കൊച്ചി: അനധികൃതമായി സെമിത്തേരി നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ ഇന്നലെ സ്ഥലം പരിശോധിച്ചു. ആലപ്പുഴ കലവൂരില്‍ ആലപ്പുഴ-ചേര്‍ത്തല കനാലിനോട് ചേര്‍ന്നാണ് സെമിത്തേരി നിര്‍മിക്കാന്‍ കലവൂര്‍ സെന്റ് തോമസ് പള്ളി അധികൃതര്‍ നീക്കങ്ങളാരംഭിച്ചത്. മുന്‍സിപ്പാലിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സെമിത്തേരി നിര്‍മിക്കുന്നതെന്നും ഇത് കനാലിലെ ജലം മലിനമാക്കുമെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രോപദേശക സമിതി അഡ്വ. പ്രദീപ് മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിച്ചത്.
2013 ജൂണ്‍ 3ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അഡ്വക്കേറ്റ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുള്ളത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സെമിത്തേരി നിര്‍മാണമെന്ന് പരാതിക്കാര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ജലാശയങ്ങളില്‍ നിന്നും 25 മീറ്റര്‍ അകലെ മാത്രമേ സെമിത്തേരി നിര്‍മിക്കാവൂ എന്ന് ചട്ടമുണ്ട്. ഇവിടെ എ.എസ് കനാലിന്റെ പത്തു മീറ്റര്‍ മാത്രം അകലെയാണ് സെമിത്തേരി വരിക. ജനവാസപ്രദേശമായതിനാല് പ്രദേശത്തെ കിണര്‍, കുളങ്ങള്‍ എന്നിവകളിലെ ജലം ഇതുമൂലം മലിനമാകുമെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: