കോഴിക്കോട്: കെ.ടി.ജയകൃഷ്ണന്മാസ്റ്ററെ കൊലപ്പെടുത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് അന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. അന്വേഷണം അവസാനിപ്പിക്കുകയാണെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് വിവരം.
യഥാര്‍ഥപ്രതികളെ കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ചിന് കഴിയാത്ത സാഹചര്യം വ്യക്തമാക്കണം. സിപിഎമ്മിന്റെ സംസ്ഥാനതല നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ചില സുപ്രധാനകേസുകളില്‍ ധാരണയിലെത്തിയിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കാതെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിന് പിന്നില്‍, ഗൂഢാലോചന നടത്തിയ ഉന്നതതല സംഘത്തെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതുകൊണ്ടാണോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയധാരണകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത ഒരന്വേഷണം കൊണ്ടുമാത്രമേ യഥാര്ഥപ്രതികളെയും ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരാന്കഴിയൂ.
സിബിഐ അന്വേഷണത്തിനായി ബിജെപിനിരന്തരമായി ഉയര്‍ത്തിയ ആവശ്യത്തിനെ സാധൂകരിക്കുന്ന നിലയിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതല്ലെങ്കില്‍ രാഷ്ട്രീയപരമായും നിയമപരമായും ബിജെപി അതിനെ നേരിടുമെന്ന് മുരളീധരന് വ്യക്തമാക്കി. മുന്‍മന്ത്രി ഗണേഷ്കുമാറിനെ സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനവും ചെയര്മാന്സ്ഥാനവും നല്കി പരിഹരിക്കാവുന്ന രാഷ്ട്രീയ പ്രശ്നമല്ലിത്. സ്ത്രീസമൂഹത്തോടുള്ള അനീതിയാണ്, മുരളീധരന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസി ഡന്റ് പി.രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: