ആലപ്പുഴ: ഡിവൈഎഫ്ഐയില്‍ അടിമുടി വിഭാഗീയതയെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. കാസര്‍കോഡ് ഒഴികെയുള്ള ഏതാണ്ട് എല്ലാ ജില്ലാ കമ്മറ്റികള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുള്ളത്. യൂണിറ്റ് മുതല്‍ ഏരിയ തലം വരെ സംഘടന പൂര്‍ണമായും നിര്‍ജീവമാണ്. യുവജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ സംഘടനയ്ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഡിവൈഎഫ്ഐ കമ്മറ്റികളില്‍ വിഭാഗീയത ശക്തമായി തുടരുന്നു. കാസര്‍കോഡ് ജില്ല മാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അവിടെ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളെ സിപിഎം നേതൃത്വം അടിച്ചേല്‍പിക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു.
നേതൃത്വത്തിന്റെ പ്രായപരിധി കുറയ്ക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കി. സംഘടനാ രംഗത്ത് ഡിവൈഎഫ്ഐക്ക് കാര്യമായ ശോഷണം സംഭവിച്ചു. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരുടെ കുറവ് വരാന്‍ കാരണം ഇതാണെന്നും യുവാക്കളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ സംഘടനാ വര്‍ഷങ്ങളില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭ്യസ്തവിദ്യരായ യുവതലമുറ സംഘടനയില്‍ നിന്നകലുകയാണ്. ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങളെ കൂടുതല്‍ സജീവമാകാനും അണികളെ ആഹ്വാനം ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാര്‍ പെന്ഷന് പ്രായം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പോലും ശക്തമായ സമരം നടത്താന്‍ സംഘടനയ്ക്ക് സാധിച്ചില്ലെന്നും സ്വയം വിമര്‍ശനമുണ്ട്. മുഴുവന്‍ യുവജനപ്രസ്ഥാനങ്ങളെയും ഒരുമിച്ച് അണിനിരത്തി യുവാക്കളുടെ ആകെ നേതൃത്വം ഡിവൈഎഫ്ഐ സ്വീകരിക്കേണ്ടതായിരുന്നുവെന്നും വിലയിരുത്തുന്നുണ്ട്.
അതിനിടെ സമ്മേളനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പോലും സമ്മേളനത്തിന്റെ രക്ഷാധികാരിയും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ചിത്രം പോലും ഉള്‍പ്പെടുത്താതിരുന്നതില്‍ സംഘടനയ്ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വിഎസുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശം പോലും സപ്ലിമെന്റില്‍ ഇല്ല. ആലപ്പുഴ ജില്ലയില്‍ നടന്ന സമരപോരാട്ടങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും അതിലൊന്നും തന്നെ വിഎസിനെ പരാമര്‍ശിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലാണ് വി.എസ്.അച്യുതാനന്ദന്റെ പേര് ആന്റണിക്കും പിന്നിലായി ജി.സുധാകരന് പരാമര്‍ശിച്ചത്.
ഇന്നലെ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് തുടരും. സംസ്ഥാന നേതൃത്വത്തിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയരാനാണ് സാധ്യത. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.ബി.ചെറിയാനെ പോലും അനുസ്മരിച്ച സമ്മേളനം മുന്‍കാല ഡിവൈഎഫ്ഐ നേതാവായ ടി.പി.ചന്ദ്രശേഖരനെ മറന്നുകളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: