പെരുമ്പാവൂര്‍: നഗരമധ്യത്തിലെ സ്വകാര്യവ്യക്തിയുടെ തുറസായ സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യം പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നു. പെരുമ്പാവൂര്‍ നഗരസഭാകാര്യാലയത്തില്നിന്നും നൂറ് മീറ്ററില്‍ താഴെ ദൂരത്തില്‍ മുസ്ലീം പള്ളിയുടെ പടിഞ്ഞാറ് വശത്തായി തുറസായി കിടക്കുന്ന സ്ഥലത്താണ് ദിവസേന മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. ഏറ്റവും തിരക്കേറിയ എ.എം.റോഡില്‍ നിന്നു അഞ്ച്മീറ്റര്‍ അകലത്തുള്ള ഇവിടെ പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിറച്ചാണ് മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നത്. എഎം റോഡില്‍ നിന്നും പോസ്റ്റോഫീസ്, പോലീസ് സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും, സമീപത്തുള്ള സ്ഥാപനങ്ങളിലെത്തുന്നവരുമാണ് ഇതില്‍ ഏറെയും ബുദ്ധിമുട്ടുന്നത്.
എന്നാല്‍ ഈ സ്ഥലത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഉള്ളതൊഴിലാളികളുടെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെല്ലാം ഇവിടെതന്നെയാണ് അലക്ഷ്യമായി ഇടുന്നതെന്നും പറയുന്നു. കൂടാതെ നഗരത്തില്‍ വഴിയരികില്‍ അന്തിയുറങ്ങുന്നവര്‍ ഇവിടെ വന്ന് മലമൂത്ര വിസര്‍ജനം നടത്തുന്നതായും ആക്ഷേപമുണ്ട്. മഴ ശക്തമായതോടെ ഇവിടെ കിടക്കുന്ന മാലിന്യങ്ങള്‍ ചീയുന്നതിനും ഇതില്‍ നിന്ന് ദുര്‍ഗന്ധം വരുമെന്നും ചില സ്ഥാപന ഉടമകള്‍ പറയുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും നഗരസഭ ജീവനക്കാര്‍ വാഹനങ്ങളിലെത്തി മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നുണ്ടെങ്കിലും ഇവിടെ നിന്നുമാത്രം ഇതൊന്നും ചെയ്യുന്നിലെന്നും സമീപവാസികള്‍ പറയുന്നു.
പ്ലാസ്റ്റിക് ബാഗുകള്‍ നിറഞ്ഞതിനാല്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാന്‍ സാധ്യയുണ്ടെന്നും മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മാലിന്യക്കുമ്പാരം വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു. വേനല്‍ക്കാലത്ത് ഈ മാലിന്യമെല്ലാം കത്തിച്ച് കളയാറാണ് ചെയ്തിരുന്നതെന്നും ഇത് പ്രകൃതിക്ക് തന്നെ ദോഷകരമാണെന്നും കച്ചവടസ്ഥാപന ഉടമകള്‍ പറയുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് കൂമ്പാരവും ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവക്കുന്ന മാലിന്യങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും പരിസരവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: