കുരുത്തംകെട്ടവന്; നീ നന്നാവില്ല. ഗുണം പിടിക്കാത്തവന്; നിന്നെക്കൊണ്ട് തോറ്റൂ. എവിടെയെങ്കിലും പോയി തുലയ്. ഇത്യാദി ശാപവാക്കുകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം. എളുപ്പത്തില്‍ പറയാവുന്ന ഈ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഋണാത്മക ഊര്‍ജം (പേടിക്കേണ്ട, നെഗേറ്റെവ് എനര്‍ജി എന്ന് ആംഗലേയം) കേള്‍ക്കുന്നവന്റെ വ്യക്തിത്വത്തെ ചെറുതായി ബാധിക്കും. എന്നാലും അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ശപിക്കാന്‍ എളുപ്പവും അനുഗ്രഹിക്കാന്‍ ബുദ്ധിമുട്ടും എന്നൊരവസ്ഥ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂത്തുപറമ്പിലെ പാലാപ്പറമ്പില്‍ കിനാത്തി ലക്ഷ്മണന് ഏറെ ചിന്തിച്ചു. പരിഹാരം കാണാനാവുമോ എന്നു നോക്കി. ഒടുവില്‍ അതുകണ്ടുപിടിച്ചു.
അതിനെക്കുറിച്ച് അറിയണമെങ്കില്‍ കുഴപ്പക്കാരെ നേരെയാക്കിക്കൊടുക്കപ്പെടും എന്ന ഫീച്ചര്‍ വായിച്ചാല്‍ മതി. മലയാളമനോരമയുടെ ഞായറാഴ്ചയി (മെയ് 19)ല്‍ അതങ്ങനെ ഹരിത സമൃദ്ധിയായി ഒഴുകിപ്പരന്നുകിടക്കുന്നു. എണ്‍പത്തിമൂന്നുകാരനായ ലക്ഷ്മണനെ ഒരുവിധപ്പെട്ടവരൊക്കെ ദൈവതുല്യനായി കാണുന്നു. കാരണം, സ്വന്തം മക്കള്‍ ഒരിക്കലും നന്നാവില്ലെന്ന് കരുതി ശപിച്ച് പെരുവഴിയിലേക്കിറക്കിയതാണവര്‍. അത്തരക്കാര്‍ സ്നേഹസമ്പന്നനായ ഒരു മനുഷ്യന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. എന്തിനാണ് കിനാത്തി ലക്ഷ്മണന് നാട്ടുകാരുടെ മക്കളെ സ്നേഹം കൊടുത്തും കാരുണ്യം പുതപ്പിച്ചും പൊന്നുപോലെ വളര്‍ത്തിയത്. അതിനെക്കുറിച്ച് ചോദിക്കരുത്. മൊട്ടുസൂചികൊടുത്താല്‍ പോലും പൊന്‍പണം പ്രതിഫലത്തിനായി കഠാര കാണിക്കുന്ന സമൂഹത്തില്‍ കിനാത്തി ലക്ഷ്മണന് പുറമേക്കാരനാണ്; ദൈവത്തിന്റെ പ്രതിപുരുഷനാണ്. ദൈവത്തിന്റെ പണി ഭൂമിയില്‍ ഏറ്റെടുത്ത് ചെയ്യുന്നയാള്‍!
ഇതിനകം 23 കുട്ടികളെ സ്വന്തം ചെലവില്‍ കിനാത്തി ലക്ഷ്ണന്‍ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി. അവരെയൊക്കെയും രക്ഷിതാക്കള്‍ പുലഭ്യം പറഞ്ഞും ശപിച്ച് കരിച്ചും പുറന്തള്ളിയവരായിരുന്നു. ഇനി ടി. അജീഷ് എഴുതിയ ഫീച്ചറിലേക്ക്: 19 ആണ്‍കുട്ടികളെയും നാലു പെണ്‍കുട്ടികളെയും സ്വന്തം വീട്ടില്‍ നിര്‍ത്തി പഠിപ്പിച്ചാണ് കണ്ണൂര്‍ കൂത്തുപറമ്പ് പാലാപ്പറമ്പില്‍ കിനാത്തി ലക്ഷ്ണന്‍ എന്ന ബിസിനസ്സുകാരന് ഉന്നത സ്ഥാനങ്ങളിലെത്തിച്ചത്. സാമ്പത്തിക പ്രയാസം കാരണം പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും വീട്ടുകാരും നാട്ടുകാരും ശല്യമായി കരുതിയവര്‍ക്കുമായി ലക്ഷ്മണന് വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടു. ഈ 23 പേരില്‍ എല്ലാ മതക്കാരുമുണ്ട്. ശ്രീധരനും ജോസഫും അഷറഫുമുണ്ട്. അതില്‍ ലണ്ടനില്‍ ഉദ്യോഗസ്ഥ ജീവിതം നയിക്കുന്ന ആളുണ്ട്, അബുദാബിയില്‍ വക്കീല്‍ ജോലി ചെയ്യുന്ന ആളുണ്ട്; ബാംഗ്ലൂരിലെ വലിയ ബിസിനസ്സുകാരനുണ്ട്! സ്നേഹം കൊണ്ട് വിശ്വം മുഴുവന്‍ കൊട്ടാരം പണിയാന്‍ സാധിക്കുന്നവര്‍ ഭൂമിയില്‍ എത്രയോ പേരുണ്ട്. പക്ഷേ, അവരെ ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തത്ര കുടുസ്സുമുറി മാനസികാവസ്ഥയുള്ളവരോട് അവസാനമായി ഇതു കൂടി: ജീവിതം ഇത്രയധികം സന്തോഷം നിറഞ്ഞതാകുമെന്ന് ലക്ഷ്മണന് വിചാരിച്ചിരുന്നില്ല. ഈ മക്കളെയൊക്കെ വളര്‍ത്താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇപ്പോള്‍ സന്തോഷമായി ചെയ്തു കൊണ്ടിരിക്കുന്നു. ആ സന്തോഷം കാണാന്‍ കിനാത്തി ഫാമില്‍ ആര്‍ക്കും ചെല്ലാം. സ്നേഹത്തിന്റെ ആ പച്ചത്തുരുത്തിനെക്കുറിച്ച് വായിക്കുമ്പോള്‍ പോലും മനസ്സുനിറഞ്ഞു പോവുന്നില്ലേ? കത്തിമുനയുടെ രാഷ്ട്രീയ സംസ്കാരമാണ് കണ്ണൂരിനുള്ളതെന്ന ചിലരുടെ ആരോപണം എത്ര അര്‍ത്ഥശൂന്യമാണ്. കിനാത്തി ലക്ഷ്മണന്മാരുടെ സംഘങ്ങള്‍ നമുക്കു ചുറ്റും ആനന്ദ നൃത്തമാടട്ടെ.
കിനാത്തി ലക്ഷ്മണനില്‍ നിന്ന് വിശ്വസ്നേഹത്തിന്റെ വിരാട് രൂപമായ അമ്മയിലേക്ക്: ഭൗതിക സമ്പത്തുകള്‍ക്ക് തരാന്‍ കഴിയുന്ന സുഖസൗഭാഗ്യങ്ങള്‍ ഒരു ത്രാസിന്റെ ഒരു തട്ടിലും ത്യാഗത്തില്‍നിന്നും നിഷ്കാമ സേവനത്തില്‍നിന്നും കിട്ടുന്ന സംതൃപ്തി മറ്റേത്തട്ടിലും വെച്ചാല്‍ തീര്‍ച്ചയായും രണ്ടാമത്തെ തട്ടു തന്നെ എപ്പോഴും താണിരിക്കും. പണത്തിന്റെ പരിമിതിയും പ്രയോജനവും നമ്മള് ഒരുപോലെ മനസ്സിലാക്കേണ്ടതാണ്. ധനം അഗ്നി പോലെയാണ്. സൃഷ്ടിക്കും സംഹാരത്തിനും അതിനെ ഉപയോഗിക്കാം. ഏതു വേണമെന്ന് നമ്മുടെ കൈയിലാണിരിക്കുന്നത്. (മാതൃഭൂമി, മെയ് 19) പണത്തിന്റെ പരിമിതിയെക്കുറിച്ചുള്ള അമ്മയുടെ കാഴ്ചപ്പാടിന്റെ അകംപൊരുള്‍ അറിഞ്ഞവനാണ് കിനാത്തി ലക്ഷ്മണന് എന്നു തോന്നുന്നില്ലേ? നമ്മുടെ ശ്രീശാന്തുള്‍പ്പെടെയുള്ളവരുടെ ധനാര്‍ത്തിയും അതിന്റെ പിന്നാമ്പുറക്കഥകളും ഇവിടെ ചേര്‍ത്തു വായിക്കുക. ധനത്തിന്റെ സംഹാരശേഷി നമുക്ക് അനുഭവിച്ചറിയാം. പണത്തിന്റെ പരിമിതി അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പരക്കം പായലുണ്ടാവില്ല.
ഗുജറാത്തിനെ ഒരു കാരണവശാലും മാതൃകയാക്കണ്ട എന്നാണ് നമ്മുടെ അതിവേഗ ബഹുദൂരക്കാരന് മുഖ്യമന്ത്രി പറഞ്ഞത്. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടുള്ള സര്‍വമാന ഖദറുകാരും ചെങ്കുപ്പായക്കാരും പച്ചക്കുപ്പായക്കാരും ഇതുതന്നെ പറയുന്നു. എന്നാല്‍ ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ ഉള്‍ത്തുടിപ്പ് എന്നും ജനഹൃദയങ്ങളിലെത്തിക്കാന്‍ ത്യാഗമനുഷ്ഠിക്കുന്ന ഒരു പറ്റം പേരുടെ ശ്രമഫലമായി പുറത്തിറങ്ങുന്ന ഒരു മാസിക അങ്ങനെയല്ല. യഥാര്‍ത്ഥ ഗാന്ധിസം എവിടെയാണ് വജ്രശോഭയോടെ നില്‍ക്കുന്നതെന്നും എന്തുകൊണ്ടാണതെന്നും അവര്‍ വ്യക്തമാക്കുന്നു പത്രാധിപക്കുറിപ്പിലൂടെ. കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങുന്ന പൂര്‍ണോദയ ഗാന്ധിദര്‍ശന്‍ മാസികയുടെ മെയ് ലക്കം പത്രാധിപക്കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: ഗുജറാത്ത് മാതൃകയാണ്. ഇനി അതിലെ പ്രസക്തമായ ഭാഗത്തേക്ക്: കേരളത്തിന് സ്വീകരിക്കാവുന്ന മഹത്തായ ഒരു മാതൃക ഗുജറാത്തിനുണ്ട്. ഗുജറാത്തില്‍ നിലനില്‍ക്കുന്ന മദ്യനിരോധനത്തിന്റേതാണ് ആ മാതൃക. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലേര്‍പ്പെടുത്തിയ മദ്യനിരോധനം ഇന്നുവരെ ഉപേക്ഷിക്കാത്ത ഏക സംസ്ഥാനം ഗുജറാത്താണ്. ഇന്ത്യയില്‍ മദ്യത്തിന്റെ ഉപയോഗം ഏറ്റവും കുറവുള്ള (0.13%) സംസ്ഥാനം ഗുജറാത്തും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളവുമാണ്. കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം, തൊഴില്‍രംഗത്തെ കാര്യക്ഷമത, സാംസ്കാരിക രംഗത്തെ തനിമ, ആരോഗ്യരംഗത്തെ സ്വാസ്ഥ്യം, സാധാരണക്കാരന്റെ വരുമാനത്തിലൊതുങ്ങുന്ന കുടുംബ ബജറ്റ് എന്നിവ ഗുജറാത്തില്‍ മാത്രം കാണാന്‍ കഴിയുന്ന പ്രത്യേകതകളാണ്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍ തേടി കേരളത്തിലെത്തുമ്പോള്‍ അക്കൂട്ടത്തില്‍ ഒരു ഗുജറാത്തിയെ പോലും കാണാത്തതിന്റെ കാരണവും മറ്റൊന്നല്ല. മദ്യമില്ലാത്തതുകൊണ്ട് പോലീസ്, ആശുപത്രി, കോടതി, ജയില്‍ എന്നീ സംവിധാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ വളരെക്കുറച്ച് പണമേ ഗുജറാത്ത് സര്‍ക്കാറിന് ചെലവഴിക്കേണ്ടി വരുന്നുള്ളൂ…. ഗുജറാത്തിന് പല രംഗത്തും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്ഥിതി വിവരക്കണക്കുകള്‍ വിളിച്ചുപറയുന്നുണ്ടെങ്കില്‍ ആ നേട്ടത്തിന്റെ അടിസ്ഥാന കാരണം ഗുജറാത്ത് മദ്യമുക്തമാണ് എന്നതു തന്നെയാണ്. ‘മദ്യത്തില്‍ നിന്നുള്ള വരുമാനം പാപത്തിന്റെ കൂലിയാണ്’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തെങ്കിലും മറന്നിട്ടില്ലെന്ന് ആശ്വസിക്കാം. അതിവേഗം ബഹുദൂരത്തേക്കു പോവുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത്രയെളുപ്പം കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിയോട് ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാം. ഇല്ലെങ്കില്‍ പോകുന്ന പോക്കില്‍ ഇമ്മാതിരി കല്മഷമില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ വായിക്കാം. നരേന്ദ്രമോദിയുടെ ചോരയ്ക്ക് ദാഹിച്ചിരിക്കുന്നവര്‍ക്കും ഇതു ബാധകമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
തൊട്ടുകൂട്ടാന്‍
മണികിലുക്കിപ്പറന്നു, നിശ്ശബ്ദരായ്
സകലസാക്ഷ്യം വഹിച്ച രാപ്പക്ഷികള്‍.
ഇലകളില്‍ വീണ ചന്ദ്രബിന്ദുക്കള്‍തന്‍
നനവുതോരുന്നൊരൊച്ചയും മാഞ്ഞുപോയ്.
അരികിലസ്തമിക്കാത്തൊരാമിന്നലും
ഇരുളിലേക്കു പിന്‍വാങ്ങിയില്ലാതെയായ്.
വിജയലക്ഷ്മി
കവിത: സീതാദര്‍ശനം
മാതൃഭൂമി ആഴ്ചപ്പതിപ്പ് (മെയ് 26 ജൂണ്‍ 1)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: