ഭൂമിയുടെ ഉള്ളില്‍ ചൂടാണ്; ഇപ്പോള്‍ പുറത്തും. ചുട്ടു പഴുത്ത് ഉരുകിക്കിടക്കുന്ന ഉള്ളില്‍നിന്നും ചിലപ്പോള്‍ അതു പൊട്ടിപ്പുറത്തേക്ക് ചാടും. ആ ചാടുന്നതിന്റെ ചൂടില്‍ ചുറ്റുപാടും വെന്തു വെണ്ണീറാകും.അകത്തു നിന്നൊഴുകുന്ന ചുടുള്ള ദ്രാവകമാണ് ലാവ. ഈ ലാവ ധാതുക്കളാല്‍ ഏറെ സമ്പന്നമായിരിക്കും. കാലക്രമത്തില്‍ ഉറച്ച് പാറയോ അല്ലെങ്കില്‍ അതിനേക്കാള്‍ കട്ടി കുറഞ്ഞതോ ആയ പദാര്‍ത്ഥമായി മാറും. കൃഷിക്കും മറ്റും അനുയോജ്യമായ മണ്ണായി മാറുകയും ചെയ്യും. എങ്കിലും ലാവ വന്‍നാശം വിതക്കും, പിന്നീട് സഹായിക്കുമെങ്കിലും.
അഗ്നിപര്‍വതങ്ങള്‍ ഉണ്ടായി അവ പൊട്ടിത്തെറിച്ച് ലാവ ഒഴുകുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. എന്തായാലും കേരളത്തില്‍ അഗ്നി പര്‍വതങ്ങളില്ല, അതിനാല്‍ ലാവയുടെ സാദ്ധ്യതയുമില്ല. പക്ഷേ, ഭൂകമ്പങ്ങള്‍ക്കു കുപ്രസിദ്ധമായ പാലക്കാട്ടു ജില്ലയില്‍ ഭൂമിക്കടിയില്‍നിന്ന് ലാവക്കു പകരം ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യം വന്നാലോ… അതു സംഭവിക്കാനിടയില്ല, പക്ഷേ ഒരു വമ്പന്‍ സങ്കല്പ്പകഥയ്ക്ക് അങ്ങനെയൊരു സാധ്യതയുമുണ്ട്.
നാട്ടിന്‍പുറത്തെ ഇടവഴിയില്‍ നടന്ന ഒരു പഴങ്കഥയാണ്. വളഞ്ഞു പുളഞ്ഞു പോകുന്ന ഇടവഴിയിലെ കള്ളുഷാപ്പിനു ചേര്‍ന്ന് രണ്ടുപേര്‍ ഛര്ദ്ദിച്ചുകൂട്ടുന്നു, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വാളുവെപ്പുതന്നെ. അതൊരു വിസ്മയക്കാഴ്ചയായി കണ്ട കൊച്ചു മകന് മുത്തച്ഛനോടു കാരണം ചോദിച്ചു. മുത്തച്ഛന്റെ വിശദീകരണം, മോനേ അവര്‍ കൂട്ടുകാരാണ്, ഒരുമിച്ചു കള്ളു കുടിച്ചു. ഇടയ്ക്കൊരു തര്‍ക്കം ആരാണു കൂടുതല്‍ കുടിച്ചത്. അപ്പോള്‍ കുടിച്ചത് തിരിച്ചെടുക്കുകയാണ്, അളന്നു നോക്കാന്‍. അങ്ങനെ പാലക്കാട്ടെ ചിറ്റൂരിലെ ഒരു പ്രദേശത്തെ ഭൂമിക്ക് ഉള്ളില്‍ കിടക്കുന്ന മദ്യം എത്രയെന്ന അളവു തര്‍ക്കം ഉണ്ടായാല്‍ ഉറപ്പാണ് അതു വിദേശ മദ്യത്തിന്റെ ലാവയായിരിക്കും.
പാലക്കാട്ടെ ചിറ്റൂര്‍ പ്രദേശം. ഒരു കാലത്തു കുടിപ്പിക്കുന്നതില്‍ കുപ്രസിദ്ധമായിരുന്നു ഇവിടം; കള്ളുചെത്തു വ്യവസായത്തിലൂടെ. ഇന്ന് കള്ളും കുറഞ്ഞു കുടിവെള്ളവും കുറഞ്ഞു. നെല്‍പ്പാടത്തിനു കൊടുക്കാന്‍ വെള്ളമില്ലെന്ന് ചിറ്റൂര്‍ പുഴ കേഴുന്നു. നാടിനെ കുടിപ്പിക്കാന്‍ പാകത്തിനു കള്ളുകൊടുക്കാനാവുന്നില്ലെന്നു തലവെന്ത തെങ്ങുകള്‍ കരയുന്നു. പക്ഷേ ഇവിടെ ഭൂമിയില്‍ കുഴികുത്തിയാല്‍ വിദേശ മദ്യം കിട്ടുമെന്നു പറഞ്ഞാലോ. കേള്‍ക്കുന്നവര്‍ ആദ്യം നെറ്റി ചുളിക്കും. കുറച്ച് അതിശയോക്തിയുണ്ടെങ്കിലും അങ്ങനെ കരുതാം, കാരണം കേരള ബിവറേജസ് കോര്‍പ്പറേഷന്റെ പഴകിയ മദ്യം വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നത് ചിറ്റൂരിലാണ്. പാലക്കാടു ജില്ലയിലെ ചിറ്റൂരില്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ മലബാര്‍ ഡിസ്റ്റിലറി പരിസരത്തെ ഏക്കര്‍ കണക്കിനുള്ള ഭൂമി ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ശവപ്പറമ്പാണ്.
അല്‍പ്പം വേദാന്തം പറയാം. രണ്ടു പെഗ്ഗ് വിദേശി, അല്ലെങ്കില്‍ രണ്ടു ഗ്ലാസ് മരനീര് അകത്തു ചെന്നാല്‍ പിന്നെ ഒന്നുകില്‍ ഇംഗ്ലീഷ് പറയും അല്ലെങ്കില്‍ വേദാന്തം. അതാണു മലയാളിയുടെ പതിവ്. ഇവിടെ വേദാന്തമാകാം. മരണമില്ലാത്തതെന്തിനാണ് എന്നാകട്ടെ ചോദ്യം. അതു മരണത്തിനാണെന്നുത്തരം കിട്ടാം, ആത്മാവിനാണെന്നു പറയുന്നവരും കാണും. ചോദ്യം കള്ളുഷാപ്പിലാണെങ്കില് ചിലപ്പോള്‍ അടുത്ത ബഞ്ചില്‍നിന്നു മറുപടി വന്നേക്കാം- മരണമില്ലാത്തത് മദ്യത്തിനാണെന്ന്. അതു വെറുതേ കള്ളിന്റെ മേലുള്ള പൊള്ള വാക്കല്ല. മദ്യത്തിനു മരണമില്ല, മദ്യപാനികള്‍ക്ക് അത് വേഗത്തിലാണെങ്കിലും. മരണത്തിനു കാരണമായ രോഗത്തില്‍നിന്നു മോചിപ്പിക്കുന്ന മരുന്നിനും മരണമുണ്ട്. ആയുസ് ഇത്രയാണെന്ന് മരുന്നുകളില്‍ എഴുതിയിട്ടുണ്ടാവും-എക്സ്പയറി ഡേറ്റ്. പക്ഷേ മദ്യ കുപ്പികളിലെ ലേബലില്‍ ഉല്‍പ്പാദന തീയതി ഉണ്ടെങ്കിലും അവന് മരിക്കുന്നതിന്റെ തീയതി അതില്‍ രേഖപ്പെടുത്തിയിട്ടില്ല. അതെ മദ്യം അമരനാണ്.
പക്ഷേ മദ്യത്തെ കൊല്ലാറുണ്ട്, അത് പതിയിരുന്നുള്ള ആക്രമണമൊന്നുമല്ല. ഔദ്യോഗികമായിത്തന്നെ. ഈ ദയാവധത്തിന് മദ്യത്തിന്റെ കാര്യത്തില്‍ നിയമസഹായമുണ്ട്; മദ്യം തകര്‍ത്തവന്റെ ജീവിതത്തിന് അവന് ആശിച്ചാലും ആവശ്യപ്പെട്ടാലും അതില്ലെങ്കിലും! അതായത് മദ്യത്തെ കൊല്ലും, സര്‍ക്കാര്‍ നേതൃത്വത്തില്‍തന്നെ. സ്രഷ്ടാവുതന്നെ സൃഷ്ടിയെ കൊല്ലുന്ന വിചിത്ര വേല. അങ്ങനെ കൂട്ടക്കൊല നടത്തുന്ന മദ്യത്തിന്റെ ശവപ്പറമ്പാണ് ചിറ്റൂരിലേത്. മദ്യക്കുപ്പികള്‍ മണ്ണിനടിയില്‍ സംസ്കരിക്കുന്നു, പ്ലാസ്റ്റിക്കിലെ ലഹരിനീരിന് അഗ്നിയില്‍ സംസ്കാരം.
സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് എല്ലാ വര്‍ഷവും ഇങ്ങനെ മദ്യത്തിന്റെ കൂട്ടക്കൊല നടത്തിവരുന്നു. മദ്യത്തിനു പഴകും തോറും വീര്യമേറുമെന്നാണ് വയ്പ്പ്. വീഞ്ഞിന്റെയും സ്കോച്ചിന്റെയും പഴക്കം എത്രകൂടുന്നോ അതനുസരിച്ച് വീര്യം ഏറുമെന്നും വിലകൂടുമെന്നുമാണ് രീതി. എന്നാല്‍ കേരള ബിവറേജസ് കോര്‍പ്പറേഷന്റെ അനുഭവം അനുസരിച്ച് മദ്യം പലതും കാലപ്പഴക്കം ചെല്ലുമ്പോള്‍ മരിക്കുന്നില്ലെങ്കിലും അവ ഉപയോഗ ശൂന്യമാകുന്നു; സര്‍ക്കാരിന്റെ ചട്ടപ്രകാരം. അതിനാല്‍ ഔദ്യോഗികമായി അവ നശിപ്പിക്കുന്നു.
ബിയറിന് ആറു മാസമാണ് കാലാവധി. അതു കഴിഞ്ഞാല്‍ അതിനുള്ളില്‍ നേരിയ പാട പ്രത്യക്ഷപ്പെടുന്നു. എങ്കിലും പരമാവധി ഒമ്പതു മാസം വരെ ബിയര്‍ വില്‍ക്കാറുണ്ട്. ബ്രാണ്ടിയാണ് പിന്നെ വേഗം കേടുസംഭവിക്കുന്നതായി കാണുന്നത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ ചില കറുത്ത കരടും അടിയില്‍ ഒരു പ്രത്യേക നിറത്തിലുള്ള അവക്ഷിപ്തവും ഉണ്ടാകുന്നു. വിസ്കി 12 വര്‍ഷം വരെ ഒരു കേടുംകൂടാതെ ഇരിക്കുന്നുണ്ട്. ഇതിനു പുറമേ കുപ്പികളിലെ മദ്യത്തിന്റെ അലൂമിനിയം അടപ്പുകള്‍ ദ്രവിച്ച് കേടുവരുന്നു. ഇവ പിന്നെ വില്‍ക്കാനാവില്ല. ഇത്തരം മദ്യങ്ങള്‍ വില്ക്കപ്പെടാനാവാത്തവയായി മറ്റീവ്ക്കുന്നു. ശ്രദ്ധിക്കണം, അവ അപ്പോഴും മരിച്ചിട്ടില്ല.
ബിവറേജസ് കോര്‍പ്പറേഷന്റെ സ്റ്റോക്കുകളിലുള്ള ഈ മദ്യം വില്‍ക്കാനാവില്ല. ഇതുവരെ പഴകിയ മദ്യം പിടിച്ച കേസുണ്ടായിട്ടില്ല, പഴയ മദ്യം വിറ്റതായി പരാതിയോ ആക്ഷേപമോ ഉണ്ടായിട്ടില്ല. പക്ഷേ, സര്‍ക്കാരിനൊരു ഉത്തരവാദിത്തമൊക്കെ ഇല്ലേ. അതുകൊണ്ട് അവ വില്‍ക്കില്ല. എന്നാല്‍ ഇവ നശിപ്പിക്കാന്‍ അതത് പ്രാദേശിക ഔട്ട്ലറ്റുകള്ക്കോ ഗോഡൗണുകള്ക്കോ അധികാരമില്ല. പിന്നെയോ?
എല്ലാ വര്‍ഷവും ഡെഡ് സ്റ്റോക്കിന്റെ പട്ടിക തയ്യാറാക്കാന്‍ ബിവറേജസ് കോര്പ്പറേഷറേഷന്റെ ആസ്ഥാനത്തുനിന്നും ചില്ലറ വില്‍പ്പന ശാലകളിലേക്ക് ആവശ്യപ്പെടുന്നു. മദ്യത്തിന്റെ ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, ഇനം, അളവ്, ബ്രാന്റ് തുടങ്ങിയ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ രേഖാമൂലം എഴുതി അധികൃതരെ അറിയിക്കണം. ഇതു പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ലിസ്റ്റു പ്രകാരം ഓരോ ഔട്ലറ്റുകളിലെയും മദ്യം ശേഖരിച്ച് ജില്ലാടിസ്ഥാനത്തില്‍ സംഭരിച്ച് വണ്ടികളില്‍ ചിറ്റൂരിലെത്തിക്കും.
മുമ്പൊക്കെ ചിലപ്പോള്‍ പ്രാദേശികമായി ഇവ നശിപ്പിക്കപ്പെടാറുണ്ടായിരുന്നു.പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയോടെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ കൊണ്ടുപോയി മദ്യം നശിപ്പിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോര്‍പ്പറേഷനുകളോ മുനിസിപ്പാലിറ്റികളോ പഞ്ചായത്തുകള്‍ പോലുമോ അതിനു സമ്മതിക്കുന്നില്ല. ജനങ്ങളുടെ പരിസ്ഥിതി അവബോധത്തിനു നന്ദി പറയുക. മുമ്പെല്ലാം ആളൊഴിഞ്ഞ സ്ഥലത്ത് പുഴകളിലേക്കു മദ്യം ഒഴുക്കിയിട്ടുള്ളതായി ബിവറേജസ് കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പക്ഷേ, ഇന്നിപ്പോള്‍ അതു നടക്കില്ല.
ചിറ്റൂരിലെ മദ്യസംസ്കാര കര്‍മ്മം ഇങ്ങനെ. ജെസിബി കൊണ്ട് ആഴത്തില്‍ വലിയ കുഴികള്‍ കുഴിക്കുന്നു. (ആറടി നീളമെന്ന അളവൊന്നും നോക്കാതെ). ഉപേക്ഷിക്കുന്ന കുപ്പികളിലെ മദ്യം അതില്‍ പൊട്ടിച്ചൊഴിക്കുന്നു. (മദ്യപാനികള്‍ കണ്ടാല്സഹിക്കില്ല, അല്‍പ്പം അകത്തുണ്ടെങ്കില്‍ പിന്നെ കണ്ണീര് പുഴയും തെറിയഭിഷേകവുമായിരിക്കും. പശ്ചാത്തലത്തില്‍ നെഞ്ചത്തലയോ തലയില്‍ കൈവെച്ചു പ്രാക്കോ ഉണ്ടായിരിക്കും). ഇങ്ങനെ പൊട്ടിക്കുന്ന കുപ്പികളിലെ മദ്യം ഭൂമിയിലേക്ക് പരന്നുകഴിഞ്ഞാല്‍ പിന്നീട് മറ്റൊരു വേളയില്‍ ഈ കുപ്പിച്ചില്ലുകള്‍ തിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം ഒഴുക്കിക്കളഞ്ഞശേഷം പ്ലാസ്റ്റിക് കത്തിച്ചു കളയുന്നതും ചിറ്റൂരിലെ ഈ മണ്ണില്‍തന്നെ.
മണ്മറയാന് ഇങ്ങനെ പഴകിയ മദ്യം തിരുവനന്തപുരത്തുനിന്നു പോലും ചിറ്റൂരില്‍ കൊണ്ടു വരുന്നുണ്ട്. മലബാര്‍ ഡിസ്റ്റിലറി പ്രവര്‍ത്തനം നിന്നതിനുശേഷം സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് അവിടം വിലയ്ക്കു വാങ്ങുകയായിരുന്നു. അങ്ങനെ ഒരു ശവപ്പറമ്പാകുകയായിരുന്നു. ഇവിടം ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശമായതിനാല്‍ ആരുടെയും എതിര്‍പ്പ് ഇതിനു നേരിടേണ്ടി വരുന്നില്ല.
പ്രതിവര്‍ഷം ഒരു ഔട്ട്ലറ്റില്‍നിന്ന് 300 മുതല്‍ 500 വരെ കീസ് മദ്യം ഇങ്ങനെ ഉപയോഗ ശൂന്യമാകുന്നുണ്ട്. ഇത്തരത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 338 ഔട്ട്ലറ്റുകളില്‍നിന്നും ഇത്തരത്തില്‍ ഉപയോഗ ശൂന്യമായ മദ്യം ചിറ്റൂരില്‍ കൊണ്ടുവന്ന് നശിപ്പിക്കപ്പെടുന്നുണ്ട്. അല്ല ചിറ്റൂരിലെ ഈ മുഴുക്കുടിയിലും ലഹരി തലയ്ക്കു പിടിച്ച് നമ്മുടെ ഭൂമി തിരിഞ്ഞു കറങ്ങുന്നില്ലല്ലോ.. ഭാഗ്യം!!!
സുദര്ശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: