തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന സീ പ്ലെയിന്‍ പദ്ധതിക്ക് ഈ മാസാവസാനത്തോടെ തുടക്കമാകും. കൊല്ലം അഷ്ടമുടിക്കായലില്‍ നിന്ന് ആലപ്പുഴ പുന്നമടയിലേക്ക് ഉദ്ഘാടനപറക്കല് നടത്തി പദ്ധതി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സീപ്ലെയിനായുള്ള വാട്ടര്ഡ്രോമിന്റെ നിര്‍മ്മാണം കൊല്ലത്ത് പൂര്‍ത്തിയായി. കൊല്ലം ഡിറ്റിപിസി, കൊച്ചി ബോള്‍ഗാട്ടി, കണ്ണൂര്‍ ബേക്കല്‍ എന്നിവിടങ്ങളിലും സീപ്ലൈയിനായി വാട്ടര്‍ഡ്രോം ഒരുക്കിയിട്ടുണ്ട്. വാട്ടര്ഡ്രോമിലായിരിക്കും സെക്യൂരിറ്റി പരിശോധനയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുന്നത്. ഒരു ഹൗസ് ബോട്ടാണ് വാട്ടര്ഡ്രോമാക്കി മാറ്റിയിരിക്കുന്നത്. കൈരളി ഏവിയേഷനാണ് ആദ്യ സീപ്ലെയിന്‍ എത്തിക്കുന്നത്. മറ്റ് കമ്പനികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പതിനെട്ട് സീറ്റുകള്‍ വരെയുള്ള സീപ്ലെയിനുകളാണ് കേരളത്തില്‍ സര്‍വ്വീസ് നടത്തുക. ഒരു മണിക്കൂര്‍ സീപ്ലെയിനില്‍ യാത്ര ചെയ്യുന്നതിന് 6000 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.
ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും പദ്ധതിയെക്കുറിച്ച് ആശങ്കയും എതിര്‍പ്പും ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്. ചില പരിസ്ഥിതിവാദികളും മത്സ്യത്തൊഴിലാളികളുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നതാണ് പ്രധാന ആരോപണം. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയെ പദ്ധതി മോശമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കായലുകളെയും കനാലുകളെയും ലക്ഷ്യമിട്ടുള്ള സീ പ്ലെയിന്‍ കായല്‍ ജലത്തെ മലിനീകരിക്കുമെന്നും കരിമീന്‍, കൊഞ്ച് ഉള്‍പ്പടെയുള്ള മത്സ്യസമ്പത്തിന്റെ നാശത്തിന് അത് കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തണ്ണീര്‍ത്തടങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും. ഒട്ടനവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന വേമ്പനാട് കായലിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നശിക്കും തുടങ്ങിയ ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. ആശങ്കകള്‍ക്ക് ഉചിതമായ മറുപടി നല്കാന് സര്ക്കാരിനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എമര്‍ജിങ് കേരളയില്‍ സംസ്ഥാനടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതിയായിരുന്നു സീപ്ലെയിന്‍. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അവസാന ഘട്ടത്തിലാണ്. സംസ്ഥാന പോലീസില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 22 ഉദ്യോഗസ്ഥരാണ് ആദ്യ ബാച്ചിലുള്ളത്.
കുമരകം, അഷ്ടമുടി, ബോള്‍ഗാട്ടി, പുന്നമട, ബേക്കല്‍ എന്നീ പദ്ധതി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഹെലികോപ്റ്റര്‍ പോലെ വലിയതോതില്‍ പണചെലവില്ലാത്തതാണ് സീ പ്ലെയിന്‍ എന്നതാണ് പദ്ധതിയുടെ മറ്റൊരു സാധ്യത. ടൂറിസ്റ്റുകള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും സഞ്ചരിക്കാന്‍ ഇതു പ്രയോജനപ്പെടും. കേരളത്തിന്റെ കുഗ്രാമങ്ങളെ ആകാശമാര്‍ഗം വന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ പദ്ധതി സഹായകരമാകും. കൊച്ചി വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്കു വിമാനത്തില്‍ തന്നെ എളുപ്പത്തില്‍ മൂന്നാറിലെത്താന്‍ കഴിയുമെന്നതാണ് ഏറെ സൗകര്യപ്രദം.
ചെലവുകുറഞ്ഞ യാത്രാ സൗകര്യമൊരുക്കാന്‍ സീ പ്ലെയിന്‍ പദ്ധതിയിലൂടെ കഴിയുമെന്നതിനാല്‍ ഇതു വേഗത്തില്‍ പ്രചാരം നേടുമെന്നും കണക്കുകൂട്ടുന്നുണ്ട്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതു പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയാണ്. വിമാന സര്‍വീസ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികളോടെ ആര്‍ക്കും നടത്താം. ചാര്‍ട്ടര്‍ ചെയ്തും വിമാനം ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 12 കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് ഒരു എയര്‍ക്രാഫ്റ്റിന് പത്തുമുതല്‍ 30 കോടിവരെ ചെലവുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 15 കോടിയാണ് വിഹിതമായി നല്‍കുന്നത്. ഇത് അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മാത്രമാണ്. കേരളത്തില്‍ പദ്ധതി വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് വിമാനകമ്പനികള്‍. കായല്ടൂറിസത്തിനു പേരുകേട്ട കേരളത്തില്‍ ജലവിമാനയാത്രയ്ക്കു വിദേശികളെപ്പോലെ തന്നെ സ്വദേശികളായ വിനോദസഞ്ചാരികളും എത്തുമെന്നാണ് പ്രതീക്ഷ.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: