തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം മോഹിച്ച് തെക്കുവടക്ക് നടക്കുകകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അടിതെറ്റിയാല്‍ ആനയും താഴെ വീഴും. പെരുന്നയില്‍ നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടതാണ് ചെന്നിത്തലയുടെ വീഴ്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്ത വീണത് സ്വയം കുഴിച്ച കുഴിയിലാണ്. സാമുഹ്യനീതി നടപ്പാക്കുന്നതിനു വേണ്ടി സുകുമാരന്‍ നായര്‍ സംസാരിച്ചപ്പോള്‍ സമുദായത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ഭരണം നടത്താനാകില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചെന്നിത്തല തന്നെ കെപിസിസി പ്രസിഡന്റ് ആയതല്ല. പ്രത്യേക സാഹചര്യത്തില്‍, പ്രത്യേക സമുദായ പരിഗണനയിലാണ് ചെന്നിത്തലയ്ക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം കിട്ടിയത്.
ചെന്നിത്തല നല്ല കെപിസിസി പ്രസിഡന്റായിരുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വെറും രണ്ട് സീറ്റില്‍ ഒതുങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പെരുന്നയെ കൈവിട്ട ഡെഡ്ബോഡിയെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും യുഡിഎഫ് പ്രാകൃതാവസ്ഥയിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി ബുദ്ധിമാനായതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാക്ഷാല്‍ ബാലകൃഷ്ണപിള്ളയുടെ അനുഗ്രഹത്തില്‍ മാത്രമേ ഗണേഷിന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കുകയുള്ളൂ. യുഡിഎഫ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. തന്നെപ്പോലുളള സമുദായ നേതാക്കള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: