കാസര്‍കോട്: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ദല്‍ഹി പോലീസ് ശ്രീശാന്തിനെ തെരഞ്ഞുപിടിച്ച് അക്രമിക്കുമ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) കൈക്കൊണ്ട നിലപാട് വിമര്‍ശിക്കപ്പെടുന്നു. സംഘടിത തീവ്രവാദ കുറ്റകൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോക്ക നിയമം അന്യായമായി ചാര്‍ത്തി ശ്രീശാന്തിന് സ്വാഭാവിക നീതി നിഷേധിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ കെസിഎ തയ്യാറാകാത്തത് സംശയത്തിന് ഇട നല്‍കിയിരുന്നു. ശ്രീശാന്തിനെ വേട്ടയാടുന്നവര്‍ക്ക് സഹായകരമാകുന്ന കെസിഎയുടെ നിലപാടിനെതിരെ പ്രതിഷേധമുയരുന്ന ഘട്ടത്തില്‍ പ്രസ്താവന നടത്തി മുഖം രക്ഷിക്കാനാണ് ഇപ്പോള്‍ ഭാരവാഹികളുടെ ശ്രമം. മോക്ക നിയമം ചുമത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശ്രീശാന്ത് ശിക്ഷിക്കപ്പെടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെസിഎ പ്രസിഡണ്ട് ടി.സി.മാത്യു പ്രസ്താവനയില്‍ പറഞ്ഞു. ഒത്തുകളി വിവാദത്തിന്റെ തുടക്കത്തില്‍ ദല്‍ഹി പോലീസിന്റെ നടപടികളെ ശക്തമായി പിന്തുണച്ച് ശ്രീശാന്തിനെതിരെ കെസിഎ രംഗത്തുവന്നിരുന്നു.
ദല്‍ഹി പോലീസ് ശ്രീശാന്തിനെ വേട്ടയാടുന്നതിന് പിന്നില്‍ കെസിഎയുടെ നിലപാടും നിര്‍ണായകമായിട്ടുണ്ട്. പോലീസ് നീക്കങ്ങളില്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ കെസിഎ ക്ലീന്‍ ചീറ്റ് നല്‍കുകയാണ് ചെയ്തത്. പോലീസിന്റെ നടപടിയില്‍ യാതൊരുവിധ സംശയവും തോന്നേണ്ടതില്ലെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്നുമായിരുന്നു കെസിഎ പ്രസിഡണ്ട് ടി.സി.മാത്യുവിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസ് മോക്ക നിയമം ചുമത്തിയത്.
പൊതുസമൂഹത്തിന്റേയും കെസിഎയുടേയും പിന്തുണ ലഭിക്കാതെ ശ്രീശാന്ത് തീര്‍ത്തും ഒറ്റപ്പെട്ടതോടെ ദല്‍ഹി പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. ആറ് കേന്ദ്രമന്ത്രിമാര്‍ ദല്ഹിയിലുണ്ടായിട്ടും അര്‍ഹിക്കുന്ന നീതി പോലും ശ്രീശാന്തിന് ലഭ്യമാക്കാന്‍ കെസിഎ ശ്രമിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. എന്നാല്‍ ശ്രീനിവാസനെതിരായ ആരോപണത്തില്‍ മറ്റ് അസോസിയേഷനുകള്‍ രംഗത്തെത്തിയെങ്കിലും കെസിഎ തന്ത്രപരമായ മൗനത്തിലായിരുന്നു. ഇപ്പോള്‍ ശ്രീശാന്തിനെതിരെ നടക്കുന്ന പോലീസ് വേട്ടയാടലില്‍ ഉയരുന്ന പ്രതിഷേധം തങ്ങള്‍ക്ക് എതിരാകുമെന്ന ഘട്ടമെത്തിയപ്പോള്‍ രണ്ട് പ്രതിനിധികളെ തീഹാര്‍ ജയിലില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കാന്‍ അയച്ചിരിക്കുകയാണ് ബോര്‍ഡ്.
കെഎസിയുടെ നടപടിയില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഒരു ബോര്‍ഡ് അംഗം തന്നെ പ്രതികരിച്ചത്. കെസിഎയിലെ ചില പ്രമുഖരുമായി ശ്രീശാന്ത് ഉടക്കിലായിരുന്നു. സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ താത്പര്യങ്ങള്‍ക്ക് ശ്രീശാന്ത് വഴങ്ങിയില്ലെന്നതായിരുന്നു കാരണം. എന്നാല്‍ കളിക്കളത്തിലെ ചൂടന്‍ പെരുമാറ്റങ്ങളിലൂടെ മോശം പ്രതിഛായ സൃഷ്ടിച്ചിരുന്ന ശ്രീശാന്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. തങ്ങളുടെ സഹായം കൊണ്ടാണ് ടീമിലെത്തിയതെന്ന് ചിലര്‍ അവകാശമുന്നയിച്ചപ്പോഴും ശ്രീശാന്ത് തള്ളി. ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്ന ശ്രീശാന്തിനെ അവിടെ വെച്ച് സംഘടനയിലെ ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ശ്രീശാന്ത് കാണാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് ശ്രീശാന്തിനെതിരെ ഇവര്‍ നിരന്തര പ്രചാരണവും നടത്തിയിരുന്നു. കെസിഎ പ്രതിനിധി പറയുന്നു.
ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും കെസിഎ ശക്തമായ നിലപാടെടുക്കാതെ പിന്നോട്ടുപോയി. അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി ഹര്‍ഭജന്‍സിംഗിനെതിരെ നടപടിക്ക് ബിസിസിയോട് ആവശ്യപ്പെടുകയായിരുന്നു കെസിഎ അന്ന് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവന് കിട്ടേണ്ടത് കിട്ടി എന്ന നിലപാടായിരുന്നു പലര്‍ക്കും. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും അപമാനം നേരിടേണ്ടി വരുന്നുവെന്ന് ശ്രീശാന്ത് പരാതിപ്പെട്ടപ്പോഴും കെസിഎ ഗൗരവത്തിലെടുത്തില്ല. അഴിമതിയുടെ സിരാകേന്ദ്രമായി മാറിയിരിക്കുന്ന കെസിഎയില്‍ വിജിലന്‍സ് അന്വേഷണങ്ങളുടെ മേളമാണ്. പ്രസിഡണ്ട് ടി.സി.മാത്യു തന്നെ മൂന്ന് അഴിമതിക്കേസുകളിലാണ് അന്വേഷണം നേരിടുന്നത്. ഇടക്കൊച്ചി സ്റ്റേഡിയത്തിന് ഭൂമി വാങ്ങിയത്, എറണാകുളം സ്റ്റേഡിയം മോടി പിടിപ്പിച്ചതിലെ ക്രമക്കേട്, തൊടുപുഴയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് എന്നിവയില്‍ ആരോപണ വിധേയനാണ് പ്രസിഡണ്ട്. ശ്രീനിവാസനെ എതിര്‍ക്കുകയും ശ്രീനിവാസന് തന്നെ ചുമതലയില്‍ തുടരുകയും ചെയ്താല്‍ പിന്നീട് കെസിഎയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ക്കറിയാം.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: