തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞെന്ന് ഔദ്യോഗിക അറിയിപ്പ്. ഇന്നലെ മാത്രം 11,641 പേരാണ് പകര്‍ച്ചപ്പനി ബാധിച്ചു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പു വ്യക്തമാക്കി. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ മാത്രം കണക്കാണ്. സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്കുകൂടി പരിശോധിച്ചാല്‍ പനിബാധിതര്‍ ഇതിലും ഇരട്ടിയിലധികം ആകും. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നിസഹകരണ സമരം കൂടി ആരംഭിച്ചതോടെ ജനങ്ങള്‍ ആകെ ദുരിതത്തിലാണ്. പനി കടുക്കുകയും ഡോക്ടര്‍മാര്‍ സമരം തുടങ്ങുകയും ചെയ്ത സാഹചര്യം കൂടുതല്‍ മുതലെടുക്കുന്നത് സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകാരുമാണ്. വന്‍ തുകയാണ് ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഇവര്‍ പാവപ്പെട്ട രോഗികളില്‍ നിന്ന് ഈടാക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസംകൊണ്ട് സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചവരുടെ എണ്ണം 85 ആയി. മഴ കനത്തതോടെ നിയന്ത്രണാതീതമായി ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തരോഗങ്ങളും പടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. തിരുവനന്തപുരം പുല്ലമ്പാറ കുളപ്പുറം ഫാറൂഖ് മന്‍സിലില്‍ നാസര്‍-മഞ്ജു ദമ്പതികളുടെ മകള്‍ ജഹാന ഷെറിന്, തിരുവനന്തപുരം സ്വദേശി അനു, കൊല്ലം സ്വദേശിനി പത്മിനി എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഏറ്റവുമധികം പടരുന്നത് ഡെങ്കിപ്പനിയാണ്. തെക്കന്‍ ജില്ലകളിലാണ് ഡെങ്കി പടര്‍ന്നുപിടിക്കുന്നത്. 2125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1500ഉം തിരുവനന്തപുരം ജില്ലക്കാരാണ്. സ്ഥിരീകരിച്ചതും അല്ലാത്തതുമായി ഡെങ്കി മരണം 20 കടന്നു. ഡെങ്കി വൈറസില്‍ ജനിതകമാറ്റം സംഭവിച്ചിതായുള്ള റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അതിനാല്‍ രോഗം കൂടുതല്‍ മാരകമാകുമെന്നും മരണനിരക്ക് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളോട് ആദ്യം തന്നെ ഡെങ്കിപ്പനിക്കുള്ള പരിശോധനകളാണ് നിര്‍ദ്ദേശിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസുകള്‍ മാരകമായതിനാല്‍ അന്തരിക രക്തസ്രാവം പെട്ടന്നുതന്നെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. തലച്ചോറില്‍ വരെ രക്തസ്രാവം ഉണ്ടാകും.
മലപ്പുറം, കോഴിക്കോട് മേഖലകളില്‍ മഞ്ഞപ്പിത്തമാണ് പടരുന്നത്. മഞ്ഞപ്പിത്തബാധിതരുടെ എണ്ണം ഇതിനോടകം 3500 കടന്നു. 283 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ 18 പേരാണ് മരിച്ചത്. മലേറിയ ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. വയറിളക്കരോഗങ്ങള്‍ 16000 കടന്നപ്പോള്‍ കോളറ പിടിപെട്ടത് 14 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.
കൊല്ലത്ത് എച്ച്1എന്‍1 ബാധിച്ച ഒരു സ്ത്രീ മരിക്കാനിടയായ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. പത്തുപേര്‍ക്കാണ് സംസ്ഥാനത്ത് എച്ച്1 എന്‍1 ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 38 പേര്‍ക്കുകൂടി ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തു 14 പേര്‍ക്കും കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ആറുപേര്ക്കുവീതവും കൊല്ലത്തു നാലും ഇടുക്കിയിലും കോഴിക്കോട്ടും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍നിന്നായി 212 പേര് ഡെങ്കിപ്പനി ബാധയെന്ന സംശയത്തിന്റെ പേരില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് 11 വയസ്സുകാരന് മരിച്ചു. അടൂര്‍ ഏനാത്ത് കുറുമ്പങ്കര പുത്തന്‍പുര തെക്കേതില്‍ സായികൃഷ്ണയാണ് മരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതിനിടെ കോട്ടയത്ത് അഞ്ചുപേരുടെ മരണം ഡെങ്കിപ്പനിമൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
ഹെപ്പേറ്റ്റ്റിസ് എ, എലിപ്പനി, ടൈഫോയിഡ് എന്നിവയും പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദിവാസികള്‍ കൂട്ടമായി താമസിക്കുന്ന വയനാട്ടിലെ മാനന്തവാടിയിലും തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പുഴുതനയിലുമാണ് മഞ്ഞപിത്തം ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്. മഞ്ഞപിത്തം ബാധിച്ച് ഒരാളെ മരിച്ചിട്ടുള്ളുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിസഹകരണ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്കെത്തിയാല്‍ സ്ഥിതി വളരെ ഗുരുതരമാകും. ഡോക്ടര്‍മാരുടെ സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: