കടലിനു കുറുകേ ആദ്യം കെട്ടിയ പാലത്തിനു പഴക്കമെത്രയെന്നറിയില്ല. രാമസേതു വെറും കഥയല്ലെന്നു തെളിയിക്കാന്‍ ആധുനിക ശാസ്ത്രം തന്നെ സാക്ഷി. ആധുനിക കാലത്തെ പാലമായ പാമ്പന്‍ പാലത്തിനു പ്രായം നൂറു തികയുമ്പോള്‍ ശാസ്ത്രത്തിന്റെ ബലത്തിനു പാലംതന്നെ സാക്ഷി. നൂറ്റാണ്ടൊന്നു കഴിയാന്‍ പോകുന്നു പാമ്പന്‍ പാലമെന്ന വമ്പന്‍ പാലത്തിന്. അയല്‍ സംസ്ഥാനത്തെ ആ അത്ഭുതത്തിന് പിന്നിലെ കരുത്തിനും കരവിരുതിനും മലയാളക്കരയുടെ പിന് ബലം കൂടിയുണ്ടെന്നറിയുമ്പോള്‍ കൗതുകം കൂടും-അതെ പാമ്പന്‍ ശ്രീധരനായി, കോംഗ്കണ്‍ ശ്രീധരനായി ഇപ്പോള്‍ മെട്രോമാനായി വളര്‍ന്നു നില്ക്കുന്ന ഇ. ശ്രീധരന്റെ.
പാലം കയറിത്തുടങ്ങാം….
പാലങ്ങള്‍ക്കൊട്ടും പഞ്ഞമില്ലാത്ത രാജ്യമാണ് ഇന്ത്യ. എത്രയെത്ര പാലങ്ങള്‍; അവയില്‍ നീളവും വീതിയും അളവാക്കിയാല്‍ മുമ്പന്‍ മുബൈയിലെ ബാന്ദ്രയില്‍നിന്നും വര്‍ളിയിലേക്കുള്ള കടലില്‍കൂടിയുള്ള റോഡു പാലമാണ്. എട്ടുവരിയുള്ള ഈ പാലത്തിനു നീളം 5.6 കിലോമീറ്റര്‍, പ്രായം വെറും നാലു വര്‍ഷം.
മുപ്പത്വര്‍ഷംമുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ബീഹാറിലെ ‘മഹാത്മാഗാന്ധി സേതു’ വിനു നീളം 5.43 കിലോമീറ്ററുണ്ട്. നദിക്ക് കുറുകെയുള്ള പാലങ്ങളില്‍ ഏറ്റവും നീളം കൂടിയതാണിത്. ഗംഗയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന ഇതിന്റെ വീതി 25 മീറ്ററാണ്. സപ്തതി പിന്നിട്ട കൊല്‍ക്കത്തയിലെ ഹൗറാ പാല (രബീന്ദ്രസേതു) ത്തിന് 829 മീറ്ററാണ് ദൈര്‍ഘ്യം. ഹുഗ്ലിനദിക്ക് കുറുകെയുള്ള പാലത്തിന്റെ വീതി 70 മീറ്ററാണ്. തൂണുകളില്ലാത്ത ഈ തൂക്കുപാലം ശില്‍പ്പഭംഗികൊണ്ടാണ് പുകള്‍പെറ്റത്.
എന്നാല്‍ ഇവയില്‍നിന്നെല്ലാം വേറിട്ട് പാലങ്ങളുടെ പാലമായി ഒരു പാലമുണ്ട്. ബ്രിട്ടീഷുകാരന്റെ എഞ്ചിനീയറിംഗ് മികവിന് പ്രതൃക്ഷ ദൃഷ്ടാന്തമാണ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പാമ്പന്‍ പാലം. പാമ്പന്‍ പാലം (റെയില്‍) ഒരു നൂറ്റാണ്ടിന്റെ പ്രൗഢിയിലെത്തി. 2.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാമ്പന്‍ പാലമാണ് ഇന്ത്യയിലെ ആദ്യത്തെ കടല്പാലം. ഇവിടം സന്ദര്‍ശിച്ച്, പാലത്തില്‍ വണ്ടി നിര്‍ത്തി, പുളിയില്ലാത്ത പച്ചമാങ്ങയില്‍ എരിവുള്ള മസാല ചേര്‍ത്തു തിന്നാസ്വദിച്ചുകൊണ്ട് പാമ്പന്‍ പാലത്തിന്റെ നെടുങ്ങനെയുള്ള കിടപ്പു കണ്ട് അമ്പോ വിളിക്കുന്നവര്‍ പക്ഷേ യഥാര്‍ത്ഥ പാമ്പന്‍ പാലം കാണാറുണ്ടോ എന്നു സംശയം. അവര്‍ നില്ക്കുന്ന, സിമന്റ് കമ്പനിയുടെ പരസ്യത്തിലെ, വണ്ടിയോടിപ്പോകുന്ന റോഡായ പാലം അല്ല യഥാര്‍ത്ഥത്തില്‍ പാമ്പന്‍ പാലം. ആ പാലത്തില്‍നിന്ന് താഴേക്കു നോക്കുമ്പോള്‍ കാണുന്ന പാലമുണ്ട്, അവനല്ലേ യഥാര്‍ത്ഥ പാമ്പന്‍, സാങ്കേതിക വിദ്യയുടെ ഇന്‍ഡ്യയിലെ വമ്പ്…
പാമ്പന്‍ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവര്‍ണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിര്‍മ്മിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ ദൂരമേയുള്ളൂ. (സീതയെയും അപഹരിച്ചു കടന്ന രാവണനെ പിടിക്കാന്‍ ശ്രീരാമന് ലങ്കയിലേക്കു പോയത് ഇതുവഴിയാണെന്ന് രാമായണം.) ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ധനുഷ്കോടിയിലെത്തിക്കാന്‍ ഏക തടസ്സം പാക് കടലിടുക്കായിരുന്നു. 1914ല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. കപ്പലുകള്‍ക്കു കടന്നു പോകേണ്ടിയിരുന്നതിനാല്‍ നടുഭാഗം കപ്പല്‍ച്ചാലിന്റെ വീതിയില്‍ ഇരു വശങ്ങളിലേക്കുമായി ഉയര്‍ത്തി മാറ്റാവുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത്. അന്നത്തെ സാങ്കേതിക വളര്‍ച്ച വെച്ചു നോക്കുമ്പോള്‍ അത്യാധുനികമായിരുന്നു ഈ ലിഫ്റ്റ്. ലണ്ടനില്‍ നിര്‍മ്മിച്ച് ഭാഗങ്ങള്‍ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
പാമ്പന്‍ പാലം യാഥര്‍ഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള പോക്കുവരവ് ഏറെ എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയില്‍ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറു കപ്പലുകള്‍ സര്‍വീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിന്‍. മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.
1964 ഡിസംബര്‍ 22നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണ്ണമായി നശിച്ചു. പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവിലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ആളൊഴിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ.
കേടുസംഭവിച്ച പാലം ആറുമാസംകൊണ്ട് അറ്റകുറ്റപണി നടത്താനായിരുന്നു റയില്‍വേ പദ്ധതി തയ്യാറാക്കിയത്. അതിന്റെ ചുമതല നല്‍കിയത് ഇ. ശ്രീധരനായിരുന്നു. എന്നാല്‍ വെറും മൂന്നുമാസത്തിനകം ജോലി പുര്‍ത്തിയാക്കി സഞ്ചാരം പുനരാരംഭിച്ചപ്പോള്‍ പ്രശംസിക്കപ്പെട്ടത് ശ്രീധരനായിരുന്നു. ഇ. ശ്രീധരന് പിന്നീട് “പാമ്പന്‍ ശ്രീധരന്” എന്നറിയപ്പെട്ടു. റയില്‍വേ പുരസ്ക്കാരവും നല്കി. (ശ്രീധരന് പിന്നീട് മല തുരന്നും പുഴകടന്നും കോംഗ്കണ്‍ തീരദേശത്തുകൂടി തീവണ്ടിയോടിച്ചപ്പോള്‍ പേരു കോംഗ്കണ്‍ ശ്രീധരനെന്നായി. അതും കടന്ന് ദല്‍ഹിയില്‍ മെട്രോ ഓടിച്ചപ്പോള്‍ മെട്രോ ശ്രീധരനായതു മറ്റൊരു ചരിതം.)
രണ്ടര ദശകങ്ങള്‍ക്ക് മുന്‍പ് വരെ രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിച്ചിരുന്നത് 1914ല്‍ നിര്‍മിച്ച ഈ റെയില്‍ പാലം മാത്രമായിരുന്നു. വലിയ ബോട്ടോ കപ്പലോ വരുമ്പോള്‍ പൊക്കി മാറ്റാന്‍ കഴിയുന്ന മധ്യഭാഗം. മാസത്തില്‍ ഏതാണ്ട് ഇരുപതോളം പ്രാവശ്യം ഉയര്‍ത്താറുണ്ടത്രേ. അമേരിക്കയിലെ മിയാമി കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ സമുദ്രമേഖലയില്‍ റെയില്‍ പാലം എന്ന ബഹുമതിയും പാമ്പന്‍ പാലത്തിന് മാത്രം അവകാശപ്പെട്ടതാണ.് ഇതുകൊണ്ട് തന്നെ കാറ്റിന്റെ വേഗം അറിഞ്ഞു മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്.
റെയില്‍ പാമ്പന്‍പാലത്തിലൂടെ മീറ്റര്‍ഗേജ് വണ്ടികള്‍ മാത്രമാണ് ഓടിക്കൊണ്ടിരുന്നത്. 10 കിലോമീറ്ററാണ് പാലം കടന്നാല്‍ രാമേശ്വരത്തേക്കുള്ളത്. രാമേശ്വരത്തുനിന്നും 24 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു ധനുഷ്കോടിയിലേയ്ക്കുള്ള പാത. യുനസ്കോ പൈതൃക പദവി കല്പ്പിച്ചിരിക്കുന്ന പാമ്പന്‍പാലത്തിന് ഇക്കഴിഞ്ഞ ജനുവരി 13ന് നേവിയുടെ ബാര്‍ജിന്റെ ഇടിയേറ്റ് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ജോലിയും തുടരുകയാണ്.
നൂറ് തികയുന്ന റെയില്‍പാലത്തിന് സമാന്തരമായി നിര്‍മിച്ച റോഡ് പാലത്തിന്റെ രജതജൂബിലി വര്‍ഷംകൂടിയാണ്. 1988 ഒക്ടോബര്‍ 2നാണ് “തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമെന്ന്” സിമന്റ് പരസ്യത്തില്‍ സ്ഥാനംപിടിച്ച പാമ്പന്‍ പാലം (റോഡ്) തുറന്നുകൊടുത്തത്. രജതജൂബിലിക്ക് അണിയിച്ചൊരുക്കാന്‍ 18.57 കോടിയാണ് ചെലവാക്കുന്നത്. അതിന്റെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു.
പാമ്പന്‍ റെയില്‍, റോഡ് പാലങ്ങളാണ് രാമേശ്വരത്തെക്കുള്ള യാത്രം എളുപ്പവും സുഖകരവുമാക്കിയത്. പാമ്പന്‍ ദ്വീപിലെ രാമേശ്വരം ശ്രീരാമന്റെ സ്മരണകളാല്‍ സമ്പന്നമാണ്. രൂഢമൂലമായ ശ്രീരാമചരിത്രത്തിലെ സുപ്രധാന സ്ഥലമായ രാമേശ്വരത്തേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ മൂകസാക്ഷിയായ പാമ്പന്‍പാലം അതിന്റെ പഴമകൊണ്ടുതന്നെയാണ് പുതുമ സൃഷ്ടിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമെന്ന വിശേഷണത്തിന് അര്‍ഹത ഈ മുതുമുത്തശി പാലത്തിനാണെന്ന് പറയാം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: