മഞ്ചേശ്വരം: പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ടവര്‍ എത്താത്തതിനെ തുടര്‍ന്ന് ഗ്രാമസഭ തുടങ്ങാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം മീഞ്ച ഗ്രാമപഞ്ചായത്തിലെ ൧൨-ാം വാര്‍ഡ് ഗ്രാമസഭയാണ് അലങ്കോലപ്പെട്ടത്. വാര്‍ഡ് മെമ്പറും നൂറിലധികം നാട്ടുകാരും ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡണ്ടോ വൈസ് പ്രസിഡണ്ടോ മറ്റു ഉത്തരവാദിത്വപ്പെട്ടവരോ യോഗത്തിലെത്താത്ത് നാട്ടുകാരെ ക്ഷുഭിതരാക്കി. മറ്റുവാര്‍ഡുകളിലെ ഗ്രാമസഭകളിലെ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമ്പോള്‍ ബിജെപി അംഗമായ ദയാശങ്കറിണ്റ്റെ വാര്‍ഡിലെ ഗ്രാമസഭാ യോഗത്തില്‍ പ്രസിഡണ്ട് പങ്കെടുക്കാത്തത് വികസന കാര്യത്തില്‍ വിവേചനം കാണിക്കുന്നുവെന്നതിന് തെളിവാണ്. പഞ്ചായത്ത് ഭരണം നടത്തുന്നത് മുസ്ളിംലീഗാണ്. വികസന കാര്യത്തില്‍ അമാന്തം കാണിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് ബിജെപി മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. 12-ാം വാര്‍ഡില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ട് നാളുകളേറെയായി. ഇക്കാര്യം ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത് പ്രസിഡണ്ടിനെ കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും തീരുമാനിച്ചിരുന്നു. എന്നാല്‍ പരാതി കേള്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടോ വൈസ് പ്രസിഡണ്ടോ എത്തിയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഡിലേക്ക് തുച്ഛമായ തുകമാത്രമാണ് ഭരണ സമിതി മാറ്റിവെച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ദയാശങ്കര്‍ പറഞ്ഞു. കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യപ്പെട്ടിരുന്നു. അത് നല്കാതിരിക്കാനും വികസന കാര്യത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തതാണ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്നത്. ഗ്രാമസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് യോഗത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ദയാശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: