ആലപ്പുഴ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിന് പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ സിപിഎം നേതാക്കളുടെ ഏറാന്മൂളികളായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഔദ്യോഗികപക്ഷത്തിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പോലും സംസ്ഥാന സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ വിമര്‍ശനം ഉന്നയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. കേന്ദ്ര നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായി. സംഘടനയെ സജീവമായി കൊണ്ടുപോകാനും ചങ്കൂറ്റത്തോടെ നയിക്കാനും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ സംസ്ഥാന സെക്രട്ടറി സംഘടനയുടെ ആത്മാഭിമാനം തകര്‍ത്തതായും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് ചില സിപിഎം നേതാക്കള്‍ക്ക് പഠിക്കുകയാണെന്നും, വിമര്‍ശനങ്ങളോട് സ്വരാജ് അസഹിഷ്ണുത കാട്ടുകയാണെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡിവൈഎഫ്ഐക്ക് ഒരു സമരം പോലും വിജയിപ്പിക്കാനായില്ലെന്നും അണികള്‍ക്ക് ആവേശം പകരുന്നതിലും മാതൃകയാകുന്നതിലും നേതാക്കള്‍ പരാജയപ്പെട്ടതായും വിമര്‍ശനമുയര്‍ന്നു. ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വം നിര്ജീവമാണെന്നും ആരോപണമുയര്‍ന്നു. ദല്‍ഹി സംഭവമടക്കമുള്ള പ്രശ്നങ്ങളില്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു ഡിവൈഎഫ്ഐയെന്നും സ്ത്രീ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായും ചിലര്‍ കുറ്റപ്പെടുത്തി. കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചാ സമയം വെട്ടിക്കുറച്ചാണ് നേതൃത്വം രക്ഷപെട്ടത്. 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സംസാരിക്കാനായി അഞ്ച് മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ഇന്നലെ അനുവദിച്ചത്.
ചര്‍ച്ചകള്‍ക്കുള്ള മറുപടി നേതൃത്വം ഇന്ന് നല്‍കും. പുതിയ സംസ്ഥാന ഭാരവാഹികളെയും ഇന്ന് തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് സിപിഎം ഔദ്യോഗിക പക്ഷത്ത് തുടരുന്നത്. നിലവിലെ പ്രസിഡന്റ് എം.സ്വരാജിനെ സെക്രട്ടറിയാക്കാനാണ് പിണറായി വിജയന് അടക്കമുള്ളവരുടെ താല്പര്യം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനുമടക്കമുള്ളവര്ക്ക് നിലവിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍.ഷംസീറിനെ സെക്രട്ടറിയാക്കാനാണ് താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: