ആലപ്പുഴ: സിപിഎം ഔദ്യോഗികപക്ഷത്തെ കടുത്ത ഭിന്നതയെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുത്താനുള്ള നീക്കം പൊളിഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പൊട്ടിക്കരച്ചിലിലൂടെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശന ശരങ്ങളേറ്റുവാങ്ങിയ നിലവിലെ സെക്രട്ടറി ടി.വി.രാജേഷിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തേണ്ടി വന്നത് തിരിച്ചടിയായി.
പ്രായപരിധി പിന്നിട്ട ടി.വി.രാജേഷിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിണറായി പക്ഷത്ത് രൂപംകൊണ്ട കടുത്ത ഭിന്നതയാണ് രാജേഷിന് തുണയായത്. നിലവിലെ ജോയിന്റ് സെക്രട്ടറി എ.എന്‍.ഷംസീറിനെ പ്രസിഡന്റാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗവും മുഹമ്മദ് റിയാസിന് വേണ്ടി ഇ.പി.ജയരാജനും കടുംപിടിത്തം സ്വീകരിച്ചതോടെ സമവായമുണ്ടാക്കാനായില്ല. ഈ സാഹചര്യത്തില്‍ രാജേഷിനെ പ്രസിഡന്റായും എം.സ്വരാജിനെ സെക്രട്ടറിയായും നിയോഗിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഡിവൈഎഫ്ഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ചാണ് ഡിവൈഎഫ്ഐ നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും പല നേതാക്കളും ഏറാന്മൂളികളായി മാറിയെന്നും സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്ശനമുയര്ന്നെങ്കിലും ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം ഡിവൈഎഫ്ഐക്ക് ഏകകണ്ഠമായി അംഗീകരിക്കേണ്ടി വന്നു. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസ് പക്ഷക്കാരെ പൂര്‍ണമായി ഒഴിവാക്കി. നേരത്തെയുണ്ടായിരുന്ന നാല് വിഎസ് പക്ഷക്കാരെ ഇത്തവണ ഉള്‍പ്പെടുത്തിയില്ല. ആലപ്പുഴയില്‍ ജില്ലയില്‍ നിന്നുള്ള ഐസക് പക്ഷക്കാരനെയും ഒഴിവാക്കി.
നിലവില്‍ തെരഞ്ഞെടുത്ത 81 അംഗ സംസ്ഥാന കമ്മറ്റിയില്‍ നാല്പതുപേരും പുതുമുഖങ്ങളാണ്. പിണറായി പക്ഷത്തെ ഭിന്നത ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലേക്കും വ്യാപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് സംസ്ഥാന സമ്മേളനം അവസാനിച്ചത്. സിപിഎം ഉന്നത നേതാക്കളുടെ പെട്ടി ചുമക്കുന്നവര്‍ക്ക് മാത്രമെ സംസ്ഥാന നേതൃത്വത്തില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് ഇതിനകം ആരോപണമുയര്‍ന്ന് കഴിഞ്ഞു.
കഴിഞ്ഞ മൂന്നുവര്‍ഷം സംഘടനാ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നുവെന്നും സമരങ്ങളൊന്നും തന്നെ വിജയിപ്പിക്കാന്‍ സാധിച്ചില്ലെന്നുമുള്ള പ്രതിനിധികളുടെ രൂക്ഷമായ ആരോപണം നേരിട്ടവരെ തന്നെ വീണ്ടും അതേസ്ഥാനങ്ങളില്‍ നിലനിര്‍ത്തിയത് സംഘടന നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: