കൊട്ടിയൂര്‍, കാലങ്ങള്‍ പിന്നോട്ടു പോകുന്നു.. കാലകാലനെ സ്മരിച്ചുകൊണ്ട്.. കനകം പൂത്ത് കണ്ണു കാണാതാകുന്ന കാലത്താണ് അധികാരികള്‍ക്ക് അന്നും അഹംഭാവം പിളര്ന്നൊഴുകിയിരുന്നത്, അങ്ങനെയാണ് സാക്ഷാല്‍ ദക്ഷനും യാഗത്തിനൊരുങ്ങിയത്.
അപ്പോഴാണ് ഈശ്വരനെങ്കിലും മരുമകന് മാത്രമായി, പരമേശ്വരനെ കാണാന്‍ ദക്ഷന്റെ ഭൗതികപ്പുക പൂണ്ട കണ്ണുകള്‍ക്കു തോന്നിയത്. അങ്ങനെ ഇതുപോലൊരു വൈശാഖമാസസന്ധ്യയില്, അതു സംഭവിച്ചു. ആത്മീയതയുടെ അഗ്നി സാക്ഷ്യമാകേണ്ട യജ്ഞഭൂമിയെ ദക്ഷമഹാരാജാവ് രാജകീയമായി ഒരുക്കി ആഡംബരത്തിന്റെ കൂത്തരങ്ങുകൂടിയാക്കി. അപമാനിക്കപ്പെട്ട ആത്മീയ പ്രഭാവം രോഷത്തിന്റെ അഗ്നി ജ്വാലയായി. ഹവിസ്സിനു പകരം യാഗാഗ്നിയില്‍ നടന്നത് ആത്മാഹുതിയായി. യജ്ഞത്തിന്റെ യജമാന പുത്രിയായ സതീദേവി, തന്റെ പ്രാണേശ്വരനെ പിതാവ് അപമാനിച്ചത് സഹിക്കാനാവാതെ യാഗാഗ്നിയില്‍ സ്വയം സമര്‍പ്പിച്ചു. ആ യാഗഭൂമിയാണത്രെ കൊട്ടിയൂര്‍.
ഒരു മഹാക്ഷേത്രത്തിന്റെ ശില്പ സൗകുമാര്യമൊ വാസ്തുവിദ്യയുടെ മായാപ്രപഞ്ചമൊ ഈ ക്ഷേത്രത്തിനില്ല. സത്യം ശിവം സുന്ദരം ത്രിഗുണങ്ങളുടെ ത്രിപുടതാളം ശാശ്വതമായി. ഈ പഞ്ചാക്ഷര മന്ത്രം ഓം നമ ശിവായ ഹരിഗോവിന്ദം വനാന്തങ്ങളിലെ പച്ചിലകളും കാട്ടുചോലകളും ഉരുവിട്ടു കൊണ്ടേയിരിക്കുന്ന ഒരു മഹാക്ഷേത്രം! കൊടിയേറ്റം ഇല്ലാത്ത ഈ ഉത്സവം 28 ദിവസം നീളും.
വില്ല്യം ലോഗന്സിന്റെ ‘മലബാര്‍ മാന്വ’ലില്പരാമര്ശിക്കുന്ന മലബാറിലെ എട്ടു ക്ഷേത്രങ്ങളില്‍ നാലാമത്തേതാണ് ശ്രീ കൊട്ടിയൂര്‍. സഹ്യാദ്രിയുടെ ഉത്തരാര്‍ദ്ധത്തില്‍; പശ്ചിമഘട്ട മലനിരകളിലുള്ള പേരിയ ചുരത്തിനപ്പുറത്തു നിന്നും ഉത്ഭവിച്ച് പ്രവഹിക്കുന്ന ബാവലിപ്പുഴയുടെ വടക്കെ തീരത്താണ് ദക്ഷിണകാശിയായി അറിയപ്പെടുന്ന ഈ ക്ഷേത്രം. ചരിത്രത്തിന്റെ കൈക്കുറ്റപ്പാടെന്നോണം ടിപ്പുവിന്റെ പടയോട്ടവും ബ്രിട്ടീഷ് സൈന്യത്തിന്റെ ആക്രമണവും ഈ ക്ഷേത്രത്തെ ഇടിച്ചു നിരത്തിയിരുന്നു. പിന്നീട് കോട്ടയം രാജവംശമാണ് പുനര്‍നിര്‍മ്മിതി നടത്തി സംരക്ഷിച്ചത്. “പെരുമാള്‍” എന്ന വിശേഷപദം ദ്രാവിഡമായ ഒരു പഴയകാലഘട്ടത്തിന്റെ തിരുശേഷിപ്പാവാം.
വനമദ്ധ്യത്തിലുള്ള ഈ ഉത്സവചടങ്ങില്‍ പങ്കു ചേരുവാന്‍ കഴിഞ്ഞ വര്‍ഷം 50 ലക്ഷത്തിലേറെ പേര് വന്നുവെന്ന് കണക്കുകള്‍. ഭണ്ഡാരം അക്കരെ എത്തിയശേഷമേ സ്ത്രീകള്‍ക്കു കൊട്ടിയൂരില്‍ പ്രവേശനമുള്ളൂ. അതുപോലെ കലം പൂജയ്ക്കു ശേഷം സ്ത്രീകള്‍ക്ക് കൊട്ടിയൂരില്‍ പ്രവേശനമില്ല. ആചാര വിധിയൊന്നുമില്ലാതെ ആവാഹിച്ചിരുത്തിയ ഒരു മഹാചൈതന്യം. മറ്റു ക്ഷേത്രങ്ങളിലുമില്ലാത്ത പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ കാണാം. ആദിവാസികളായ കുറിച്ച്യര്‍ മുതല്‍ നമ്പൂതിരിമാര്‍ വരെ ഇവിടെ വൈവിദ്ധ്യമാര്‍ന്ന ചടങ്ങുകളില്‍ കൂട്ടായ്മയോടുകൂടി പ്രവര്‍ത്തിക്കുന്നു. ഹൈന്ദവരല്ലാത്തവര്‍ പോലും ഈ മഹോത്സവത്തില്‍ പങ്കാളികളും കര്മ്മികളുമായി ചേരുന്നു.
പാലുകാച്ചിമലകളുടെ താഴ്വരയിലൂടെ ഒഴുകിയെത്തുന്ന ബാവലിപ്പുഴയോട് ചേര്‍ന്നുള്ള ഈ യാഗഭൂമിക്കു ചുറ്റുമായി തിരുവന്‍ചിറ വലംവെച്ചു പ്രദിക്ഷണം ചെയ്യുന്നതിന്റെ നടുവിലാണ് സതീദേവി അന്തര്‍ധാനം ചെയ്ത അന്മാറക്കല്(അമ്മ മറഞ്ഞ സ്ഥലം). മണിത്തറയ്ക്കു പൊന്നരഞ്ഞാണം പോലെ തിരുവഞ്ചിറ ഏറെ ദൃശ്യഭംഗി പകരുന്നു. 28 ദിവസം നീണ്ടു നില്ക്കുന്ന വൈശാഖ മഹോത്സവം തിരുവഞ്ചിറയിലെ സ്വയം ഭൂവില്‍ ചോതി വിളക്ക് തെളിയിച്ചതോടെ ആരംഭിച്ചു. യാഗഭൂമിയുടെ സങ്കല്പമനുസരിച്ച് ക്ഷേത്രമുള്‍പ്പെടെ താല്‍ക്കാലികമായി എല്ലാം കെട്ടിയുണ്ടാക്കുകയാണ് പതിവ്. യജ്ഞശാല അഗ്നിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇവിടെ അതു പൊളിച്ചെടുത്തു കൊണ്ടുപോകുന്നു.
മണിത്തറയില്‍ മൂലബിംബമായ സ്വയംഭൂ ശിവലിംഗത്തോടൊപ്പം ഉത്സവാവസരത്തില്‍ ഇക്കരെ അമ്പലത്തില്‍ നിന്നും എഴുന്നള്ളിച്ചുവെക്കുന്ന ബലിബിംബവും അമ്മാറക്കല്‍ പാര്‍വ്വതിയുടെ ബലിബിംബവും പ്രതിഷ്ഠിച്ച് പൂജിക്കുന്നു. മുതിരേരി ക്ഷേത്രത്തില്‍ നിന്നും മണത്തണ ചപ്പാരത്തില്‍ നിന്നും എഴുന്നള്ളിച്ചു കൊണ്ടു വരുന്ന ദേവിയുടെ ഉടവാള് ഉത്സവകാലത്ത് സൂക്ഷിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഈ യാഗോത്സവം എല്ലാതരത്തിലും പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന വസ്തുത വെളിപ്പെടുത്തുന്നു.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഞെട്ടിപ്പനയോലകള്‍ മെടയുന്നത് ആദിവാസികളാണ്. അക്കരെ ക്ഷേത്രത്തിലെ തിടപ്പള്ളി, വാളറ, ക്ഷേത്രമുഖമണ്ഡപം എന്നിവ മേയാന്‍ പനയോലയാണ് ഉപയോഗിക്കുന്നത്. സ്വയം ഭൂസ്ഥാനം സ്ഥിതി ചെയ്യുന്ന ‘മണിത്തറ’ കാട്ടുകല്ലുകള്‍ കൊണ്ട് പണിതതാണ്. മേല്‍ക്കൂര ഓടയും ഞെട്ടിപ്പനയോലയും, പനങ്കുല ചീകിയെടുത്ത നാരുകളും കൊണ്ട് നിര്‍മ്മിക്കുന്നു. മറ്റു പര്ണശാലകളായ കയ്യാലകള്‍ നിര്‍മ്മിക്കുന്നത് കാട്ടില്‍ ലഭിക്കുന്ന വൃക്ഷക്കൊമ്പുകളും മുളയും ഉപയോഗിച്ചാണ്. ഉത്സവാരംഭത്തില്‍ നീരെഴുന്നള്ളത്തിന് ജലം കൊണ്ടു പോകുന്നത് കാട്ടു കൂവയുടെ ഇലയിലാണ്. പ്രസാദ വിതരണം മഴവാഴയിലയിലാണ്. അഭിഷേകത്തിനുള്ള പാലമൃത് മുളംതണ്ടിലാണ് നിറച്ചു കൊണ്ടു വരുന്നത്. ഇളനീര് ഭക്തരുടെ തൊപ്പിയും തോള്‍സഞ്ചിയും പാളകൊണ്ട് നിര്‍മ്മിച്ചവയാണ്. ശ്രീ പെരുമാളിന്റെ മുഖ്യ പ്രസാദമായ ഓടപ്പൂവ് നിര്‍മ്മിക്കുന്നത് ഈറ്റയുടെ ഇളം തണ്ട് ചതച്ച് ചീകിയെടുത്താണ്. കൊട്ടിയൂരില്‍ മാത്രമുള്ളതാണ് ഓടപ്പൂ പ്രസാദം. ഭക്തര്‍ക്കും മറ്റു കര്‍മ്മികള്‍ക്കും ഭക്ഷണ പ്രസാദം നല്‍കുന്നത് മലവാഴയിലയിലാണ്. സ്ഥാനികരുടെ വ്രതകാലത്തെ ഭക്ഷണവും മറ്റും പ്രകൃതിയുമായി വളരെ സമരസപ്പെടുന്ന രീതിയില്‍ തന്നെയാണ്.
നീരെഴുന്നള്ളത്തോടെ വൈശാഖോത്സവ തുടക്കം. തൃക്കലശാട്ടത്തോടെ സമാപനം. കൈലാസനാഥനായി പരമശിവന് ഉണര്ന്നുറങ്ങുന്നതായി വിശ്വസിക്കുന്ന ശ്രീ കൊട്ടിയൂരിലെ ഉത്സവച്ചടങ്ങുകള്‍ വ്യത്യസ്തം.
ഒരു വലിയ സാമൂഹ്യകൂട്ടായ്മ ഈ മഹോത്സവത്തില്‍ നിറഞ്ഞു കാണാം. ഊരാണ്മസ്ഥാനം നിര്‍വ്വഹിച്ചു വരുന്നത് നായര്‍ തറവാട്ടുകാരാണ്. ക്ഷേത്രം തന്ത്രിമാരായി കോഴിക്കോട്ടിരി, നന്ത്യാര്‍വള്ളി എന്നീ നമ്പൂതിരിമാരും മറ്റു പൂജാദി കര്‍മ്മങ്ങള്‍ നിറവേറ്റാനായി പടിഞ്ഞീറ്റ നമ്പൂതിരി, ഉഷക്കാമ്പ്രം നമ്പൂതിരി, പനയൂര്‍ നമ്പൂതിരി, പന്തീരടിക്കാമ്പ്രം നമ്പൂതിരി, പാലക്കുന്ന് നമ്പൂതിരി എന്നിവരും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും ചുമതല വഹിക്കുന്നു. കണക്കപ്പിള്ളമാര്‍, നമ്പീശന്മാര്, ഓച്ചര്‍മാര്‍, ഏഴില്ലക്കാര്‍, കുടിപതികള്‍ തുടങ്ങിയ ഒട്ടനവധി അടിയന്തരക്കാരും പെരുമാളിന്റെ പ്രതിപുരുഷനായ സമുദായി ബ്രാഹ്മണനും കോട്ടയം രാജാവിന്റെ പ്രതിനിധികളായി ഉള്ളാട്ടു മനുഷ്യരും പാരമ്പര്യ ഊരാളന്മാരും ഒക്കെ ഈ മഹോത്സവത്തില്‍ കര്‍മ്മികളായി പങ്കു ചേരുന്നു. കോട്ടയത്തും, കുറുമ്പ്രനാട്ടിലും, കോലത്തു നാട്ടിലുംപെട്ട 54 ക്ഷേത്രങ്ങള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രവുമായി ബന്ധമുണ്ട്. ഈ യാഗോത്സവത്തില്‍ ഹിന്ദു സമുദായത്തിലെ മുഴുവന്‍ ജാതികളും ഉപജാതികളിലുംപെട്ട 64 ജന്മസ്ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ ഇവിടെ വന്നു തങ്ങളുടെ കര്‍മ്മങ്ങള്‍ ഭക്തിപൂര്‍വ്വം നിര്‍വ്വഹിക്കുന്നു. നിറമനസ്സോടെ മടങ്ങിപ്പോകുന്നു.
ആദിശങ്കരാചാര്യരാണത്രെ ക്ഷേത്രത്തിലെ ഉത്സവ ചിട്ടകള്‍ രൂപപ്പെടുത്തിയത്. മലബാറിലെ പല ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടെ വരാറുണ്ട്. പയ്യന്നൂരിന് വടക്കുള്ള കാങ്കോല്‍ നിവാസികളും കുറ്റ്യാടിയിലെ മരുതോങ്കരയിലുള്ള ജ്യാതിയൂര് മഠത്തിലുള്ളവരും കൂത്തുപറമ്പിലെ ഗണപതി ക്ഷേത്രത്തിലെ മണിയച്ചെട്ടി സംഘവും എരുവട്ടിയിലെ വേട്ടക്കൊരുമകന്‍ ക്ഷത്രത്തിലെ ഇളനീര് കാവുമായി വരുന്ന തീയ്യ സമുദായക്കാരും ഇവിടെ കര്‍മ്മികളായി വന്നു ചേരുന്നു. തളിപ്പറമ്പിനടുത്തുള്ള കുറുമാത്തൂര്‍ ഇല്ലത്തിലെ തന്ത്രി ശ്രേഷ്ഠന്മാര് രോഹിണി ആരാധന സ്വയംഭൂവില്‍ നടത്തുന്ന ആലിംഗന പൂജ ഏറെ ശ്രദ്ധേയമാണ്.
ഏറ്റവും ഒടുവിലത്തെ ചടങ്ങാണ് തൃക്കലശ്ശാട്ട്. ചിത്രങ്ങളില്‍ നിര്‍വഹിക്കുന്ന ഈ ഭക്തി നിര്‍ഭരമായ ചടങ്ങോടുകൂടി ചിത്ര വിളക്ക് കൊളുത്തുകയും ഇരുപത്തി എട്ട് ദിവസം നീണ്ടുനിന്ന മഹോത്സവത്തിന് സമാപനം കുറിക്കുകയും ചെയ്യുന്നു. അന്നേ ദിവസം എല്ലാ തന്ത്രിമാരും ഒത്തുചേര്‍ന്നു കളഭാഭിഷേകം നടത്തി സമൂഹ പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു. തുടര്‍ന്നു മുതിരേരി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ചു വന്ന വാള് തിരിച്ചേല്‍പ്പിക്കുന്നു. എഴുന്നള്ളത്തിനും പൂജകള്‍ക്കും ഉപയോഗിച്ച ബലിബിംബങ്ങളും ഭണ്ഡാരങ്ങളും ഇക്കരെ ക്ഷേത്രത്തില്‍ കൊണ്ടു വരുന്നു. പൈറ്റ് ദിവസം നമ്പൂതിരിമാര്‍ മാത്രം വീണ്ടും അക്കരെ സന്നിധാനത്തിലെത്തി ഭഗവാന് നിവേദ്യം വെച്ച് പൂജ ചെയ്ത ശേഷം ഭഗവാന് കുടികൊള്ളുന്ന സ്വയം ഭൂവില്‍ അഷ്ടബന്ധത്താല്‍ ആവരണം ചെയ്ത ചിത്രദീപം തെളിയിച്ച് ഇക്കരെ മടങ്ങിയെത്തുന്നു. പിന്നീട് അടുത്ത വര്‍ഷത്തെ ഉത്സവാരംഭത്തില്‍ മാത്രമെ മനുഷ്യര്‍ അവിടെ പ്രവേശിക്കുകയുള്ളൂ.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: