തിരുവനന്തപുരം: കുറിച്ച്യകലാപത്തെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കണമെന്ന് അഖിലഭാരത വനവാസി കല്യാണാശ്രം ഉപാധ്യക്ഷന്‍ കൃപാ പ്രസാദ് സിംഗ്. കേരളവനവാസി വികാസകേന്ദ്രത്തിന്റെ അവകാശപ്രഖ്യാപന വാഹന ജാഥയുടെ സമാപനസമ്മേളനം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പ്, ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്ന തുക എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും കൃപ പ്രസാദ് സിംഗ് ആവശ്യപ്പെട്ടു.
മാറിമാറിവന്ന സര്‍ക്കാരുകള്‍ വനവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഭൂമാഫിയക്കും കുത്തകകള്‍ക്കും കൈമാറുകയാണ് ചെയ്തിട്ടുള്ളതെന്ന് ഹിന്ദുഐക്യവേദി സഹസംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന് പറഞ്ഞു. ചതിയിലൂടെ തട്ടിയെടുത്ത ഭൂമിയെല്ലാം സര്‍ക്കാര്‍ വിട്ടുനല്‍കണം. അവകാശപ്പെട്ട ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വനവാസികള്‍ നല്കിയ അപേക്ഷകളും പരാതികളും വയനാട് കളക്ടറേറ്റില്‍ കെട്ടിക്കിടക്കുകയാണ്. കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. വയനാട്ടില്‍ വനവാസിളുടെ ഭൂമി വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ സെന്റ്മേരീസ് സ്കൂളിന് പതിച്ച് നല്കി. വനവാസികള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ അവരുടെ യഥാര്ത്ഥഭൂമിയെ വിസ്മരിച്ചു. അട്ടപ്പാടിയില്‍ അഹാഡ്സിന് നല്‍കിയിരുന്ന ഗ്രാന്റുകള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് വകമാറ്റി നല്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വനവാസികളോട് നീതി കാണിക്കുന്നില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു.
കുറിച്ച്യ കലാപത്തിന്റെ 201-ാം വാര്‍ഷികമായ മെയ് ഒമ്പതിനാണ് കാസര്‍കോടുനിന്നും ജാഥ ആരംഭിച്ചത്. ഭൂമി ഇല്ലാത്ത എല്ലാ വനവാസികള്‍ക്കും ഒരേക്കര്‍ഭൂമി നല്‍കുക, തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി, എറണാകുളം, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ തലമുറകളായി വനവാസികള്‍ കൈവശം വച്ചിരുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കുക എന്നിവയാണ് ജാഥ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
സമാപന സമ്മേളനത്തില്‍ കേരളവനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ രാമന്, ജാഥാ ക്യാപ്റ്റന്‍ പി.കൃഷ്ണന്, സംഘടനാ കാര്യദര്‍ശി റ്റി.എസ്.നാരായണന്, കൃഷ്ണന് എച്ചിക്കാനം, എസ്.രാമനുണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: