പുനലൂര്‍: തെന്മല പരപ്പാര്‍ ഡാം വേനലില്‍ വറ്റിയപ്പോള്‍ ദൃശ്യമായത് മുന്നു പതിറ്റാണ്ട് മുമ്പു ഓര്‍മ്മകള്‍ പതിനഞ്ചുമുറികളില് സായിപ്പ് തീര്‍ത്ത ജീര്‍ണിച്ച കെട്ടിടം. അത് കാണാന്‍ പുതുമയുടെ കൗതുകവുമായി ന്യൂ ജനറേഷന് തിരക്ക്. ശെന്തുരുണി വനമേഖലയിലെ സംരക്ഷിത പ്രദേശത്തേയ്ക്ക് കൗതുകകണ്ണുകളുമായെത്തുന്നവരെ നിയന്ത്രിക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ് അധികൃതര്‍.
തെന്മല അണക്കെട്ടിലെ ജല നിരപ്പ് കുത്തനെ താഴ്ന്നതോടെയാണ് ആഴങ്ങള്‍ മറഞ്ഞ വിസ്മയങ്ങള്‍ വീണ്ടും ദൃശ്യമായത്. 1984-ല്‍ കമ്മീഷന് ചെയ്തതിനു ശേഷം ഇതാദ്യമായാണ് ഈ കൗതുകക്കാഴ്ച്ചകളെന്നത് വരള്‍ച്ചയുടെ തിവ്രത വെളിവാക്കുന്നു.116.73 മീറ്റര്‍ സംഭരണശേഷിയുള്ള ജലാശയത്തില്‍ ഇപ്പോള്‍ 82 മീറ്ററാണ് ജലനിരപ്പ്. 1886-87 കാലത്ത് പുനലൂര്‍ പേപ്പര്‍ മില്ലിനുവേണ്ടി വനത്തില്‍ നിന്നുള്ള അസംസ്കൃതവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബ്രിട്ടീഷുകാരനായ ടി.ജെ. കാമറൂണ്‍ പണികഴിപ്പിച്ച ബംഗ്ലാവാണ് ജലനിരപ്പ് താണപ്പോള്‍ ദൃശ്യമായതെന്ന് കരുതപ്പെടുന്നു. മേല്‍ക്കൂരകളും വാതിലുകളുമൊന്നുമില്ലെങ്കിലും ചുമരുകള്‍ക്ക് ഒരു കോട്ടവുമില്ല. സുര്‍ക്കി മിശ്രിതം കൊണ്ട് നിര്മ്മിച്ചതിനാലാകണം ഈ സായിപ്പന് ബംഗ്ലാവിന് ക്ഷതമേല്ക്കാതിരുന്നതെന്നാണ് വിലയിരുത്തല്‍. 1983-ല്‍ തെന്മല ഡാമിന്റെ നിര്‍മ്മാണ സമയത്ത് കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ ആധീനതയില്‍ ഓഫീസ് എന്ന നിലയിലും ഇത് പ്രവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം-തെങ്കാശി പാതയുടെയും പരപ്പാര്‍ പാലത്തിന്റെയും അവശിഷ്ടങ്ങള്‍, മരക്കാലുകള്‍, കാലത്തിന്റെ ശേഷിപ്പുകള്‍ പോലെ ജനവാസകേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍… വരള്‍ച്ചയില്‍ തെളിഞ്ഞ പഴമകള്‍ വാര്‍ത്തയായതോടെ കാട് താണ്ടി സഞ്ചാരികളുടെ വരവാണിവിടേയ്ക്ക്. സംരക്ഷിതമേഖലയായതിനാല്‍ കൂടുതല്‍ വനപാലകരെ നിയന്ത്രണത്തിനായി ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. ജലാശയത്തില്‍ തെളിഞ്ഞ മരക്കാലുകള്‍ ബോട്ടുകളില്‍ നടത്തുന്ന പെട്രോളിംഗിനെ ബാധിച്ചിട്ടുണ്ട്.
കെട്ടിടം ബ്രിട്ടീഷ് നിര്‍മിതമാണെന്നു വിലയിരുത്തിയ ഉദ്യോഗസ്ഥവൃന്ദം 1840കളില്‍ നിര്മിച്ചതാകമെന്നും നിരീക്ഷിച്ചു. പിന്നീട് ഇത് ഡാം നിര്‍മാണ കാലത്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയെന്നും തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസായി ഉപയോഗിച്ചിരുന്നുവെന്നും മനസ്സിലാക്കുന്നു. തെക്കു വടക്കായാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ ഉള്‍ഭാഗത്ത് രണ്ടടിയോളം ചെളി അടിഞ്ഞുകൂടിയ നിലയിലാണ്. മേല്‍ക്കൂരയുടെ അവശേഷിപ്പുകള്‍ ഒന്നുംതന്നെയില്ലാത്ത കെട്ടിടത്തിന്റെ കതകുകളും ജനലുകളും ഇളക്കിമാറ്റിയ നിലയിലാണ്. തിരുവനന്തപുരം പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. പ്രേംകുമാര്‍, ആര്‍ക്കിയോളജിസ്റ്റ് ഡോ. രാജേന്ദ്രന്, എഞ്ചിനീയര്‍ വി.എസ്.സതീഷ് എന്നിവര്‍ അത്ഭുതക്കാഴ്ച്ചയുടെ പൊരുള്‍ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: