കൊച്ചി: സിനിമാ നടന് കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റി വച്ചു. വനപാലകരെ മര്‍ദ്ദിച്ചെന്ന കേസിലാണ് മണി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ നിരപരാധിയാണെന്നും സുഹൃത്തിന്റെ ഭാര്യയെ വനപാലകര്‍ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ കേസെടുത്തതെന്നും മണി ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വനപാലകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും മണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മണിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന് ശക്തമായി എതിര്‍ത്തു. മണിക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ഡിജിപി ആസിഫ് അലി വാദിച്ചു. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രകോപനം കൂടാതെയാണ് മണി വനപാലകരെ മര്‍ദ്ദിച്ചത്. ഒരാളിന്റെ മൂക്കിന്റെ പാലം ഒടിഞ്ഞിട്ടുണ്ട്. നടന്റെ വാഹനം പരിശോധിച്ചത് ഇഷ്ടപ്പെടാതെയാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മണിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനപാലകരാണ് ആദ്യം പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണിയുടെ സുഹൃത്തിന്റെ ഭാര്യ ജയാഗോപിനാഥ് ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്നു കാട്ടി പകരം പരാതി നല്‍കിയത്. അതിനാല്‍ ഈ പൊള്ളയായ വാദങ്ങള്‍ പരിഗണിച്ച് മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ് ചന്ദ്രന് വിധി പറയാനായി മാറ്റി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: