു.
അതേസമയം, ഹൈക്കോടതി ഉത്തരവ് പ്രകാരം കാന മൂടിയ മണ്ണ് വ്യാഴാഴ്ചയും നീക്കം ചെയ്യാനായിട്ടില്ല. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: