തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയും ഉപമുഖ്യമന്ത്രി പദവും കീറാമുട്ടിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുഖ്യമന്ത്രി സമയം ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന് മിസ്ത്രി എന്നിവരുമായി വരുന്ന ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. കേരളത്തില്‍ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേന്ദ്രഘടകത്തെയും ഹൈക്കമാന്റിനെയും സമീപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെച്ചൊല്ലിയും വകുപ്പിനെച്ചൊല്ലിയുമുള്ള വിവാദങ്ങള്‍ കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്ന പ്രതികരണത്തോടെ, വിഷയത്തില്‍നിന്ന് എഐസിസി വക്താവ് ഒഴിഞ്ഞു മാറി.
എ,ഐ ഗ്രൂപ്പുകളുടെ കടുംപിടുത്തത്തെ തുടര്‍ന്ന് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്കി ഏറെനാളായി നീണ്ടുനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഏകപക്ഷീയ തീരുമാനത്തിനത്തിനെതിരെ മുസ്ലീംലീഗ് കളംമാറ്റി ചവിട്ടിയതോടെ പ്രശ്നം കുഴയുകയായിരുന്നു. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയ തീരുമാനം വന്നതിനെതിരെ ഘടകകക്ഷികളും രംഗത്തെത്തി. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചിത്രം മാറിമറിഞ്ഞതോടെ കോണ്‍ഗ്രസ് വെട്ടിലുമായി. ഉപമുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന മുന്നണിയിലെ രണ്ടാംകക്ഷിയായ മുസ്ലീംലീഗ് നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്ത സാഹചര്യത്തില്‍ പെട്ടെന്നൊരു ചര്‍ച്ചകൊണ്ട് ഫലമുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസിലും മുന്നണിയിലും വിവാദങ്ങള്‍ ഒഴിയാത്ത സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ദല്‍ഹിയിലേക്ക് യാത്ര നടത്താന്‍ മുഖ്യമന്ത്രിയുടെ തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി പദവിയെ ചൊല്ലി മുന്നണിയിലുണ്ടായ വിവാദങ്ങളില്‍ എ,ഐ വിഭാഗങ്ങള്‍ ഒരുപോലെ അസ്വസ്ഥരാണ്. ഉപമുഖ്യമന്ത്രി പദമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രിയാണെന്ന് ഐ നേതാക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയെയും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കേണ്ടതും ഹൈക്കമാന്റിന് മുന്നില്‍ പ്രശ്നം അവതരിപ്പിച്ച് പരിഹാരം കാണേണ്ടതും മുഖ്യമന്ത്രി തന്നെയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
വിവാദങ്ങളില്‍ കക്ഷിചേരാനോ അനുനയ ചര്‍ച്ചകള്‍ക്കോ രമേശ് ചെന്നിത്തല പോകേണ്ടതില്ലെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദവി മുന്നണിക്കകത്ത് കൊടുങ്കാറ്റുണ്ടാക്കിയ പശ്ചാത്തലം മുന്നില്‍ക്കണ്ട് നിലപാട് മയപ്പെടുത്താനാണ് ഐ ഗ്രൂപ്പ് നിലപാട്. മാത്രമല്ല, ഉപമുഖ്യമന്ത്രി പദത്തോട് ഹൈക്കമാന്റിനും താല്പര്യം കുറവാണ്. ഈ പശ്ചാത്തലത്തില്‍ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിലും ആഭ്യന്തരവകുപ്പ് കിട്ടിയേ തീരുവെന്ന നിലപാടിന് ശക്തി കൂട്ടാനാണ് ഐ നേതാക്കളുടെ നീക്കം. എന്നാല്‍ ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കില്ലെന്ന മുന്‍ നിലപാടില്‍ എ വിഭാഗം ഉറച്ച് നില്ക്കും.
സമവായമെന്ന നിലയില്‍പ്പോലും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. ജൂണ്‍ ആദ്യവാരം മന്ത്രിസഭയിലേക്കുള്ള തന്റെ വരവിന് വഴിയൊരുങ്ങിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് വരുന്നില്ലെന്നത് ഉള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്കുന്നു. ഈ സാഹചര്യത്തില്‍ മുന്നണിക്കകത്തെ വിവാദങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സാധ്യതയും വിദൂരമാണ്. അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ സംസ്ഥാനത്ത് തന്നെ സമവായം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രിയും അദ്ദേഹത്തോട് ഒപ്പമുള്ളവരും ശ്രമിക്കുന്നതായും സൂചനയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: