തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹം മന്ത്രിസഭയിലെത്തരുതെന്ന് കരുതുന്ന ചില തല്പരകക്ഷികളാണെന്ന് കെപിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്. തമ്പാനൂര്‍ രവിയും താനും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ കണ്ടത് ഗ്രൂപ്പ് അടിസ്ഥാനത്തില്ലെന്നും മന്ത്രിസഭാ പ്രവേശത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ വകുപ്പിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നും വകുപ്പിന്റെ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഹസ്സന് പറഞ്ഞു. ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് ഉണ്ടായത്. രമേശ് മന്ത്രിസഭയിലേയ്ക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും എംഎം ഹസ്സന് പറഞ്ഞു. എന്നാല്‍, വകുപ്പിന്റെ കാര്യത്തെ കുറിച്ച് സംസാരം ഉണ്ടായിട്ടില്ല.
ഗണേഷ് രാജിവയ്ക്കുകയും കേരള കോണ്‍ഗ്രസ് (ബി) ക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ആര് ബാലകൃഷ്ണപിളള പറയുകയും ചെയ്ത സാഹചര്യത്തിലാണ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും ഗുണകരമായതുകൊണ്ടാണ് അത്തരമൊരു നീക്കം നടത്തിയതെന്നും ഹസന് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരെ വേണമെന്ന കാര്യത്തില്‍ താനും തമ്പാനൂര്‍ രവിയും ചര്‍ച്ച ചെയ്തുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രമേശ് മന്ത്രിസഭയിലേയ്ക്ക് പോകുകയും കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ചെയ്താല്‍ മാത്രം ചര്‍ച്ചയില്‍ വരേണ്ട കാര്യത്തെക്കുറിച്ച് മുന്‍കൂട്ടി ചര്‍ച്ച ചെയ്തുവെന്ന വാര്‍ത്ത ശരിയല്ല. ഇക്കാര്യത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഹസ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: