കൊച്ചി: ആന്ധ്ര, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ പൊതുവിപണിയില്‍ അരിവില കുത്തനെ വര്‍ധിക്കുന്നു. ഓഫ് സീസണ് ആരംഭിച്ചതോടെ അയല്‍സംസ്ഥാനങ്ങള്‍ നെല്ല് കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെയാണ് കുത്തരി, കുറുവ, മട്ട, പുഴുക്കലരി എന്നിവയുടെ വില ഒരാഴ്ചക്കിടെ അഞ്ച് രൂപയാണ് വര്‍ധിച്ചത്. കേരളത്തിലെ മില്ലുകളുടെ ഉല്‍പ്പാദനം നേര്‍പകുതിയായി കുറഞ്ഞതും അരി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
അരിയോടൊപ്പം പച്ചക്കറികളുടെയും വില വിപണിയില്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ചെറിയ ഉള്ളിക്ക് കിലോ 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ക്യാരറ്റ് 50 രൂപയാണ് ഇന്നലെ വിലയെങ്കില്‍ മറ്റിനങ്ങള്‍ക്കും 50 ശതമാനത്തോളം വില കൂടി. ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ചരക്കുകൂലി വര്‍ധിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതും വിപണിയില്‍ പച്ചക്കറിക്ക് ക്ഷാമവും വിലവര്‍ധനവും ഉണ്ടാക്കി.
പൊതുവിതരണസംവിധാനം വഴിയുള്ള ഒരു രൂപയുടെയും എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള കുറഞ്ഞ വിലയുടെ അരിയും വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചില്ല. കരിഞ്ചന്തക്കാരുടെ ഇടപെടല്‍ മൂലം നല്ല അരി മറിച്ചുവില്‍പ്പന നടത്തുന്നതായാണ് സൂചന. ഇതോടെ ഗുണനിലവാരമില്ലാത്ത താണഇനം അരിയാണ് റേഷന്‍കടകളിലെത്തുന്നത്. അതിനാല്‍ നല്ല അരി വേണ്ടവര്‍ പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായി.
പൊതുവിതരണ സംവിധാനം കാര്യക്ഷമമാണെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വിപണിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലിന് കഴിഞ്ഞിട്ടില്ലെന്നാണ് വാണിജ്യകേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള രണ്ട് രൂപയുടെ അരി കഴിഞ്ഞ നാല് മാസത്തോളമായി വെട്ടിച്ചുരുക്കി. പ്രതിമാസം 10 കിലോ അരി കുത്തരി നല്കിവന്നിരുന്ന സ്ഥാനത്ത് ആറ് കിലോ മാത്രമാണ് ഇപ്പോള്‍ ലഭിച്ചുവരുന്നത്. കേന്ദ്രത്തില്‍നിന്നും ആവശ്യത്തിന് അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കഹ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഇപ്പോഴത്തെ വിഹിതം ഇനിയും വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നും അറിയിപ്പുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പകുതിപോലും സംസ്ഥാന, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഏറ്റെടുത്ത് വിതരണം ചെയ്യുന്നില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആകെ അനുവദിച്ചതിന്റെ പകുതി മാത്രമാണ് ജില്ലാ സപ്ലൈ ഓഫീസുകള്‍ വഴി ഡിപ്പോകളില്‍നിന്നും വിപണിയിലെത്തിയിട്ടുള്ളത്. ഇതിന്റെ തന്നെ നല്ലൊരു ഭാഗം കരിഞ്ചന്തക്കാരുടെ കൈകളിലും എത്തിയിട്ടുണ്ടാകാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 35000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ് സിവില്‍സപ്ലൈസ് കോര്പ്പറേഷന് വഴി വിതരണം ചെയ്തത്. അരിയുടെയും മറ്റും ഗുണനിലവാരക്കുറവും ഉദ്യോഗസ്ഥരുടെ അഴിമതിയുമാണ് വിപണിയിലെ ഇടപെടല്‍ അട്ടിമറിച്ചതും വിലവര്‍ധന തടയാന്‍ കഴിയാതായതുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: