അഞ്ചല്‍: ഊരുവിലക്കും ഉപരോധവും അതിജീവിച്ച് 142 ദിവസമായി തുടരുന്ന അരിപ്പയിലെ ഭൂസമരത്തിന് ആവേശം പകര്‍ന്ന് ആറന്മുള സമരനായകന് കുമ്മനം രാജശേഖരന്. കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റസമിതി നേതാവ് ശ്രീരാമന് കൊയ്യോന്‍ കുമ്മനത്തെ വരവേറ്റു.
സമരഭൂമിയില്‍ തയാറാക്കിയ മൂന്ന് കൗണ്ടറുകളില്‍ നിന്നും ആയിരങ്ങള്‍ കുമ്മനത്തെയും കൊയ്യേനെയും അനുഗമിച്ചു. രണ്ടാംകൗണ്ടറില് നടന്ന സമ്മേളനത്തില്‍ സമരക്കാര്‍ക്ക് വേണ്ടി സി.കെ. തങ്കപ്പനും അബ്ദുള്‍ സലാമും കുമ്മനം രാജശേഖരനെ സ്വീകരിച്ചു.
മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ പിന്തുടരുന്നവരെ കാണണമെങ്കില്‍ ഈ സമരഭൂമിയിലെത്തിച്ചേരണമെന്ന കുമ്മനത്തിന്റെ ആഹ്വാനം നീണ്ടുനിന്ന കരഘോഷത്തോടെ വനവാസി സമൂഹം സ്വീകരിച്ചു. അരിപ്പയിലേക്കുള്ള വരവ് തനിക്ക് തീര്‍ത്ഥാടനമാണെന്ന് കുമ്മനം പറഞ്ഞു. വേദനിക്കുന്നവരിലാണ് ഈശ്വരന്. ഈ കണ്ണീര് സമൂഹത്തിന്റെ കണ്ണീരാണ്. ഇവിടെ ഇനിമേലില്‍ ഞങ്ങളും നിങ്ങളുമില്ല, നമ്മള് മാത്രമേയുള്ളു എന്ന് കുമ്മനം പറഞ്ഞു.
‘കുന്നിടിച്ച് മണ്ണെടുത്ത് പാടംനികത്തി പഞ്ചനക്ഷത്ര ഹോട്ടലും ഇന്റര്‍നാഷണല്‍ സ്കൂളും വിമാനത്താവളവും പണിയുകയാണ് സര്‍ക്കാര്‍. പഠിക്കാന്‍ വകയില്ലാത്തവന്റെയും കിടക്കാന്‍ ഭൂമിയില്ലാത്തവന്റെയുമൊപ്പം ഭരണകൂടമില്ല. മരിക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിക്കുക, ജയിക്കാനായി പൊരുതുമെന്ന് പ്രഖ്യാപിക്കുക, അടിച്ചമര്‍ത്താനും ആട്ടിപ്പായിക്കാനും സ്വപ്നം കാണുന്നവര്‍ക്ക് അതൊരു പേക്കിനാവാണെന്ന് വേഗത്തില്‍ മനസ്സിലാകും. ഈ ഭൂമി ഭൂരഹിതരുടേതാണ്. അവകാശപ്പെട്ട ഭൂമിക്ക് വേണ്ടിയാണ് സമരം. കുടിക്കാനുള്ള വെള്ളത്തിന് വേണ്ടിയാണ് സമരം. ആരുടെയും ഔദാര്യത്തിന് വേണ്ടിയല്ല നമ്മള് നിലകൊള്ളുന്നത്-‘.
അറുപതിനായിരം ഹെക്ടര്‍ ഭൂമി ഹാരിസണ്‍ കൈയടക്കി വച്ചിരിക്കുന്നു. ഭൂരഹിതരെ സംരക്ഷിക്കാന്‍ നിയമമുണ്ട്. വനഭൂമി സംരക്ഷിക്കാന്‍ നിയമമുണ്ട്, തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ നിയമമുണ്ട്. ആ നിയമങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അനധികൃതമായി ഒന്നും സര്‍ക്കാര്‍ ചെയ്യേണ്ട. അര്ഹതപ്പെട്ടവന് നല്കാന് തയാറാകണം. അരിപ്പയിലെ സമരത്തോടൊപ്പം ഹിന്ദുഐക്യവേദി നിലയുറപ്പിക്കും. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയല്ല, ഉന്നതമായ സംഘടനാ ബോധം പഠിപ്പിച്ച സാഹോദര്യഭാവനയില് നിന്നാണ് ഈ ഐക്യദാര്‍ഢ്യമെന്ന് കുമ്മനം പ്രഖ്യാപിച്ചു. സമരക്കാര്‍ വഴിയില്‍കെട്ടിയ ചെണ്ടയല്ലെന്നും ആര്‍ക്കും അവരെ കയറി തല്ലാമെന്നുള്ളത് വ്യാമോഹമാണെന്നും കുമ്മനം പറഞ്ഞു.
അടുക്കളയില്‍ അടുപ്പുപൊളിച്ച് പട്ടികജാതി സമൂഹം മൃതശരീരം മറവ് ചെയ്യുമ്പോള്‍ വന്‍കിട പദ്ധതികള്‍ക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് വികസനത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല. സമരത്തിനെതിരെ എന്താക്ഷേപം വന്നാലും ഗീബല്‍സിയന്‍ നുണകള്‍ ആവര്‍ത്തിച്ചാലും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഈ സമരത്തിന് ഹിന്ദുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിസ്സഹായരായ പാവപ്പെട്ടവര്‍ക്ക് അന്തിയുറങ്ങാനും കൃഷിചെയ്യാനുമുള്ള അവകാശത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ദളിത് വിഭാഗങ്ങള്‍ ഇന്നും ടാര്‍പാളിന്‍ മറയ്ക്കുള്ളില്‍ കഴിയുകയാണെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമരഭൂമിയില്‍ സംഘര്‍ഷം സൃഷ്ടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹായിക്കാന്‍ ഓടിവന്ന ഹിന്ദുസംഘടനകളെ നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയു. പ്രതിസന്ധി ദാരിദ്ര്യത്തിന്റെ രൂപത്തില്‍ വന്നപ്പോള്‍ അവരാണ് സ്നേഹം തന്നതെന്നും ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
രാവിലെ പത്തിന് സമരഭൂമിയിലെത്തിയ കുമ്മനത്തെ ആദിവാസി ദളിത് ഏകോപനസമിതി അധ്യക്ഷന്‍ ശ്രീരാമന് കൊയ്യോന്‍ ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് സമരസമിതി നേതാക്കളോട് അദ്ദേഹം വിവിധ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. ശേഷം അറുപത്തിഅഞ്ച് ഏക്കര്‍ വരുന്ന മിച്ചഭൂമിയിലെ മൂന്ന് കൗണ്ടറുകളിലായിക്കിടക്കുന്ന 1200ല്‍പരം കുടിലുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രോഗം മൂര്‍ച്ഛിച്ച വൃദ്ധര്‍, പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍, ഉപരോധം നിമിത്തം തൊഴിലിന് പോകാന്‍ കഴിയാത്തവര്‍ എന്നിവരോടൊക്കെ അദ്ദേഹം പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. സമരഭൂമിയില്‍ പിറന്ന ശബരിജ എന്ന പിഞ്ചുകുഞ്ഞിനെയും അമ്മയെയും കുമ്മനം സന്ദര്‍ശിച്ചു. കണ്ണുനീരോടെ ഓടിവന്ന സത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളോട് നന്ദി പറഞ്ഞ് ഉച്ചയോടെ അദ്ദേഹം സമരഭൂമി വിട്ടു. കുമ്മനത്തോടൊപ്പം ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറിമാരായ മഞ്ഞപ്പാറ സുരേഷ്, പുത്തൂര്‍ തുളസി, ഗോപാലകൃഷ്ണന്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സമിതിഅംഗം എന്‍. ഉണ്ണികൃഷ്ണന്, വനവാസി വികാസകേന്ദ്രം ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എസ്. രാമനുണ്ണി തുടങ്ങിയവരുമുണ്ടായിരുന്നു.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: