തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ വിവാദവും കെ ബി ഗണേഷ് കുമാറിന്റെ മടങ്ങി വരവ് ചര്‍ച്ചകളും യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാക്കുന്നു. രമേശ് ചെന്നിത്തലും മുഖ്യമന്ത്രിയും അകന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും മൂര്‍ച്ഛിച്ചു. ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ തന്ത്രം മെനയാനുള്ള നീക്കത്തിലാണ് ഐ ഗ്രൂപ്പ്. അതേസമയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരസ്യമായി രംഗത്ത് എത്തിയതോടെ അനുനയശ്രമവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി മന്ത്രി കെ.സി.ജോസഫ് രാവിലെ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. 45 മിനിറ്റോളം ചര്‍ച്ച നടത്തിയിരുന്നു.
ഗണേഷിന്റെ മടങ്ങിവരവ് എന്ത് വില കൊടുത്തും തടയുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പ്രഖ്യാപിച്ചപ്പോള്‍ കെ.എം മാണി സ്വാഗതം ചെയ്യുകയാണുണ്ടായത്. കേരള കോണ്‍ഗ്രസ്(എം)ലെ ഭിന്ന സ്വരം യുഡിഎഫിലേക്കും പടരുമെന്ന് ഉറപ്പാണ്. യുഡിഎഫില്‍ മാണിയും ഷിബു ബേബി ജോണും മാത്രമാണ് ഗണേഷിന്റെ മടങ്ങിവരവിനെ അനുകൂലിക്കുന്നത്. എന്നാല്‍ മറ്റുഘടക കക്ഷികളൊന്നും ഇക്കാര്യത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഈ മാസം 30ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഗണേഷ് വിഷയം ചര്‍ച്ചയ്ക്ക് വന്നാല്‍ അത് തര്‍ക്കത്തിലേക്ക് വഴിമാറാനാണ് സാധ്യത.
യുഡിഎഫ് യോഗത്തിന് മുന്‍പ് വിവിധ കക്ഷികളുമായി ഉഭയ കക്ഷി ചര്‍ച്ച വെച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായി നടക്കില്ല. ഇന്ന് നടക്കാനിരുന്ന സിഎംപി ജെഎസ്എസ് ചര്‍ച്ചകള്‍ തന്നെ മാറ്റിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പിണങ്ങി നില്ക്കുന്ന ഐ ഗ്രൂപ്പിന്റെ നലപാടായിരിക്കും ഗണേഷ് വിഷയത്തില്‍ നിര്‍ണ്ണായകമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: