ന്യൂദല്‍ഹി: നീലപ്പടയുടെ ഓള്‍റൗണ്ട് മികവിന് മുകളിലൂടെ മൂളിപ്പാട്ടും പാടിയാണ് മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നെത്തിയത്. ഐപിഎല്‍ ന്റെ ചരിത്രത്തിലെ ആറ് ഫൈനലുകളില്‍ അഞ്ചിലും ചെന്നൈക്ക് ഇടം നേടാനായി എന്നത് എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നു. ടോസ് നേടിയ മഹാരാജാക്കന്മാര് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ചെന്നൈ അടിച്ചൂകൂട്ടിയപ്പോള്‍ തന്നെ മത്സരം പകുതി നീലപ്പടയുടെ കൈകളില്‍ നിന്നും വഴുതിയിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച രോഹിത് ശര്‍മയും കൂട്ടരും 18.4 ഓവറില്‍ 144 ന് എല്ലാവരും പുറത്തായി. 48 റണ്‍സിന്റെ പരാജയമാണ് നീലപ്പട രുചിച്ചത്. എന്നാല്‍ ഈ പരാജയംകൊണ്ട് മുംബൈയുടെ സാധ്യതകള്‍ അവസാനിക്കുന്നില്ല. രണ്ടാം മത്സരത്തിലെ വിജയികളുമായി ഒരു മത്സരം കൂടി അവര്‍ക്ക് ബാക്കിയുണ്ട്. നേരിയ പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് മുംബൈ. മത്സരം നാളെ കൊല്‍ക്കത്തയില്‍ നടക്കും.
മൈക്ക് ഹസിയുടേയും സുരേഷ് റെയ്നയുടേയും മാരകമായ ബാറ്റിംഗാണ് ചെന്നൈയെ കലാശപ്പോരാട്ടത്തിന് അര്‍ഹരാക്കിയത്. കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 192 റണ്‍സ് അടിച്ചെടുത്തത്. മുംബൈക്കെതിരായ പ്രകടനത്തിലൂടെ ലീഗിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമ മൈക്ക് ഹസിയായി മാറി. 732 റണ്‍സാണ് ഈ ഓസ്ട്രേലിയന്‍ മധ്യനിരബാറ്റ്സ്മാന്റെ പേരില്‍ കുറിക്കപ്പെട്ടത്. 708 റണ്‍സ് നേരിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ക്രിസ് ഗെയ്ലിനെയാണ് ഹസി മറികടന്നത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ് സുരേഷ് റെയ്ന. 17 മത്സരങ്ങളില്‍നിന്നും 548 റണ്‍സ് റെയ്ന ഇതുവരെ നേടിയിട്ടുണ്ട്.
വെടിക്കെട്ട് തുടക്കമായിരുന്നു സൂപ്പര്‍ കിംഗ്സിന്റേത്. കോട്ലയിലെ ചെറിയ ഗ്രൗണ്ടില്‍ ചെന്നൈയുടെ ബാറ്റ്സ്മാന്മാര് അഴിഞ്ഞാട്ടം തന്നെ നടത്തി. എട്ടാം ഓവറില്‍ മുരളി വിജയിനെ (23) അവര്‍ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്നാണ് ക്രീസില്‍ ബാറ്റ്സ്മാന്മാര് കൊടുങ്കാറ്റായത്. ഹസിയും റെയ്നയും ഒത്തുചേര്‍ന്നപ്പോള്‍ ആവേശം കൊടുമുടി കയറി. പന്തുകള്‍ അതിര്‍വരമ്പുകള്‍ തേടി പാഞ്ഞു. സ്കോറിംഗ് റോക്കറ്റുപോലെ കുതിച്ചു. ചെറിയ ഗ്രൗണ്ടില്‍ വലിയ താരങ്ങള്‍ അരങ്ങുതകര്‍ത്തു. അവരെ നിയന്ത്രിക്കാന്‍ നീലപ്പടക്ക് കഴിയാതെ പോയതോടെ കളി മുംബൈ കൈവിട്ടു. ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ കഴിയാതെ പോയത് ഇന്ത്യന്‍സിന് കനത്ത ആഘാതമായി മാറി. 58പന്തില്‍നിന്നും 10 ബൗണ്ടറികളുടേയും രണ്ട് സിക്സറിന്റേയും കരുത്തില്‍ 86 റണ്‍സാണ് ഹസി നേടിയത്. സുരേഷ് റെയ്ന 42 പന്തില്‍നിന്നും 82 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ അഞ്ചുതവണ പന്തുകള്‍ അതിര്‍ത്തി തേടി പാഞ്ഞപ്പോള്‍ അഞ്ചുതവണ പന്ത് സ്റ്റേഡിയത്തിലെത്തി. ആകെ നിലംപതിച്ച ഒരു വിക്കറ്റ് പൊളാര്‍ഡിന്റെ പേരിലും കുറിക്കപ്പെട്ടു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കുവേണ്ടി ഡ്വൈയ്ന്‍ സ്മിത്തിന് മാത്രമേ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. സ്മിത്തിന് പിന്തുണ നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ മത്സരത്തില്‍ നീലപ്പടയുടെ മാര്‍ച്ച് കാണാനാകുമായിരുന്നു. 28 പന്തില്‍നിന്നും ആറ് ബൗണ്ടറികളുടേയും 5 സിക്സറിന്റെയും കരുത്തില്‍ 68 റണ്‍സാണ് സ്മിത്ത് നേടിയത്. സ്മിത്ത് ക്രീസിലുള്ളപ്പോള്‍ ചെന്നൈ തീപിടിച്ച അവസ്ഥയിലായിരുന്നു. തുടക്കത്തില്‍ തന്നെ ആദിത്യ താരയുടെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നെങ്കിലും സ്മിത്ത് കൊടുങ്കാറ്റായപ്പോള്‍ മഞ്ഞക്കിളികള്‍ ചിതറി. 8 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 87 എത്തിയിരുന്നു. എന്നാല്‍ ജഡേജയുടെ പന്തില്‍ റെയ്ന സ്മിത്തിനെ പിടികൂടിയതോടെ മുംബൈയുടെ കഥ കഴിയുകയായിരുന്നു. തുടര്‍ന്നെത്തിയ ആര്‍ക്കും തന്നെ തിളങ്ങാനായില്ല. 24 റണ്‍സെടുത്ത പൊളാര്‍ഡ് മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. മൂന്നുപേര്‍ പൂജ്യരായിത്തന്നെ പുറത്തായി. ജഡേജയും ഡ്വൈയ്ന്‍ ബ്രാവോയും മുംബൈയുടെ തകര്‍ച്ച പൂര്‍ണമാക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇനി നാളെ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തിലാണ് മുംബൈയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: