കോഴിക്കോട്: ക്ഷേത്രകേന്ദ്രീകൃതമായി ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നതിനൊപ്പം ബൗദ്ധികവുമായ ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണ് മാധവ്ജി പ്രവര്‍ത്തിച്ചതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മാധവ്ജിയുടെ 87-ാം ജന്മദിനത്തില് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്ര കേന്ദ്രീകൃതമായി ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ ക്ഷേത്രസങ്കല്പത്തെക്കുറിച്ചും ആരാധനാരീതിയെക്കുറിച്ചുമുള്ള ശാസ്ത്രീയവശങ്ങള്‍ അദ്ദേഹം സമൂഹത്തിന് പകര്ന്നുനല്കി. ദിശാബോധം നഷ്ടപ്പെട്ട ഹിന്ദുസമൂഹത്തിന് കരുത്തുപകരാന്‍ മാധവ്ജിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി. അറിവും കഴിവും സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാനല്ല, സമാജത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാമെന്നും അദ്ദേഹം കാണിച്ചുതന്നു.
കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു മാധവ്ജി. മലബാര്‍ ക്ഷേത്രസംരക്ഷണസമിതിയെ കേരള ക്ഷേത്രസംരക്ഷണസമിതിയാക്കി കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. ക്ഷേത്രകേന്ദ്രീകൃതമായി ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കാനും ഉയര്‍ത്താനുമുള്ള പരിശ്രമത്തിന് തുടക്കംകുറിച്ചത് മാധവ്ജി ആയിരുന്നു.
പേശീബലം മാത്രമല്ല ബൗദ്ധികമായ ഉയര്‍ച്ചയും ഹിന്ദുസമൂഹത്തിന്റെ ഉന്നതിക്ക് ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനംകൊണ്ട് മാത്രം കേരളത്തിലെ ഹിന്ദുസമാജത്തെ ഒന്നിച്ചുനിര്ത്താനാകില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ് ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഹിന്ദുസംഘടനാസംവിധാനം ഒരുക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുന്നതും അതില്‍ വിജയം കണ്ടെത്തുന്നതും.
തളിക്ഷേത്രസമരവും വിവിധ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും വിശാലഹിന്ദുസമ്മേളനവും പാലിയം വിളംബരവുമെല്ലാം മാധവ്ജിയുടെ പരിശ്രമത്തിന്റെ ഫലമായിരുന്നു. ഹിന്ദുസമാജത്തില്‍ പരിവര്‍ത്തനത്തിന്റെ ശക്തിയായി മാറുകയായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാധവ്ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിളിപ്പറമ്പ് ദേവിക്ഷേത്രത്തിലെ കേളപ്പജി ഹാളില്‍ നടന്ന സമ്മേളനം സാമൂതിരി പി.കെ.എസ് രാജ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡന്റ് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സാമൂതിരിയുടെ പത്നി കമലാരാജയും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി ഉണ്ണികൃഷ്ണന് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി.ഹരീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: