മരട്: കായല്‍ കയ്യേറിയുള്ള അനധികൃത കെട്ടിടനിര്‍മ്മാണം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. മരട് നഗരസഭയിലെ കുണ്ടന്നൂരിനുസമീപത്താണ് തീരദേശപരിപാലന നിയമം ലംഘിച്ചുകൊണ്ട് വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു വരുന്നത്. പത്തനംതിട്ട സ്വദേശിയായ എന്‍ആര്‍ഐയുടെ ഉടമസ്ഥതയിലുള്ളതാണ് കായല്‍ കയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടം. നാനൂറോളം ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിനാണ് സ്വകാര്യ വ്യക്തി നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം വലിപ്പമുള്ള കെട്ടിടമാണ് ഇപ്പോള്‍ പണിതിരിക്കുന്നത്.
സ്വകാര്യവ്യക്തിയുടെ സ്ഥലം കായലിനരികിലാണ്. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കാനായി അമ്പത് മീറ്ററിലധികം കായല്‍ മണ്ണിട്ടുനികത്തിയിട്ടുണ്ട്. തീരദേശ പരിപാലനനിയമം സോണ്‍ ഒന്ന്, മൂന്ന് എന്നിവയില്‍പ്പെടുന്നതാണ് മരടിലെ കായല്‍ പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ അന്‍പതുമീറ്റര്‍ മാറി മാത്രമെ നിര്‍മ്മാണ പ്രവര്‍ത്തനവും പാടുള്ളു എന്നാണ് ചട്ടം. കുണ്ടന്നൂരില്‍ സ്വകാര്യ വ്യക്തി കായല്‍ കയ്യേറിനിര്മ്മിക്കുന്ന നിയമവിരുദ്ധ നിര്‍മ്മാണപ്രവര്‍ത്തനം തടഞ്ഞുകൊണ്ട് മരട് നഗരസഭ സ്റ്റോപ്പ്മെമ്മോ പുറപ്പെടുവിച്ചിരുന്നതാണ്. ഇതിനിടെ നാലുതവണ നിര്‍മ്മാണം നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടിടപെട്ട് തടഞ്ഞിട്ടുമുണ്ടെന്ന് മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു.
സ്റ്റോപ്പ്മെമ്മോനല്കിയിട്ടും കെട്ടിടനിര്‍മ്മാണം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍ മാരും നഗരസഭാ ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ട് സ്ഥലത്തെത്തിയത്. ഇതിനിടെയാണ് കായലില്‍ ഇരുമ്പുപൈപ്പുകള്‍ സ്ഥാപിച്ച് കയറുകെട്ടി കായല്‍ കയ്യേറിയതായി കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്ഐ എ.ബി.വിപിനിന്റെ നേതൃത്വത്തില്‍ പനങ്ങാട് പോലീസും സ്ഥലത്തെത്തി. നഗരസഭാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കായലില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുപൈപ്പുകള്‍ തൊഴിലാളികള്‍ നീക്കി. തുടര്‍ന്നും കെട്ടിടം പണിനടത്തിയാല് ഉടമക്കെതിരെ ക്രിമിനല്‍കുറ്റത്തിന് കേസെടുക്കാന്‍ പോലീസില്‍ പരാതിനല്‍കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: