കോഴിക്കോട്: വ്യവസായ വകുപ്പിന്റെ തെറ്റായ തീരുമാനം കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (കാഡ്കോ) ഭാവി അപകടത്തിലാക്കും. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ചുരുക്കം ചില കോര്‍പ്പറേഷനുകളില്‍ ഒന്നായ കാഡ്കോയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സോമസുന്ദരത്തിന്റെ ചേംബറില്‍ ഏപ്രില്‍ 6ന് ചേര്‍ന്ന യോഗത്തില്‍ ഉണ്ടായത്. പൊതുമേഖല സ്ഥാപനങ്ങളിലേക്ക് കാഡ്കോ നടത്തിവന്നിരുന്ന സര്‍വീസ് ആന്റ് സപ്ലൈ സ്കീമില്‍പെട്ട വുഡണ്‍, സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന നിര്‍ത്തലാക്കാനാണ് ഉത്തരവ്. മെയ് ആറിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് കാഡ്കോയുടെ മേഖലാ കേന്ദ്രങ്ങളിലേക്ക് എംഡി അറിയിക്കുന്നത്.
ആര്ട്ടിസാന്മാരുടെ ഉന്നമനത്തിന് വേണ്ടി 1981ല്‍ രൂപീകരിച്ച കാഡ്കോ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം നടത്തിവരികയായിരുന്നു. സ്റ്റീല്ഫര്ണിച്ചര്, മരഫര്ണിച്ചര് എന്നിവയ്ക്കായി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകളുടെ അടിസ്ഥാനത്തിലാണ് കാഡ്കോ വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ആറു സാമ്പത്തികവര്‍ഷങ്ങളില്‍ കാഡ്കോയ്ക്ക് നല്ല സാമ്പത്തിക നേട്ടവും ഉണ്ടായി. 2007-08ല്‍ 194 ലക്ഷം രൂപയുടെയും 2009ല്‍ 500 ലക്ഷവും 2010ല്‍ 745 ലക്ഷവും 2011ല്‍ 1340 ലക്ഷവും 2012-13ല്‍ 1320 ലക്ഷം രൂപയുമായിരുന്നു കാഡ്കോയുടെ വിറ്റുവരവ്. കാഡ്കോയുടെ അറ്റാദായം 2007-08ല്‍ 11.64 ലക്ഷം രൂപയായിരുന്നെങ്കില്‍ 2012-13ല്‍ അത് 105.60ലക്ഷം രൂപയായി ഉയര്‍ന്നു. 2007-2008ല്‍ 261900 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയായി അടച്ചതെങ്കില്‍ 2012-13ല്‍ അത് 1782000 രൂപയും മുതല്‍കൂട്ടി. സംസ്ഥാനത്തെ 44 പൊതുമേഖലാസ്ഥാപനങ്ങളില്‍ 22ഉം നഷ്ടത്തിലായപ്പോഴാണ് 2012-13 വര്‍ഷത്തില്‍ ആര്‍ട്ടിസാന്‍സ് വികസന കോര്പ്പറേഷന് 22.80 ലക്ഷം രൂപ ലാഭത്തിലാക്കിയത്.
ഫര്‍ണ്ണിച്ചര്‍ വിതരണരംഗത്ത് കോര്‍പ്പറേറ്റ് ശൃംഖലകളുടെ വരവാണ് വ്യവസായവകുപ്പിന്റെ പുതിയ തീരുമാനത്തിന്റെ പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2012 സപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഇറ്റാലിയന്‍ കമ്പനിയായ കഗഋഅ എന്നകമ്പനിയുമായി ഫര്‍ണിച്ചര്‍ വിതരണത്തിന് കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. നൂര്ശതമാനം വിദേശനിക്ഷേപമുള്ള ഈ കമ്പനി മുഖേനയാണ് സര്‍ക്കാര്‍തലത്തിലുള്ള ഫര്‍ണിച്ചര്‍ വിതരണം നടക്കുക. ഈ കമ്പനിയുടെ വരവിന് സൗകര്യമൊരുക്കുകയാണ് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ പിന്നിലെന്നാണ് ആരോപണം. പരമ്പരാഗത മരപ്പണിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഉണ്ടാക്കപ്പെട്ട കാഡ്കോ തന്നെ ഫര്‍ണിച്ചര്‍ വിതരണരംഗത്തുനിന്ന് പിന്മാറുന്നതോടെ ഈ മേഖലയിലും സാധാരണക്കാര്‍ പിന്തള്ളപ്പെടുമെന്ന് തീര്‍ച്ച. വിദേശകമ്പനികള്‍ക്ക് വഴിയൊരുക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഇതോടെ കാഡ്കോയുടെ പ്രവര്‍ത്തനവും സ്തംഭിക്കും.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: