കൊച്ചി: എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളില്‍ പലതിനും അനുമതി പത്രം കൈമാറുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴ്വാക്കായി. കഴിഞ്ഞ സപ്തംബര്‍ 12 മുതല്‍ 14 വരെയാണ് വ്യവസായവകുപ്പ് മുന്‍കയ്യെടുത്ത് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. മൂന്നുദിവസം നടന്ന സംഗമത്തില്‍ 2,183 ബിസിനസ് സംരംഭകരാണ് പങ്കെടുത്തത്. 40,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ സംഗമിച്ചതില്‍ ലഭിച്ചതായാണ് സമാപന ദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെടുന്ന പദ്ധതികളില്‍ കൂടുതല്‍ പഠനങ്ങളും മറ്റും ആവശ്യമായി വരുന്നവ ഒഴികെ മറ്റുള്ളവയ്ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനകം അനുമതി പത്രം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ഉറപ്പ്. എന്നാല്‍ സംഗമം അവസാനിച്ച് എട്ടുമാസം കഴിഞ്ഞിട്ടും ഒരു സംരംഭത്തിന് പോലും അനുമതി നല്കാന് കഴിഞ്ഞിട്ടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നോഡല്‍ ഏജന്‍സിയായ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാകുന്ന വിവരം. പദ്ധതികളുടെ പുരോഗതി എവിടെ വരെയായി എന്ന ചോദ്യത്തിന് തുടര്‍ നടപടികള്‍ അതതു വകുപ്പു സെക്രട്ടറിമാര്‍ മുഖേന നടന്നുവരുന്നു എന്നാണ് കെഎസ്ഐഡിസിയുടെ വിശദീകരണം. ആകെ ലഭിച്ച 176 വ്യവസായ നിക്ഷേപ സംരംഭങ്ങളില്‍ 48 എണ്ണം കെഎസ്ഐഡിസിയും കിന്‍ഫ്രയും ചേര്‍ന്ന് പരിശോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതില്‍ 25 പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണെങ്കിലും ഒന്നിനു പോലും അനുമതി പത്രം കൈമാറിയിട്ടില്ലെന്നുമാണ് ലഭിക്കുന്ന സൂചന.
ആഗോള നിക്ഷേപക സംഗമത്തിലൂടെ ലഭിച്ച പദ്ധതികളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ ഏകജാലക സംവിധാനം വഴിയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാളിതുവരെയായി അത്തരം സംവിധാനം രൂപപ്പെടുത്തിയിട്ടില്ലെന്നാണ് വ്യവസായവകുപ്പിലെ ഉന്നതര്‍ നല്കുന്ന വിവരം.
ആഗോള നിക്ഷേപകസംഗമത്തിലൂടെ ലഭിച്ച 48 പദ്ധതികളില്‍ ഭൂരിഭാഗവും തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് മുഖ്യകാരണം. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കിയത് ആട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സ് ഉള്‍പ്പെടെ രണ്ടുപദ്ധികള് മാത്രമാണ്.
എമര്‍ജിംഗ് കേരളയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയാക്കിയ പദ്ധതികള്‍ എല്ലാം ഉപേക്ഷിച്ചതായാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചത്. അതേസമയം എയര്‍ കേരള പ്രാരംഭത്തില്‍ തന്നെ ഉപേക്ഷിക്കപ്പെട്ടു. ചുരുക്കത്തില്‍ 15 കോടിയോളം ചെലവാക്കി നടത്തിയ ‘എമര്‍ജിംഗ് കേരള’ ആഗോള നിക്ഷേപക സംഗമം കൊണ്ട് കാര്യമായ നേട്ടമൊന്നും സംസ്ഥാനത്തിനുണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് അധികൃതരുടെ വിശദീകരണത്തില്‍ നിന്നും ലഭിക്കുന്നത്.
എം.കെ.സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: