അഞ്ചല്‍: അരിപ്പ ഭൂസമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്. ഭൂമി നഷ്ടമായവര്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന സമരമാണിത്. നാലായിരത്തോളം വരുന്ന ആദിവാസി ദളിത് സമൂഹത്തെ കൊടിയ യാതനകളിലേക്ക് തള്ളിവടുന്ന ജനാധിപത്യവിരുദ്ധ സമീപനം സര്‍ക്കാര്‍ കൈവെടിയണം. അരിപ്പയിലെ സമരക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്നും വി.മുരളീധരന് പറഞ്ഞു.
150 ദിവസം പിന്നിടുന്ന സമരം നടക്കുന്ന അരിപ്പ സന്ദര്‍ശിച്ചശേഷം സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം പരിഹരിക്കുന്നതിനായി താന്‍ മുഖ്യമന്ത്രിയെ കാണുമെന്ന് മുരളീധരന് പറഞ്ഞു. മൂന്ന് സെന്റ് ഭൂമി വീതം നല്കി സമരം അവസാനിപ്പിക്കാമെന്നത് വ്യാമോഹമാണ്. ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും മറ്റും രണ്ടേക്കര്‍ വേണമെന്ന ആവശ്യം ന്യായമാണ്. ഈ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതോടൊപ്പം വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുത്തങ്ങ, ചെങ്ങറ ഭൂസമരങ്ങളില്‍ സര്‍ക്കാരിന്റെത് വഞ്ചനാത്മകമായ നിലപാടായിരുന്നു. കൃഷിഭൂമി കാണിച്ച് തരിശുഭൂമി നല്കി വഞ്ചിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. അവര്‍ക്ക് നല്‍കേണ്ട ഭൂമി നല്കിയിരുന്നെങ്കില് അരിപ്പയില്‍ കുടില്‍ കെട്ടേണ്ടി വരുമായിരുന്നില്ല. സമരക്കാരെ കല്ലെറിഞ്ഞ് കൊല്ലാമെന്ന ധാരണ ഭരണപ്രതിപക്ഷ കക്ഷികള്ക്കുണ്ടെങ്കില് അത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂര്‍ എംഎല്‍എ കെ.രാജുവിന്റെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ നടപടിയുണ്ടാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
അട്ടപ്പാടിയില്‍ 28 കുഞ്ഞുങ്ങളാണ് മരിച്ചത്. ഗര്‍ഭിണികള്‍ക്ക് ഭക്ഷണം ലഭിക്കാത്തതുകൊണ്ടാണിത് സംഭവിച്ചത്. ബിജെപി അരിപ്പ സമരത്തിന്റെ വിജയത്തിനായി സംസ്ഥാനവ്യാപകമായി പ്രചാരണപരിപാടികള്‍ ആവിഷ്കരിക്കും. ഭൂമിയില്ലാത്തവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് കൈമാറേണ്ട കാലം അതിക്രമിച്ചു. ഭൂസമരക്കാരെ ഇറക്കിവിടാനുള്ള ഏത് ശ്രമത്തിനെതിരെയും ബിജെപി ശക്തമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റസമിതി നേതാക്കളായ ശ്രീരാമന് കൊയ്യോന്‍, സി.കെ.തങ്കപ്പന് കാണി, രതീഷ്, അബൂബക്കര്‍, സുലേഖ തുടങ്ങിയവര്‍ ബിജെപി പ്രസിഡന്റിനെ സ്വീകരിച്ചു. ബിജെപി നേതാക്കളായ വയക്കല്‍ മധു, എം.സുനില്‍, മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, രാജിപ്രസാദ്, ബി.രാധാമണി തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: