തിരുവനന്തപുരം: കെ.ബി ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ ഇതിനെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തി. ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ല. ഗണേഷ് ഇപ്പോഴും പാപിയായി തുടരുകയാണെന്നും യാമിനി ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഗണേഷിനെ മന്ത്രിയാക്കണമെങ്കില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും ഒറ്റക്കക്ഷി ഭരണമാണെങ്കില്‍ മാത്രമേ മുഖ്യമന്ത്രിക്ക് താല്പര്യമുളള ആളെ മന്ത്രിയാക്കാനാകൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് (ബി) യ്ക്ക് രണ്ട് മന്ത്രി സ്ഥാനത്തിന് അര്‍ഹതയില്ല. ക്യാബിനറ്റ് റാങ്കിലാണ് ബാലകൃഷ്ണ പിള്ള മുന്നോക്ക കമ്മീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു എംഎല്‍എ മാത്രമുള്ള ഷിബു ബേബി ജോണിന്റെ പാര്‍ട്ടിക്കും അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും ഇതേ കാബിനറ്റ് റാങ്ക് പദവികള്‍ നല്‍കേണ്ടിവരും.
വെറുതെ വേലിയിലിരിക്കുന്ന വയ്യാവേലി എടത്ത് തോളില്‍ വെയ്ക്കുന്ന അനുഭവമായിരിക്കുമിതെന്നും പി.സി ജോര്‍ജ് പറഞ്ഞു. യുഡിഎഫിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുള്ളതാണ്. ജി. സുകുമാരന്‍ നായര്‍ കുടുംബത്തില്‍ പിറന്നവനാണ്. അദ്ദേഹം ഇക്കാര്യത്തില്‍ രണ്ടഭിപ്രായം പറയില്ലെന്നും ഗണേഷിനെ മന്ത്രിയാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: