കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 243 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ദിനേശ് കാര്‍ത്തിക്കിന്റെയും നായകന്റെ പ്രകടനം കാഴ്ചവെച്ച മഹേന്ദ്രസിംഗ് ധോണിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ദിനേശ്കാര്‍ത്തിക് 146 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ധോണി 91 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ധോണിയും കാര്‍ത്തികും ചേര്‍ന്ന് നേടിയ 211 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 23.3 ഓവറില്‍ വെറും 65 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവും അഞ്ച് ഓവറില്‍ 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ഇഷാന്ത് ശര്‍മ്മയുമാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. 23 റണ്‍സെടുത്ത വോഗ്സാണ് ഒാസീസ് നിരയിലെ ടോപ് സ്കോറര്‍. വോഗ്സിന് പുറമെ 14 റണ്‍സെടുത്ത ഹ്യൂഗ്സ് മാത്രമാണ് രണ്ടക്കം പിന്നിട്ട ബാറ്റ്സ്മാന്‍. ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോറാണിത്. 1986-ല്‍ അഡ്ലെയ്ഡില്‍ ന്യൂസിലാന്റിനെതിരെയും 1977-ല്‍ ബര്‍മിംഘാമില്‍ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയ 70 റണ്‍സിന് പുറത്തായിരുന്നു. ഈ റെക്കോര്‍ഡാണ് ഓസ്ട്രേലിയ തിരുത്തിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ധോണിയുടെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ നടത്തിയത്. ശ്രീലങ്കക്കെതിരായ ആദ്യ സന്നാഹമത്സരത്തിലെന്ന പോലെ ഇവിടെയും ഓപ്പണര്‍മാര്‍ വീണ്ടും പരാജയപ്പെട്ടു.
സ്കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത മുരളി വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ വിരാട് കോഹ്ലിക്കും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത കോഹ്ലിയും പുറത്തായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യുവെയ്ഡിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും അതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതിരുന്ന സുരേഷ് റെയ്നയെയും നഷ്ടമായതോടെ ഇന്ത്യ നാലിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി. രോഹിത് ശര്‍മ്മയെയും റെയ്നയെയും മക്കായി ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സ്കോര്‍ 55 റണ്‍സിലെത്തിയപ്പോള്‍ 17 റണ്‍സെടുത്ത ശിഖര്‍ ധവാനെയും ഇന്ത്യക്ക് നഷ്ടമായി. 17 റണ്‍സെടുത്ത ധവാനെ മിച്ചല്‍ ജോണ്‍സണ്‍ മക്കായിയുടെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യ അഞ്ചിന് 55 എന്ന നിലയിലായി. തുടര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കൂട്ടുകെട്ട് പിറന്നത്. കാര്‍ത്തികിനൊപ്പം ഒത്തുചേര്‍ന്ന ധോണി ഇന്ത്യയെ മുന്നോട്ടുനയിച്ചു. സാവധാനത്തിലാണ് ധോണി സ്കോര്‍ ചലിപ്പിച്ചതെങ്കിലും നിലയുറപ്പിച്ചതോടെ വിശ്വരൂപം പുറത്തെടുത്തു. 25-ാം ഓവറിലാണ് ഇന്ത്യന്‍ സ്കോര്‍ മൂന്നക്കം കടന്നത്. ധോണിക്കൊപ്പം ദിനേശ് കാര്‍ത്തികും ടോപ് ഗിയറിലേക്ക് മാറിയതോടെ സ്കോര്‍ കുത്തനെ ഉയര്‍ന്നു. ഒടുവില്‍ 46.3 ഓവറില്‍ സ്കോര്‍ 266-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വ്യക്തിഗത സ്കോര്‍ 91-ല്‍ എത്തിയപ്പോള്‍ ഫള്‍ക്നറെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ധോണിയ മിച്ചല്‍ ജോണ്‍സണ്‍ പിടികൂടി. 77 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും നാല് സിക്സറുമടക്കമാണ് ധോണി 91 റണ്‍സെടുത്തത്. ഇതിനിടെ ദിനേശ്കാര്‍ത്തിക് സെഞ്ച്വറി പിന്നിട്ടിരുന്നു. 113 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് കാര്‍ത്തിക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ധോണി പുറത്തായശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (6 പന്തില്‍ പുറത്താകാതെ 14 റണ്‍സ്) യെ കൂട്ടുപിടിച്ച് കാര്‍ത്തിക് ഇന്ത്യന്‍ സ്കോര്‍ 308-ല്‍ എത്തിച്ചു.
ഓസ്ട്രേലിയക്ക് വേണ്ടി ക്ലിന്റ് മക്കായി 10 ഓവറില്‍ 39 റണ്‍സ് വഴങ്ങിയും മിച്ചല്‍ സ്റ്റാര്‍ക്ക് 73 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയപേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിര ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെതിരെ വിറക്കുന്നതാണ് കണ്ടത്. സ്കോര്‍ബോര്‍ഡില്‍ 28 റണ്‍മാത്രമുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റുകളാണ് ഉമേഷ് യാദവ് പിഴുതത്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: