ഈകഥയില്‍ രണ്ട് പദങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പുലി എന്നാല്‍ സാക്ഷാല്‍ ഹിമപ്പുലി.ഹിമാലയത്തിന്റെ ചരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്ന പുള്ളി കുത്തിയ ചാരനിറവും പച്ച കലര്‍ന്ന നരച്ച കണ്ണുകളും പ്രത്യേകത. കൊഴുത്തു നീണ്ട വാലും രോമക്കുപ്പായവും കൊണ്ട് ശ്രദ്ധേയനായ ഈ വലിയ പൂച്ച ഇന്ന് വംശനാശ ഭീഷണിയിലാണ്. ഇവിടെ കാള എന്നു പറഞ്ഞാല്‍ യാക്ക് എന്ന് മനസ്സിലാക്കണം. കറുത്ത് തടിച്ച ശരീരവും മേലേക്ക് വളഞ്ഞ കൊമ്പും കൂനിയ ചുമലുമൊക്കെയായി നാമറിയുന്ന ടിബറ്റിലെ മലങ്കാളയാണ് യാക്ക്. ചിമരി പശു, പര്‍വ്വത ധേനു എന്നൊക്കെ ഇവയെ വിളിക്കാം. ഇതില്‍ ഹിമപ്പുലിയുടെ വംശനാശം തടയാനാണ് യാക്കുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയത്.
ശരാശരി പതിനായിരം അടിക്കുമേല്‍ ഉയരത്തിലുള്ള പര്‍വ്വത പ്രദേശത്താണ് ഹിമപ്പുലിയുടെ വിഹാരം. കൊടും തണുപ്പായാല് താഴേക്കിറങ്ങി വരികയും ചെയ്യും. പക്ഷേ ആളെ കണ്ടുുകിട്ടാന് ഏറെ ബുദ്ധിമുട്ടാണെന്ന് മാത്രം. പൂച്ചവര്‍ഗത്തിലെ മേലാളന്മാരായ പുലിയും കടുവയുമൊക്കെ മനുഷ്യനെ ആക്രമിക്കുമ്പോള്‍ പാവം ഹിമപ്പുലി മര്യാദക്കാരനാണ്. വിരട്ടിയാല്‍ ഓടിപ്പോകും. പക്ഷേ തന്റെ ഭാരത്തിന്റെ നാലിരട്ടിയുള്ള മൃഗങ്ങളെപ്പോലും കൊന്നു തിന്നാന്‍ നല്ല വിരുതാണ്. പതുങ്ങിയിരുന്ന് ചാടി വീണ് കഴുത്തില്‍ കടിച്ചുമുറിച്ചാണ് ഇവ ഇരയെ കീഴടക്കുന്നത്.
പക്ഷേ കാലാവസ്ഥയിലുണ്ടായ മാറ്റവും വനഭൂമിയിലുണ്ടായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹിമപ്പുലിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. അവരുടെ ആവാസമേഖലയില്‍ ഇടയന്മാരും യാക്കുകളും കടന്നുകയറി. അന്നം മുട്ടിയപ്പോള്‍ അവ യാക്കുകള്‍ക്ക് നേരെ തിരിഞ്ഞു. ഹിമാലയന്‍ ചരിവുകളിലെ കര്‍ഷകരുടെ കാമധേനുവായ യാക്കുകള്‍ ഹിമപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുതുടങ്ങി. ഇതോടെ കര്‍ഷകരും ഗ്രാമവാസികളും ഹിമപ്പുലിയെ തുരത്താന്‍ തക്കം പാര്‍ത്തു. കയ്യില്‍ കിട്ടിയ പുലിക്കുഞ്ഞുങ്ങളെ ഇഞ്ചിഞ്ചായി കൊന്നു. ഹിമപ്പുലിയുടെ വംശനാശം അതിവേഗത്തിലായി. ഇന്ന് ലോകത്തില്‍ അവശേഷിക്കുന്ന ആറായിരത്തില്പരം ഹിമപ്പുലികളില്‍ മോശമല്ലാത്ത പങ്ക് ഹിമാലയസാനുക്കളിലുണ്ട്. അവക്കെതിരെയാണ് കര്‍ഷകര്‍ തിരിഞ്ഞത്.
അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന ഹിമപ്പുലികളെ രക്ഷിക്കുന്നതിന് ഒടുവില്‍ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ മുന്നോട്ടുവന്നു. വംശനാശം നേരിടുന്ന മൃഗം എന്ന ചുവപ്പുപട്ടികയില്‍ അവര്‍ ഹിമപ്പുലിയെ ഉള്‍പ്പെടുത്തി. അതോടെ ലോകത്തിന്റെ പല ഭാഗത്തുമായി അവയുടെ സംരക്ഷണത്തിന് ഊര്‍ജ്ജിതമായ ശ്രമവും തുടങ്ങി.
പക്ഷേ പര്‍വതസാനുക്കളിലെ നിഷ്കളങ്കരായ കര്‍ഷകര്‍ക്ക് പുലിയേക്കാളും വലുത് തങ്ങളുടെ പ്രിയപ്പെട്ട യാക്കുകളായിരുന്നു. ഹിമപ്പുലികള്‍ അവരുടെ ശത്രുക്കളും. അതുകൊണ്ടുതന്നെ ഓരോ യാക്കുകളും കൊല്ലപ്പെടുമ്പോഴും അവര്‍ ഹിമപ്പുലികളുടെ ആവാസകേന്ദ്രം കണ്ടെത്തി അവയെ കൂട്ടത്തോടെ കൊന്നൊടുക്കി. അങ്ങനെയിരിക്കെ ഹിമാലി ചുഗ്ഡ ഷര്‍പ്പ എന്നൊരു നേപ്പാളിക്കുണ്ടായ ഉള്‍വിളി കാര്യങ്ങള്‍ ആകെ മാറ്റി മറിച്ചു.
നാലുവര്‍ഷം മുമ്പാണ് ആ സംഭവം നടന്നത്. നേപ്പാള്‍ ഇന്ത്യ അതിര്‍ത്തിക്കടുത്ത് കാഞ്ചന് ജംഗ ചരിവിലെ ഗുന്‍സാ ഗ്രാമത്തില്‍ വച്ച് ഹിമാലിന്റെ യാക്കിനെ കാണാതായി. പുലി പിടിച്ചതാണെന്നുറപ്പ്. ദു:ഖവും ക്രോധവും കൊണ്ട് ഭ്രാന്ത് പിടിച്ച അയാള്‍ യാക്കിനെ തേടിയിറങ്ങി. മഞ്ഞുമലയിലെ ഒരു ഗുഹയില്‍ നിന്നും അതിന്റെ അവശിഷ്ടങ്ങളും കിട്ടി. അതിനൊപ്പം രക്തം പുരണ്ട ശരീരവുമായി മൂന്ന് ഹിമപ്പുലിക്കുഞ്ഞുങ്ങളും . ഉറക്കമായിരുന്നു അവ. മൂന്നിനെയും ഒരു ചാക്കിലാക്കി കെട്ടി ഷര്‍പ്പ അടുത്തുകണ്ട അരുവിയിലേക്കെറിഞ്ഞു. മൂന്നും ചത്തു. “അന്ന് രാത്രി മലമുകളില്‍ മുഴങ്ങിയ അമ്മപ്പുലിയുടെ വിലാപം എന്നെ വല്ലാതെ പിടിച്ചുലച്ചു. കാണാതായ മക്കളെ ഓര്‍ത്ത് വിലപിക്കുന്ന പാവം അമ്മയുടെ ദൈന്യത. താഴെ ഗ്രാമത്തില്‍ കിടാവുകളെ കാണാതായ യാക്കുകളുടെ കരച്ചില്. എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇനിയൊരിക്കലും ഇത്തരമൊരു പിഴവുണ്ടാവില്ല. അന്ന് ഞാന്‍ പ്രതിജ്ഞ എടുത്തു”. ഹിമാല്‍ ഷാര്‍പ്പ പില്ക്കാലത്ത് അനുസ്മരിച്ചു.
ആ പാപബോധമാണ് ഇക്കാര്യം കൂട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ ഷര്‍പ്പയെ പ്രേരിപ്പിച്ചത്. ഗ്രാമീണര്‍ക്ക് നഷ്ടം വരാതിരിക്കാനും പുലിയുടെ കുലത്തെക്കുരുതി കൊടുക്കാതിരിക്കാനും അവര്‍ പല പദ്ധതികളാലോചിച്ചു. സ്വദേശിയും വിദേശിയുമായ സന്നദ്ധ സംഘടനകള്‍ അവരെ പിന്തുണച്ചു. അങ്ങനെ യാക്കുകള്ക്കുള്ള ഇന്‍ഷ്വറന്‍സ് നിലവില്‍ വന്നു. പദ്ധതിയില്‍പ്പെട്ട യാക്കിനെ പുലി കൊന്നാല്‍ ഇന്‍ഷ്വറന്‍സ് നഷ്ടം നികത്തും. ആരും പുലിയോട് പ്രതികാരത്തിന് പോകേണ്ട. മുതിര്‍ന്ന യാക്കിന് മുപ്പതുരൂപയും ചെറുതിന് അമ്പത് രൂപയുംവീതം. ഹിമപ്പുലിയുടെ ആക്രമണത്തില്‍ യാക്ക് കൊല്ലപ്പെട്ടാല്‍ ഉടമസ്ഥന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ലഭിക്കും. പദ്ധതി തുടങ്ങി നാല് വര്‍ഷം കൊണ്ടുതന്നെ ഇരുനൂറ് മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞുവത്രെ. കേവലം ഇന്‍ഷ്വറന്‍സിന് പുറമേ ഹിമപ്പുലിയുടെ വിഹാരഭൂമിയില്‍ നിന്നകന്നു നില്ക്കാന് കര്‍ഷകരെ പ്രേരിപ്പിക്കുന്നതിലും ഇതിന്റെ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ സുസ്ഥിര പരിസ്ഥിതി വികസനത്തിന്റെ മാതൃകയായാണ് ഇതറിയപ്പെടുന്നത്.
ഹിമപ്പുലിയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലഡാക്കിലെ ഹെമിസ് നാഷണല്‍ പാര്‍ക്ക് ,ഉത്തര്‍ഖണ്ഡിലെ നന്ദാദേവി നാഷണല്‍ പാര്‍ക്ക് തുടങ്ങി അരഡസനിലധികം സംരക്ഷണകേന്ദ്രങ്ങള്‍ ഇന്ന് ഹിമപ്പുലികള്ക്കായുണ്ട്. പക്ഷേ അവയ്ക്കൊന്നും സാധിക്കാത്തതാണ് ഹിമാലി ഷര്‍പ്പയുടെ ബുദ്ധിയില്‍ വിരിഞ്ഞ ഇന്‍ഷ്വറന്‍സിന്റെ വിജയം. കാടിറങ്ങിയ രാജവെമ്പാലയെ പിടിച്ച് കാട്ടില്‍ വിട്ടതിനും നാട്ടാരെ ആക്രമിച്ച പുലിയെ വിരട്ടി ഓടിച്ചതിനുമൊക്കെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്ന വനപാലകര്‍ ഹിമാലി ഷര്‍പ്പയെ മാതൃകയാക്കിയിരുന്നെങ്കില്‍…
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: