കൊച്ചി: ജില്ലയിലെ പുകയില ഉത്പന്ന പരസ്യങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടവും, പോലീസും നടപടി ശക്തമാക്കി. എറണാകുളം ഹൈക്കോടതി ബോട്ടുജെട്ടി ജംഗ്ഷനിലെ കടകളുടെ മുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിഗരറ്റ് പരസ്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇന്ത്യന്‍ പുകയില നിയന്ത്രണനിയമത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം മുംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു എങ്കിലും 2013 ജനുവരിയില്‍ സുപ്രീം കോടതി നിരോധനം ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പുകയില രഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിയമം നടപ്പാക്കാനും ഒരു മാസം കൊണ്ട് ജില്ലയെ പുകയില പരസ്യരഹിത ജില്ലയാക്കാനുമാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പിഐ ഷെയ്ക്ക് പരീത് അറിയിച്ചു.
പുകയില പരസ്യ നിരോധനനിയമം അനുസരിച്ച് പുകയിലയുടെയോ ഉത്പന്ന ബ്രാന്‍ഡുകളുടെയോ പരസ്യങ്ങള്‍ പാടില്ല. സ്റ്റിക്കറുകള്‍, ഉത്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ശിക്ഷാര്‍ഹമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നാര്‍ക്കോട്ടിക്ക്സെല്‍ ജോസഫ് സാജു പറഞ്ഞു. വരും ദിവസങ്ങളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ കടകള്‍ക്കും നോട്ടീസ് നല്‍കും. ഈ വര്‍ഷത്തെ ലോകപുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം പുകയില പരസ്യങ്ങള്‍ പ്രോത്സാഹനം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ അവസാനിപ്പിക്കുക എന്നുള്ളതാണ്.
പുകയില പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം സെക്ഷന്‍ 22 പ്രകാരം ആയിരം രൂപ പിഴയും, ഒരു വര്‍ഷം വരെ തടവും ലഭിയ്ക്കാവുന്നതാണ്. നിയമനിഷേധം ആവര്‍ത്തിച്ചാല്‍ 8000 രൂപ പിഴയും, രണ്ടുവര്‍ഷം തടവും ലഭ്യമാക്കുന്നതാണ്. പരസ്യങ്ങള്‍ക്കെതിരെ അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും രംഗത്ത് വരണമെന്ന് പുകയില-രഹിത എറണാകുളം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഷീബാ ജോണ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: