തിരുവല്ല: അമ്മയുടെ ലാളനം ഏറ്റുവാങ്ങേണ്ട പ്രായത്തില്‍ അമ്മയ്ക്ക് പരിചാരകരാകേണ്ടിവന്ന ഗായത്രിയും ഗംഗയും സുമനസ്സുകളുടെ മനസ്സലിയിക്കുന്നു. പൊടിയാടി മൂലയില്‍ പദ്മകുമാറിന്റെയും ഭാര്യ ജയശ്രീയുടെയും അഞ്ചരവയസ് മാത്രമുളള ഇരട്ടക്കുട്ടികളാണ് ഈ നിര്‍ഭാഗ്യവതികള്‍. അമ്മയെ കുളിപ്പിക്കുന്നതും തലതുവര്ത്തുന്നതും അമ്മയ്ക്ക് പിച്ചവയ്ക്കാന്‍ താങ്ങാകുന്നതുമെല്ലാം ഈ ഇരട്ടസഹോദരങ്ങളാണ്. ഇതുകണ്ട് കണ്ണീരൊഴുക്കുവാന്‍ മാത്രമേ അവരുടെ അച്ഛനും കഴിയുന്നുളളു. വികലാംഗനായ തനിക്ക് ഭാര്യയെ സഹായിക്കാന്‍ കഴിയുന്നില്ലെന്ന വിഷമമുണ്ടെങ്കിലും മക്കളുടെ സ്നേഹപരിചരണത്തിനു മുമ്പില്‍ അച്ഛന് എല്ലാം മറക്കുകയാണ്. പദ്മകുമാറിന് വലതുകൈയ്ക്ക് ഒട്ടും സ്വാധീനമില്ല. ഭാര്യ ജയശ്രീ(27)യ്ക്കാകട്ടെ ഒന്നെഴുന്നേറ്റ് ചാരിയിരിക്കാന്‍ പോലും പരസഹായം വേണം.
ഏഴുവര്‍ഷം മുന്‍പായിരുന്നു പദ്മകുമാറും ജയശ്രീയും വിവാഹിതരായത്. വിവാഹത്തിന് മുന്‍പുതന്നെ ജയശ്രീയ്ക്ക് നട്ടെല്ലില്‍ ഒരു മുഴ ഉണ്ടായിരുന്നു. നട്ടെല്ലിലെ മുഴ ഭാഗ്യമാണെന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം. ഇതുമൂലം ചികില്‍സയൊന്നും ചെയ്തില്ല. 19 വയസായപ്പോഴേക്കും ജയശ്രീക്ക് നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടായി. അന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ നട്ടെല്ലില്‍ വളര്‍ന്നു വന്ന മാംസപിണ്ഡം നീക്കം ചെയ്തു. പിന്നീട് കുഴപ്പമൊന്നുമില്ലായിരുന്നു. ഇതിനിടെയാണ് വിവാഹം നടന്നത്. ഗര്‍ഭിണിയായ ജയശ്രീ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. മക്കള്‍ക്ക് രണ്ടര വയസായപ്പോഴേക്കും വീണ്ടും നട്ടെല്ലില്‍ മാംസപിണ്ഡം വളര്‍ന്നു. അതോടെ ജയശ്രീയ്ക്ക് എഴുന്നേല്ക്കാന് പോലും ബുദ്ധിമുട്ടായി. വീട്ടുജോലിയെല്ലാം ജയശ്രീതന്നെ ചെയ്യേണ്ടി വന്നു.
ഒരു ദിവസം കുട്ടികള്‍ക്ക് കൊടുക്കാന്‍ തിളപ്പിച്ച പാലുമായി് വരുന്നതിനിടെ പാത്രം കൈയില്‍ നിന്നു വഴുതിവീണു. തിളച്ച പാല് വീണത് ഗായത്രിയുടെ വയറിലായിരുന്നു. ഗുരുതരമായി പൊളളലേറ്റ കുട്ടിക്ക് ഏറെ നാളത്തെ ചികിത്സ വേണ്ടിവന്നു ജീവിതത്തിലേക്ക് മടങ്ങി വരുവാന്‍. കുട്ടികള്‍ക്ക് നാലു വയസായപ്പോഴേക്കും ജയശ്രീ പൂര്‍ണമായും തളര്‍ന്നു. ഒരാള്‍ താങ്ങാനുണ്ടെങ്കില്‍ പിച്ച നടക്കാമെന്ന സ്ഥിതിയായി. എന്നാല്‍ താങ്ങിപ്പിടിക്കാന്‍ പദ്മകുമാറിന് കഴിയാതെയും വന്നു. ഇതോടെയാണ് അമ്മയെ കുളിമുറിയില്‍ കൊണ്ടുപോകുന്നതും കുളിപ്പിക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം ഈ കൊച്ചുമിടുക്കികള്‍ ഏറ്റെടുത്തത്. ഏത് രാത്രിയിലും അമ്മയുടെ വിളികേട്ടാല് ഇവര്‍ ഉണരും. ഇനി സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ സ്കൂളില്‍ പോകും. ഈ സമയം താനെന്തു ചെയ്യുമെന്നാണ് ജയശ്രിയുടെ ഭീതി.
റവന്യൂവകുപ്പില്‍ താല്‍ക്കാലിക ജോലിക്കാരനായിരുന്നു പദ്മകുമാര്‍. താത്കാലിക ജോലി പോയതിനുശേഷം തിരുവല്ലയില്‍ ഒരു കടയില്‍ ജോലി നോക്കുകയായിരുന്നു. ഭാര്യയ്ക്ക് തീര്‍ത്തും വയ്യാതായതോടെ അതും നിര്‍ത്തി. ശസ്ത്രക്രിയ കൊണ്ട് ഇനി പ്രയോജനമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇപ്പോള്‍ ജയശ്രീക്ക് ആയുര്‍വേദ ചികില്‍സയാണ് നല്‍കുന്നത്. മൂന്നുമാസം മുടങ്ങാതെ മരുന്നു കഴിച്ചാല്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുമെന്നാണ് ആയുര്‍വേദ ഡോക്ടര്‍ പറഞ്ഞത്. പക്ഷേ ഒരു മാസം കഴിഞ്ഞപ്പോഴേക്കും. വൈറല്‍ പനിയും പിടിപെട്ടു. ഇതോടെ മരുന്ന് നിര്‍ത്തി. ഇനി ചികിത്സ ഒന്നു മുതല്‍ തുടങ്ങണം.
പദ്മകുമാര്‍ ജോലിക്കൊന്നും പോകാത്തതു കൊണ്ട് കയ്യില്‍ പണവുമില്ല. കുടുംബം പട്ടിണിയിലുമാണ്. ജയശ്രീയുടെ ചികില്‍സയ്ക്ക് മാസം തോറും നല്ലൊരു തുക ചെലവുണ്ട്. കുട്ടികളെ സ്കൂളില്‍ അയയ്ക്കണമെങ്കിലും പണം വേണം. എന്തു ചെയ്യണമെന്നറിയാതെ മനംനൊന്ത് കഴിയുകയാണ് ഇന്ന് ഈ കുടുംബം. തന്നെയും കുടുംബത്തേയും സഹായിക്കുവാന്‍ സുമനസുകള്‍ തയാറാകണമെന്നാണ് പദ്മകുമാറിന്റെ അപേക്ഷ. തിരുവല്ല ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കില്‍ പദ്മകുമാറിന്റെ പേരില്‍ 009601000050195 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. തിരുവല്ല ശാഖയുടെ ഐ.എഫ്.എസ്.സി. കോഡ്: 0000096. ആണ്.
എം.ആര് അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: