തൃശൂര്‍: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിന്റെ വിസ്താരം അടുത്ത മാസം മൂന്നിന് ഹൈക്കോടതിയില്‍ ആരംഭിക്കും. തൃശൂരിലെ അതിവേഗ കോടതി കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്കു വിധിച്ച പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷകള്‍ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബി.എ. ആളൂര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിസ്താരം ആരംഭിക്കുന്നത്.
ബലാല്‍സംഗം സംബന്ധിച്ച കേസുകള്‍ വിസ്തരിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ രൂപീകരിച്ച സ്പെഷല്‍ കോടതിയിലാണ് ഈ കേസിന്റെ വിസ്താരം നടക്കുക. ജസ്റ്റിസുമാരായ എ.വി. രാമകൃഷ്ണപിള്ള, ടി.വി. രാമചന്ദ്രന് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശി മുല്ലയ്ക്കല് ഗണേശന്റേയും സുമതിയുടേയും മകള്‍ സൗമ്യ (23)യെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംപ്പെടുത്തിയത് 2011 ഫെബ്രുവരി ഒന്നിന് രാത്രിയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ ആറാം തീയതി മരിച്ചു. പ്രതി സേലം കടലൂര്‍ സ്വദേശി വിരുതാചലം അറുമുഖന്റെ മകന് ഗോവിന്ദച്ചാമി (30)ക്ക് വധസിക്ഷയാണ് കേസ് പരിഗണിച്ച തൃശൂരിലെ അതിവേഗ കോടതി വിധിച്ചിരുന്നത്. അതിവേഗ കോടതിയിലും അഡ്വ. ബി.എ. ആളൂരാണ് ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായത്.
ഫോറന്‍സിക് അസിസ്റ്റന്റ് സര്ജന് പ്രതിഭാഗം സാക്ഷിയായി എത്തി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവാദമായതടക്കം കേസിന്റെ ഓരോ ഘട്ടവും സംസ്ഥാനത്തുടനീളം ചര്‍ച്ചാ വിഷയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: