ഇതു ഭാസ്കരന്, ജീവിതത്തില്‍ ഒരിക്കല്‍ പോലും മനസ്സറിഞ്ഞ് ബസ്സില്‍ യാത്ര ചെയ്യാത്ത ഒരാള്‍. ഭാസ്കരന് അനന്തമായ കാലത്തിന്റെ തെരുവിലൂടെ നടപ്പു തുടങ്ങിയിട്ട് 58 ആണ്ടു കഴിഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ പൊലുപ്പില്‍ ഗ്രാമവാസിയാണ് ആലാണ്ടി ഭാസ്കരന് എന്ന വാസുവേട്ടന്. കുട്ടികളും മുതിര്‍ന്നവരും വാസു എന്ന മാത്രമേ വിളിക്കാറുള്ളൂ. അതില്‍ അയാള്‍ക്ക് പരിഭവമോ എതിര്‍പ്പോ ഒട്ടും ഇല്ല.
വാസുവേട്ടന്റെ എല്ലാ ദിവസവും ആരംഭിക്കുന്നത് നടത്തത്തിലൂടെയാണ്. മാട്ടൂല്‍ റോഡിലെ വീട്ടില്‍ നിന്നും കാലത്ത് നടന്ന് ഒരു കിലോമീറ്റര്‍ അകലത്തിലുള്ള ചായക്കടയിലെത്തും. അവിടെ നിന്നും ചായ കുടിക്കും. പിന്നീട് ആവശ്യക്കാര്‍ക്ക് ഈര്‍ച്ചപ്പൊടി എത്തിച്ചുകൊടുക്കലാണ് ജോലി.
വീട്ടിനടുത്ത് ഈര്‍ച്ചമില്ലുകളുണ്ട്. അവിടെ നിന്നും ഈര്‍ച്ചപ്പൊടി ശേഖരിച്ച് എളുപ്പത്തില്‍ നല്‍കാമെങ്കിലും വാസുവേട്ടന് അങ്ങനെ ചെയ്യില്ല. കിലോമീറ്ററുകള്‍ നടന്ന് ദൂരെയുള്ള മില്ലില്‍ നിന്നും പൊടിശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും.
ശരീരമറിയാതെ പണിയെടുത്ത കാശ് വേണ്ടാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. വെറും തുച്ഛമായ വേതനമാണ് വാസു പറ്റുന്നത്. നടത്തക്കൂലി മാത്രം. അതുകൊണ്ടു തന്നെ ഇയാള്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി.
പ്രായം ഏറെ ആയെങ്കിലും വാസുവിന് ഇന്നും ചെറുപ്പം വിട്ടുമാറിയിട്ടില്ല. മുടിയിഴകളില്‍ കാലം കുമ്മായം പൂശിയിട്ടില്ല. വാസുവിന്റെ ഈ ചെറുപ്പത്തിന് പ്രധാനകാരണം കിലോമീറ്ററുകള്‍ താണ്ടി നിത്യവുമുള്ള നടത്തം തന്നെ. ദിവസം എത്ര കിലോമീറ്റര്‍ താണ്ടുമെന്ന് അദ്ദേഹത്തിന് തന്നെ തിട്ടമില്ല.
ബസ്സുകള്‍ പത്തു നാല്പ്പതെണ്ണം മാട്ടൂല്‍ റോഡിലൂടെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അതില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. വാസുവിന്റെ സ്വകാര്യതയിലേക്ക് ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ‘വാസൂ.. നീയെന്താ ബസ്സ് കേറാത്തെ?’ എന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല. ആരും ചോദിക്കണമെന്ന് വാസു ആഗ്രഹിച്ചിട്ടുമില്ല. അയാളും ഇതേവരെ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല.
നാട്ടുകാരുടെ വാസുവേട്ടന് മാട്ടൂല്‍ വിട്ട് ഇതുവരെ എങ്ങും പോയിട്ടില്ല. പലരും പല സ്ഥലങ്ങളിലേക്കും ജോലിക്കായും വിനോദപരിപാടികള്‍ക്കായും നിര്‍ബന്ധിച്ചതാണ്. ഒരിക്കല്‍ വാസുവിനെ തന്റെ യൗവ്വനകാലത്ത് ഒരാള്‍ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വാസു അതിന് തയ്യാറായില്ല. അന്നു മുംബൈയിലേക്ക് പോയിരുന്നു എങ്കില്‍ ഒരുപക്ഷെ വാസുവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞേനെ.
ആദ്യകാലത്ത് വാസുവിനെ മുംബൈയിലേക്ക് ക്ഷണിച്ചവരും അവര്‍ കൂട്ടിക്കൊണ്ടുപോയി ധനാഢ്യരായവരും ഈ പ്രദേശത്ത് ഏറെയുണ്ട്.
നാട്ടിലെ മിക്ക കല്യാണത്തിനും വാസുവിന് ക്ഷണമുണ്ടാകും. ഇല്ലെങ്കിലും കല്യാണത്തിന് പങ്കെടുത്തിരിക്കണം എന്നത് നാട്ടുകാരുടെ നിര്‍ബന്ധമാണ്. വാസുവേട്ടനെ നാട്ടുകാര്‍ക്കെല്ലാം അത്രയേറെ ഇഷ്ടമാണെന്നതു തന്നെ കാരണം.
വാസുവിന്റെ യാത്രാവിരോധം മനസ്സിലാക്കിയ ഒരു പരിചയക്കാരനും സുഹൃത്തും ഒരിക്കല്‍ അകലെയുള്ള ഒരു വിവാഹത്തിന് കൂട്ടുപോകാന്‍ വാസുവിനെ ക്ഷണിച്ചു. ദൂരെയാണെന്ന കാര്യം പറഞ്ഞതുമില്ല. റോഡിലെത്തിയപ്പോഴാണ് ബസ്സ് വരുന്നത് കണ്ടത്. സുഹൃത്ത് ബലമായി പിടിച്ച് ബസ്സില്‍ കയറ്റി. പെട്ടെന്നുള്ള അക്രമണം മൂലം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വാസു ബസ്സിനുള്ളില്‍ ശ്വാസം മുട്ടി. സുഹൃത്തില്‍ നിന്നും മോചിതനായപ്പോള്‍ അടുത്തുള്ള സ്റ്റോപ്പിലിറങ്ങി ഏഴുകിലോമീറ്ററോളം നടന്ന് വീട്ടിലെത്തി. അതാണ് വാസുവിന്റെ ബസ്സില്‍ കയറിപ്പോയതിന്റെ ഒരേയൊരോര്‍മ്മ.
വാസു ചെയ്യുന്നത് ജോലിയല്ല. പരോപകാരമാണ്. റേഷന്‍ കടയില്‍, വൈദ്യുതി ബില്ലടക്കാന്‍, പൊടിവാരാന്‍, കടയില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍-എല്ലാത്തിനും നാട്ടുകാര്‍ക്ക് വാസു വേണം. നോക്കുകൂലിയും അട്ടിമറിക്കൂലിയും വാങ്ങുന്ന ഇക്കാലത്ത് ആള്ക്കാര് കൊടുക്കുന്ന കാശ് എത്രയെന്ന് എണ്ണിനോക്കുക പോലും ചെയ്യാതെ പോക്കറ്റിലിടും. അതാണ് വാസു.
കല്യാണം കഴിക്കാന്‍ വാസുവിന് ഏറെ ആഗ്രഹമുണ്ട്. പക്ഷെ, ആരും ഇതുവരെ ആത്മാര്‍ത്ഥമായി ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. എല്ലാവരും പറഞ്ഞു കളിയാക്കും. വാസുവേട്ടന് പലരെയും പ്രണയിച്ചിട്ടുണ്ട്, മനസ്സുകൊണ്ട്, പക്ഷെ അതെല്ലാം തികച്ചും ഏകപക്ഷീയമായിരുന്നു.
ഒരിക്കല്‍ ഒരു ഡോക്ടറെ പ്രണയിച്ച കഥ നാട്ടില്‍ പാട്ടായിരുന്നു. സംഭവം പക്ഷേ ഡോക്ടര്‍ അറിഞ്ഞില്ല. നാട്ടുകാരും പരിചയക്കാരും വാസുവിനെ ഇക്കാര്യം പറഞ്ഞ് കളിയാക്കിയിരുന്നു. പക്ഷെ വാസുവിന് ആരോടും ഒട്ടും പരിഭവമുണ്ടായില്ല. ഒടുവില്‍ ഡോക്ടര്‍ സ്ഥലം മാറി പോയപ്പോള്‍ വാസു കരഞ്ഞുവത്രെ. വാസുവിന്റെ മാതാപിതാക്കള്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പിന്നീട് കുറെക്കാലം ഒറ്റയാനായി കഴിഞ്ഞു. ഒടുവിലാണ് വാസുവിന് രക്തബന്ധങ്ങളുടെ വില മനസ്സിലായത്. ഒരിക്കല്‍ വയറിളക്കം പിടിപെട്ടപ്പോള്‍ തുണക്കായി ആരുമുണ്ടായില്ല. സ്വന്തം സഹോദരിമാരുടെ മക്കളല്ലാതെ. അങ്ങനെ കിടപ്പ് പെങ്ങളുടെ വീട്ടിലായി.
ബസ്സില്‍ മാത്രമല്ല, ഇക്കാലം വരെ ഓട്ടോയിലോ മറ്റു വാഹനങ്ങളിലോ കയറിയിട്ടില്ലെന്നാണ് വാസുവേട്ടന് പറയുന്നത്. വാഹനങ്ങളില്‍ കയറാതിരിക്കാന്‍ പ്രത്യേക കാരണമൊന്നും വാസുവിന് പറയാനില്ല. അതങ്ങനെയായെന്ന് മാത്രം. വാസുവിന് വയസ്സെത്രയായെന്ന് ചോദിച്ചാല്‍ ഒന്നു ചിരിക്കുക മാത്രം ചെയ്യും. വാസുവിന്റെ കളിക്കൂട്ടുകാരായിരുന്ന പൊലുപ്പിലെ വി.വി.രാജന് മേസ്തിരിയും ടി.വി.ബാലനും പറയുന്നത് 58 കഴിഞ്ഞിരിക്കുമെന്നാണ്. പക്ഷെ, വാസുവേട്ടന് ഇതു സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ല.
ഇനി ബസ്സില്‍ കയറിയിട്ടില്ലെന്ന് കരുതി വാസു വെറുമൊരു മണ്ടൂസാണെന്ന് തെറ്റിദ്ധരിക്കരുത്. കാലത്ത് സമീപത്തുള്ള വായനശാലയില്‍ നിന്നും കിട്ടുന്ന പത്രങ്ങളെല്ലാം അരിച്ചുപെറുക്കി വായിക്കും. ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടരുന്നതു കാണാം. അതു ചിലപ്പോള്‍ സമൂഹവ്യവസ്ഥിതികളോടുള്ള പരിഹാസമാകാം, അല്ലെങ്കില്‍ വാര്‍ത്തകളിലെ നര്‍മ്മം ആസ്വദിക്കുകയാകാം. ആരോടും പ്രതിഷേധവും പരിഭവവും ഇല്ലാത്ത വാസുവേട്ടന് ഇങ്ങനെ ചിരിക്കാനല്ലാതെ മേറ്റ്ന്തു ചെയ്യാനാകും.
ജീവിതത്തില്‍ ഇദ്ദേഹത്തിന് ഇതുവരെ കാര്യമായ അസുഖങ്ങളൊന്നും ബാധിച്ചിട്ടില്ല. ഒരു പനി, അല്ലെങ്കില്‍ ഒരു കഫക്കെട്ട്, അത് മാറാനുള്ള ചില്ലറ പൊടിക്കൈകളൊക്കെ മൂപ്പര്‍ക്ക് വശമുണ്ട്.
കിട്ടിയതൊക്കെ വാരിവലിച്ചു തിന്നുന്ന ഏര്‍പ്പാടൊന്നുമില്ല വാസുവിന്. കൃത്യസമയത്ത് രണ്ടുപിടി വറ്റ്. കാലത്തും വൈകുന്നേരവും ഒരു ചായയും ചെറുകടിയും.
വാസുവിന്റെ അച്ഛന് കല്ലുചെത്തുതൊഴിലാളിയായിരുന്നു. കുറച്ചുകാലം അച്ഛന്റെ കൂടെ കല്ല് ചെത്തുപഠിക്കാന്‍ പോയിരുന്നുവെങ്കിലും ആ പണിയൊന്നും വാസുവിന് വഴങ്ങിയില്ല. അതുകൊണ്ട് കിട്ടുന്ന ജോലിയിലും കൂലിയിലും വാസു സംതൃപ്തനാണ്. അങ്ങിനെയെല്ലാമുള്ള വാസു അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നു. കേവലമനുഷ്യനായി തന്റെ ജീവിതയാത്ര തുടരുന്നു. കാലത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങളറിയാതെയാണ് വാസുവിന്റെ ഏകാന്തയാത്ര.
സി.വി.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: