ലണ്ടന്‍: ഫിജിയെ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ തിരിച്ചെത്തിക്കുന്നതിന് പാര്‍ലമെന്റിനെ സ്വാധീനിക്കാന്‍ കോഴവാങ്ങിയ ബ്രിട്ടീഷ് എംപി രാജിവെച്ചു.
നെവാര്‍ക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സ്വതന്ത്രന് പാട്രിക് മെര്‍ക്കറാണ് ഹൗസ് ഓഫ് കോമണ്‍സ് അംഗത്വം ഉപേക്ഷിച്ചത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മെര്‍ക്കര്‍ വ്യക്തമാക്കി. അവിഹിത ഇടപെടല്‍ പുറത്തായതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെര്ക്കറിനെതിരെ രംഗത്തെത്തിയിരുന്നു. മെര്‍ക്കര്‍ പാര്‍ലമെന്റ് നിയമങ്ങള്‍ ലംഘിച്ചതായും അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായത്.
പ്രമുഖ ചാനലായ ബിബിസി നടത്തിയ ഒളിക്യാമറാ ഓപ്പറേഷന് മെര്‍ക്കറെ കുടുക്കുകയായിരുന്നു.
ഫിജി സര്‍ക്കാരിനുവേണ്ടി ലോബിയിങ് നടത്തുന്ന അലിസ്റ്റര്‍ ആന്‍ഡ്രുസ് കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനിയുടെ പ്രതിനിധികളാണെന്നു പറഞ്ഞെത്തിയ ചാനല്‍ പ്രവര്‍ത്തകരുമായി മെര്‍ക്കര്‍ പ്രതിമാസം 2000 ഡോളറിന്റെ കരാര്‍ ഒപ്പിടുകയായിരുന്നു. ഇതിന് ഞാന്‍ അധികമൊന്നും ഈടാക്കില്ല. പകുതി ദിവസത്തേക്ക് 500 ഡോളര്‍. ഒരുദിവസത്തേക്ക് 1000മെന്നും മെര്‍ക്കര്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ഫിജി വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നും വോട്ടിങ്ങിനായി പ്രമേയങ്ങള്‍ അവതരിപ്പിക്കുമെന്നും മെര്‍ക്കര്‍ ഉറപ്പുനല്‍കുന്നു. ഇതുപ്രകാരം മാര്‍ച്ചില്‍ മെര്‍ക്കര്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു.
മുന്‍ സൈനികനും ബിബിസി റേഡിയോയിലെ പ്രമുഖ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പേരെടുത്തയാളുമായ മെര്‍ക്കര്‍ 2001ലാണ് ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: