കണ്ണൂര്‍: കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസനെ പോലുള്ളവരാണ് രമേശ് ചെന്നിത്തലയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാക്കിയതെന്ന് കെ സുധാകരന് കുറ്റപ്പെടുത്തി. എംഎം ഹസന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് സുധാകരന്റെ ആരോപണം.
ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ് നേതാക്കളാരും തന്നെ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഹസനെ പോലുള്ളവരാണെന്നും അദ്ദേഹം തുറന്നടിച്ചു. വിഷയം നിലവില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഇനിയും വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റിനെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പ്രതിരോധിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും കെ. സുധാകരന് പറഞ്ഞു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ തന്നെയാണ് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ രമേശിനെ ദ്രോഹിക്കുകയാണെന്നും എം.എം ഹസന് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും രണ്ടു തട്ടിലാണെന്ന് ഇവര്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുയാണെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പ്രതിനിധിയായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ഹസന് ആരോപിച്ചിരുന്നു. ഹസന്റെ ഈ പ്രസ്താവനയ്ക്കെതിരെയാണ് സുധാകരന്റെ ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: