ധര്‍മ്മശാല: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ താമസ സ്ഥലമായ ധര്‍മ്മശാലയില്‍ പിടിയിലായ ചൈനീസ് ചാരന്റെ പദ്ധതികള്‍ ഭീകരമായ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് വെളിപ്പെടുന്നു. ഇന്ത്യന്‍ പോലീസിന്റെ പിടിയിലായ 33 കാരന് പെന്പാ ത്സെറിംഗ് മുമ്പ് ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ അംഗമായിരുന്നു. രണ്ട് തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നടത്തിയ പദ്ധതിക്കിടയിലാണ് ഇയാള്‍ പിടിയിലായത്. തിബറ്റന്‍ സമൂഹത്തിനിടയില്‍ ഭീകരതയും അരാജകത്വവും ഉണ്ടാക്കാനുള്ള പദ്ധതിയായിരുന്നു പെന്പാ ത്സെറിംഗിന്.
സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംഭവത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. വെളിപ്പെടുന്നത് സിനിമാകഥയെ പോലും അതിശയിപ്പിക്കുന്നതാണ്. “ഏറ്റവും പുതിയ ഈ സംഭവത്തോടെ വ്യക്തമാകുന്നത്, ചൈനാ സര്‍ക്കാര്‍ ദലൈലാമയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും അതീവ തല്പരരാണെന്നാണ്. അതിനു വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും നാടുകടത്തപ്പെട്ട ലാമയേയും സമൂഹത്തേയും തകര്‍ക്കാന്‍ ആസൂത്രണങ്ങള്‍ തുടരുകയാണെന്നുമാണ്,” പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
തിബറ്റന്‍ സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണമനുസരിച്ച് പിടിയിലായ ചാരന് സെന്‍ട്രല്‍ തിബറ്റിലെ നാഗ്ചു മേഖലയിലെ ഌാറിയില്നിന്നുള്ളയാളാണ്. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്നത്തെ രാഷ്ട്രീയ-നിയമകാര്യ സെക്രട്ടറിയായിരുന്ന ലി യുഖാന്‍ 2009-ല്‍ ഇയാളെ റിക്രൂട്ട് ചെയ്ത് ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. പെന്‍പക്ക് ആയുധ പരിശീലനവും കായിക പരിശീലനവും നല്കി. 1999 മുതല്‍ 2002 വരെ പീപ്പിള്‍സ് ആര്‍മിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ത്യയിലേക്ക് നിയോഗിക്കപ്പെട്ടത്, പത്രക്കുറിപ്പു പറയുന്നു.
ഈ വിവരങ്ങളെല്ലാം പിടിയിലായ പെന്പാ തിബറ്റന്‍ അഡ്മിനിസ്ട്രേഷന് സുരക്ഷാ വിഭാഗത്തോടു നടത്തിയ കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തിയതാണ്. ഇയാള്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന് സുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരനായാണ് നടിച്ചിരുന്നത്. തിബറ്റന്‍ എന്‍ജിഒകളെക്കുറിച്ചും അവിടത്തെ മുതിര്‍ന്ന പ്രവര്‍ത്തകരെയും നടപടി ക്രമങ്ങളെയും നിത്യജീവിത സംവിധാനങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പപ്പോള്‍ ഫോണ്‍ വഴി അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വീ ചാറ്റ്, ക്യു ക്യു തുടങ്ങിയ സംവിധാനങ്ങള്‍ വഴി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിരുന്നു.
ഒടുവില്‍ രണ്ടു തിബറ്റന്‍ യുവാക്കളെ വിഷം തീണ്ടിച്ചുകൊല്ലാന്‍ നിയുക്തനാകുകയായിരുന്നു പെന്പാ. “ഈ യത്നം നടപ്പിലാക്കാന്‍ രണ്ടുവട്ടം പെന്പാ കാഠ്മണ്ഡുവില്‍ എത്തിയിരുന്നു 2012-ല്‍. ലി യും മറ്റു ചൈനാ ഏജന്റുമാരും താഷി ഗ്യാല്റ്റ്സന്, കര്‍മാ യേഷി എന്നീ യുവാക്കളെ വകവരുത്താന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരും 2010-ല്‍ തിബറ്റില്‍നിന്ന് ഇന്ത്യയിലേക്കു രക്ഷപെട്ടു കടന്നവരാണ്. പെന്പക്കു പ്രയോഗിക്കാന്‍ ലീ യും കൂട്ടരും മൂന്നു തരത്തിലുള്ള വിഷം പെന്‍പയുടെ മുന്നില്‍ വെച്ച് കോഴിയിലും പട്ടിക്കുഞ്ഞുങ്ങളിലും പരീക്ഷിച്ചു വിജയിക്കുന്നതു തെളിയിച്ച ശേഷമാണ് നല്‍കിയത്. 2009 മെയ് മുതല്‍ ഇതുവരെ 11 ലക്ഷം ഇന്ത്യന്‍ രൂപ പെന്‍പക്ക് ചെലവിടാനായി ചൈനാ അധികൃതര്‍ നല്‍കിയതായും വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
പെന്‍പയുടെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സംശയം തോന്നിയ തിബറ്റന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ പോലീസിനു പരാതി നല്കി. അവര്‍ പെന്പയെ ഏറെ നാള് നീരീക്ഷിച്ച ശേഷമാണ് ബുധനാഴ്ച അറസ്റ്റുചെയ്തതെന്ന് കാംഗ്രയിയെ പോലീസ് സൂപ്രണ്ട് ബല്‍ബീര്‍ താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: